തെറ്റുണ്ടെങ്കിൽ തിരുത്തും: വി.ഡി. സതീശൻ

കൊച്ചി: തനിക്കെതിരായ വിമർശനങ്ങൾ വിലയിരുത്തി തെറ്റുകളുണ്ടെങ്കിൽ തിരുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിമർശനത്തിന് അതീതനല്ല. സാമുദായിക നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും തന്റെ പാർട്ടിക്കാർക്കും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിയിലുള്ളവർ പാർട്ടി വേദികൾ ഉപയോഗിക്കണമെന്ന് മാത്രം. പദവികൾ വഹിക്കുന്നവർ വിമർശനങ്ങളിൽ അസ്വസ്ഥരാകരുത്.

എൻ.എസ്.എസിനെക്കുറിച്ച് 2021ലും 23ലും പറഞ്ഞ കാര്യങ്ങളാണ് കഴിഞ്ഞ ദിവസവും പറഞ്ഞത്. എല്ലാ ഹൈന്ദവ സംഘടനകളെയും സംഘപരിവാർ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ എൻ.എസ്.എസ് പ്രതിരോധിച്ചതിനെ നേരത്തേയും അഭിനന്ദിച്ചിട്ടുണ്ട്. എല്ലാ ജാതി, മത വിഭാഗങ്ങളെയും ചേർത്തു നിറുത്തി പ്രവർത്തിക്കുമ്പോൾ അഭിപ്രായ ഭിന്നതകൾ സാധാരണമാണ്. പല കാരണങ്ങളാൽ 2021ൽ യു.ഡി.എഫിനൊപ്പമില്ലാതിരുന്ന ഒരുപാട് വിഭാഗങ്ങൾ തിരിച്ചെത്തി.

എം.ആർ. അജിത്കുമാറിന് ഡി.ജി.പിയായി പ്രൊമോഷൻ നൽകുമെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ദൂതനായാണ് അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത്. നാലു ലക്ഷത്തിലേറെ വോട്ടിന് പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്ന് വിജയരാഘവനല്ലാതെ ആരും പറയില്ല. സംഘപരിവാറിനെ പോലും നാണം കെടുത്തുന്ന വർഗീയ പ്രചാരണമാണ് സി.പി.എമ്മിന്റേതെന്നും സതീശൻ പറഞ്ഞു.


Source link
Exit mobile version