വിജിലൻസിന്റെ മിന്നൽ പരിശോധന; നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി.ഒയ്‌ക്ക് , ജി-പേ വഴി മാസം ഒരു ലക്ഷം കൈക്കൂലി

തിരുവനന്തപുരം: നെയ്യാ​റ്റിൻകര ജോയിന്റ് ആർ.ടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ജോയിന്റ് ആർ.ടി.ഒയുടെ ഏജന്റായ സ്വകാര്യ വാഹന ഡ്രൈവറിൽ നിന്ന് 3500 രൂപ പിടിച്ചെടുത്തു. ഏജന്റുമാർ ജോയിന്റ് ആർ.ടി.ഒയ്ക്കുവേണ്ടി ഡ്രൈവറുടെ ഗൂഗിൾപേ നമ്പരിലേക്ക് പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വച്ച് അയച്ചതായി കണ്ടെത്തി.

നെയ്യാ​റ്റിൻകര സബ് ആർ.ടി ഓഫീസിൽ നിന്ന് കൈക്കൂലി നൽകാതെ ജനങ്ങൾക്ക് സേവനം ലഭിക്കാത്തത് വിജിലൻസ് വിശദമായി അന്വേഷിക്കും. നടപടി റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌ത അറിയിച്ചു. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഇക്കൊല്ലം വിജിലൻസ് മിന്നൽപരിശോധനകളിലൂടെ 7.83 കോടി രൂപ പിഴ ചുമത്തി. ജി.എസ്.ടി വകുപ്പ് 11.37 ലക്ഷം രൂപയും മോട്ടോർ വാഹന വകുപ്പ് 1.05 കോടി രൂപയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് 6.71 കോടി രൂപയും പിഴ ഈടാക്കി. 42 പേരെയാണ് അറസ്​റ്റുചെയ്‌തത്.


Source link
Exit mobile version