സാബുവിന്റെ ആത്മഹത്യ: ജീവനക്കാർ മോശമായി പെരുമാറിയെങ്കിൽ നടപടിയെന്ന് സൊസൈറ്റി പ്രസിഡന്റ്
കട്ടപ്പന: സഹകരണബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാതെ ജീവനൊടുക്കിയ സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വർഗീസ് പറഞ്ഞു. മോശം പെരുമാറ്റമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം ഉറപ്പുനൽകി. അടിമേടിക്കേണ്ട സമയം കഴിഞ്ഞുവെന്നും പണിതരാം എന്നും സി പി എം കട്ടപ്പന ഏരിയ മുൻ സെക്രട്ടറി വി ആർ സജി ഫോണിലൂടെ സാബുവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ജീവനക്കാരുടെ പെരുമാറ്റത്തിനെതിരായ ആരോപണങ്ങളടക്കം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
‘സഖാവേ, എന്റെ വൈഫ് യൂട്രസുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എനിക്ക് ഉടനെ രണ്ട് ലക്ഷം രൂപ വേണം. സൊസൈറ്റിയിൽ ചെന്നപ്പോൾ ബിനോയ് എന്നെ പിടിച്ച് തള്ളി പ്രശ്നം ഉണ്ടാക്കി’ എന്ന് സജിയോട് സാബു പറഞ്ഞപ്പോഴായിരുന്നു ഭീഷണിപ്പെടുത്തൽ. ‘നിങ്ങൾക്ക് ഈ മാസത്തെ പൈസ തന്നിട്ട് നിങ്ങൾ അവരെ പിടിച്ചു തള്ളി വിഷയം ഉണ്ടാക്കേണ്ട കാര്യമില്ല. ഇതറിഞ്ഞിട്ട് മിണ്ടാണ്ടിരിക്കുന്നതാണ്. നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് പണി അറിയാഞ്ഞിട്ടാണ്. പണി മനസ്സിലാക്കി തരാം’ എന്നായിരുന്നു സജിയുടെ ഭീഷണി.
അതിനിടെ, സാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ് നീക്കം ശക്തമാക്കി. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകൾ ചേർക്കാനാണ് തീരുമാനം.സാബുവിന്റെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനയ്ക്ക് അയക്കാനായി കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്. പ്രത്യേക അന്വേഷണം സംഘം ഇന്ന് മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും.
സാബു ബാങ്കിലെത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Source link