കെ റെയിൽ പൂട്ടിക്കെട്ടിയ മട്ടാണെങ്കിലും തീരാദുരിതത്തിൽ കഴിയുന്നത് നൂറുകണക്കിനുപേർ, കോടതി പറഞ്ഞിട്ടും സർക്കാർ കേൾക്കുന്നില്ല

തിരുവനന്തപുരം: കൂട്ടായ എതിർപ്പിനെത്തുടർന്ന് സിൽവർലൈൻ പദ്ധതി മരവിപ്പിച്ചെങ്കിലും സ്വകാര്യഭൂമിയിലെ മഞ്ഞക്കുറ്റികൾ ജനങ്ങൾക്ക് കീറാമുട്ടിയായി തുടരുന്നു. കല്ലിട്ട ഭൂമിയുടെ ക്രയവിക്രയം ത്രിശങ്കുവിലായി. ബാങ്കുകൾ വായ്പ നൽകുന്നില്ല. നിർമ്മാണങ്ങൾക്കുള്ള അനുമതിയും ലഭിക്കുന്നില്ല. പദ്ധതിയിൽ പ്രതിഷേധിച്ച് സമരം നടത്തിയ ആയിരത്തിലേറെ പേർക്കെതിരെ എടുത്ത കേസുകളും ഇതുവരെ പിൻവലിച്ചില്ല.

11ജില്ലകളിലായി 6737മഞ്ഞക്കുറ്റിയാണ് സ്ഥാപിച്ചത്. അതിനെതിരെ സമരം നടത്തിയവരുടെ പേരിൽ 250ലേറെ കേസുകൾ രജിസ്റ്റർചെയ്തു. കേസുകൾ പിൻവലിച്ചാൽ ജനങ്ങൾക്ക് ആശ്വാസമാവുമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞിട്ടും സർക്കാർ ചെവിക്കൊണ്ടില്ല. കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല. നിലവിലെ റെയിൽപ്പാതയെ ഇരട്ടലൈനുകളാക്കി പദ്ധതിയുടെ ഡി.പി.ആർ മാറ്റാനാണ് കേന്ദ്രനിർദ്ദേശം. പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലാവുന്നവർ നശിപ്പിച്ച പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവയ്ക്കണം. മഞ്ഞക്കല്ലൊന്നിന് 5000രൂപ വരെയാണ് ഈടാക്കുക. 200പേർക്ക് ഇതുവരെ സമൻസ് ലഭിച്ചു. അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേർക്ക് 25,000 രൂപ കെട്ടിവച്ചശേഷമാണ് ജാമ്യം അനുവദിച്ചത്. 5000മുതൽ 10,000വരെ പിഴയടയ്ക്കാൻ നിരവധി പേർക്ക് നോട്ടീസ് ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ച കേസുകൾ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ്.

കൈയൊഴിഞ്ഞ് സർക്കാ‌ർ

സർവേ നടത്തിയെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരണ രജിസ്ട്രാർ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ദേശസാത്കൃത ബാങ്കുകൾക്ക് ഇത്തരം നിർദ്ദേശം ബാങ്കേഴ്സ് സമിതിയിൽ നിന്ന് ലഭിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറങ്ങുംവരെ ഭൂമിയിൽ നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകാനും ഇടയില്ല. വിജ്ഞാപനം ഭൂമിയേറ്റെടുക്കലിനല്ലായിരുന്നെന്നും സർവേക്കാണെന്നും പറഞ്ഞ് കൈകഴുകുകയാണ് സർക്കാർ.

₹1.48 കോടി

6737 മഞ്ഞക്കുറ്റി സ്ഥാപിച്ച ചെലവ്

24,000

മഞ്ഞക്കുറ്റിയിടാനായിരുന്നു പദ്ധതി

”സിൽവർലൈൻ ഉപേക്ഷിക്കാനാവുന്നതല്ല, കേന്ദ്രാനുമതി കിട്ടിയ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങും.

-മുഖ്യമന്ത്രി പിണറായിവിജയൻ

(നിയമസഭയിൽ പറഞ്ഞത്)


Source link
Exit mobile version