ഒന്നിനും തെളിവില്ല, എല്ലാം ഓ കെയാണ്: അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ എഡിജിപി എം.ആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. റിപ്പോർട്ട് ഉടൻതന്നെ ഡിജിപിക്ക് സമർപ്പിക്കും.
സ്വർണക്കടത്ത് കേസിൽ പി വി അൻവർ എംഎൽഎയ്ക്ക് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കവടിയാറിലെ ആഡംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ സുപ്രധാന കണ്ടെത്തൽ. വീട് നിർമ്മിക്കുന്നതിനെക്കുറിച്ച് യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫ്ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചുവിറ്റതിലൂടെ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണവും ശരിയല്ലെന്നാണ് കണ്ടെത്തൽ.കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പിവി അൻവർ എം എൽഎ തള്ളിക്കളഞ്ഞിട്ടുണ്ട്.
അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ ഉൾപ്പെടെ ഇത് ചർച്ചയാവുകയും ചെയ്തു. അതിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് അന്വേഷണ റിപ്പോർട്ടിലെ ക്ലീൻ ചിറ്റിനെക്കുറിച്ചുളള വാർത്ത പുറത്തുവരുന്നത്. ഇതും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും.
Source link