‘കൊച്ചിൻ സബോട്ടാഷ്’ – ഫോർട്ട്കൊച്ചി കുരിശിങ്കൽ വീട്ടിൽ തോമസ് ബർലി കുടുംബ ബിസിനസ് ഏറ്റെടുക്കാൻ നാട്ടിലേക്കു മടങ്ങിയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഷൂട്ട് ചെയ്ത ആദ്യ മുഴുനീള ഹോളിവുഡ് സിനിമയുടെ പേര് ഇതാകുമായിരുന്നു. മർലൻ ബ്രാൻഡോയെ നായകനാക്കി വാർണർ ബ്രദേഴ്സ് നിർമിക്കാൻ ഒരുക്കമായിരുന്ന ആ സിനിമയുടെ സംവിധായകൻ തോമസ് ബർലിയാകുമായിരുന്നു. ഏണസ്റ്റ് ഹെമിങ്‌വേയുടെ ‘ഓൾഡ്മാൻ ആൻഡ് ദ് സീ’യുടെ ഷൂട്ടിങ് നടക്കുന്നതിനിടയിലാണു തോമസ് ബർലി ‘കൊച്ചിൻ അട്ടിമറി’യെന്ന കഥ വാർണർ ബ്രദേഴ്സിനോടു പറയുന്നത്.
ഇങ്ങനെയൊരു വ്യത്യസ്ത ‘പരിപാടിയെ’ പറ്റി ആ സമയം തോമസ് ബർലി പറഞ്ഞാൽ വാർണർ ബ്രദേഴ്സ് കുത്തിയിരുന്നു കേൾക്കുമായിരുന്നു. അങ്ങനെയൊരു മാജിക്കാണു വാർണർ ബ്രദേഴ്സിനു വേണ്ടി തോമസ് ബർലി ചെയ്തത്. മലയാളത്തിൽ ‘കിഴവനും കടലും’ എന്ന പേരിൽ പ്രശസ്തമാണു ഹെമിങ്‌വേയുടെ നോവൽ. സിനിമയാക്കുമ്പോൾ അതിലെ പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിക്കേണ്ടത് അറ്റ്ലാന്റിക് സമുദ്രത്തിലാണ്, വാർണർ ബ്രദേഴ്സിനെ അന്നതു സാധിക്കുമായിരുന്നുള്ളു. ഹോളിവുഡിലെ ഏറ്റവും മികച്ച സിനിമാ സാങ്കേതിക വിദഗ്ധരെല്ലാം അവർക്കൊപ്പമുണ്ട്. നായകകഥാപാത്രമായ ‘സാൻഡിയാഗോ’യെ അവതരിപ്പിക്കുന്നതു സ്പെൻസർ ട്രേസിയാണ്.
കൊച്ചിൻ ‘മാജിക്’
ബോട്ടിൽ ക്യാമറ പിടിപ്പിച്ചു കടലിലുള്ള ഷൂട്ടിങ് 1958 കാലത്ത് ഇന്നത്തെ പോലെ എളുപ്പമല്ലായിരുന്നു. പലതവണ ശ്രമിച്ചെങ്കിലും വിചാരിച്ചതു പോലെ നടക്കാതെ വന്നപ്പോഴാണ് നമ്മുടെ കഥാനായകൻ തോമസ് ബർലിയുടെ രംഗപ്രവേശം, മാസ് എൻട്രിയെന്നും പറയാം. നോവലിലെ ഏറ്റവും പ്രധാന കഥാപാത്രം കടൽ തന്നെയാണ്. ആ കടലിനെ വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയുടെ മുറ്റത്ത് ഒരുക്കാമെന്നാണു തോമസ് ബർലിയുടെ വാഗ്ദാനം.
കുട്ടിക്കാലത്തു ക്രിസ്മസിനു പുൽക്കൂട് ഉണ്ടാക്കുമ്പോൾ മേശപ്പുറത്തു ബത്‌ലഹം തന്നെ ലാഘവത്തോടെ സൃഷ്ടിച്ചെടുക്കുന്ന കൊച്ചിക്കാരുടെ മാജിക് തോമസ് ബർലി ഹോളിവുഡിൽ ആവർത്തിച്ചു. വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയുടെ മുറ്റത്തു കടലും ചക്രവാളവും വെള്ളവും അതിൽ വലിയൊരു മീനും സ്പെൻസർ ട്രേസിക്കു കയറിയിരുന്ന് അഭിനയിക്കാനുള്ള വള്ളവും റെഡിയായി. കടൽ തന്നെയാണെന്നു തോന്നിപ്പിക്കാൻ ക്യാമറ വയ്ക്കേണ്ട ഇടങ്ങളും രേഖപ്പെടുത്തിയാണു ബർലി പണിപറ്റിച്ചത്. അതു കണ്ട് സംവിധായകൻ ജോൺ സ്റ്റർജസും നായകനടൻ സ്പെൻസർ ട്രേസിയും മാത്രമല്ല നടുങ്ങിയത്, ഹോളിവുഡ് തന്നെ കിടുങ്ങിപ്പോയി.
വീണ്ടും തോമസ് ബർലി അവരെ ഞെട്ടിച്ചു. ആദ്യദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു എല്ലാവരും മടങ്ങി. പിറ്റേന്നു നേരം പുലർന്നപ്പോൾ കടലിനു മുകളിലെ ആകാശവും മേഘവിതാനവും പാടെ മാറിയിരിക്കുന്നു. പഞ്ഞിക്കെട്ടുകളും നീലപെയ്ന്റും ഉപയോഗിച്ച് നിർമിച്ച ആകാശം വെള്ളത്തിൽ പ്രതിബിംബിക്കുമ്പോൾ അതാണു ഷൂട്ട് ചെയ്യേണ്ടതെന്നും ബർലി നിർദേശിച്ചു. അങ്ങനെ അറ്റ്ലാന്റിക് കടൽ ഓരോ ദിവസവും മാറുന്ന പോലെ ഷൂട്ടിങ് കഴിയും വരെ വാർണർ സ്റ്റുഡിയോയുടെ മുറ്റത്തെ ആകാശവും കടലും തോമസ് ബർലിയുടെ ഇഷ്ടത്തിനൊത്ത് മാറിക്കൊണ്ടിരുന്നു.
ഇതിനിടയിലാണു തോമസ് ബർലി ആ അട്ടിമറിക്കഥ പറഞ്ഞത്– കൊച്ചി സബോട്ടാഷ്. ഇഷ്ടപ്പെട്ടാൽ കൊച്ചിയിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന നിർബന്ധത്തോടെ, ഒറ്റപ്പറച്ചിലിൽ കഥ കേറി വർക്കായി. അതൊരു കഥയായിരുന്നില്ല, കൊച്ചിയിലെ കുരിശിങ്കൽ തറവാട്ടിൽ നടന്നൊരു സംഭവമായിരുന്നു, ചരിത്രസംഭവം.
അട്ടിമറിക്കഥ
1927–28 കാലം ബ്രിട്ടിഷ് ഭരണകൂടത്തെ ഒന്നു വിറപ്പിക്കാൻ കൊച്ചിക്കാർ തീരുമാനിക്കുന്നു. ബ്രിട്ടിഷ് കൊച്ചിയെ എറണാകുളവുമായി ഇന്നും ബന്ധിപ്പിക്കുന്ന മട്ടാഞ്ചേരി ഇരുമ്പുപാലം ബോംബ് വച്ചു തകർക്കാൻ അവർ പദ്ധതിയിട്ടു. അതു നേതാജി സുഭാഷ്ചന്ദ്ര ബോസിനെ അറിയിച്ചു. ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ) രൂപീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹം നിയോഗിച്ച രണ്ടുപേർ ബംഗാളിൽ നിന്നും കൊച്ചിയിലെത്തി. രത്തൻ ബോസും ബാബു സർക്കാരും. ജർമൻ ആക്രമണ ഭീഷണി നിലനിന്നതിനാൽ കൊച്ചിയിൽ അന്നു ബ്രിട്ടന്റെ രഹസ്യാന്വേഷണവലയം ശക്തമായിരുന്നു. മട്ടാഞ്ചേരി പാലം തകർക്കാനുള്ള പദ്ധതിയും ചോർന്നു. രത്തനും ബാബുവും അറസ്റ്റിലായി. ഒപ്പം തോമസ് ബർലിയുടെ ഇളയപ്പൻ ഏണസ്റ്റിനെ അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് കോടതി രത്തനും ബാബുവിനും വധശിക്ഷ വിധിച്ചു. ഏണസ്റ്റിനു രണ്ടു വർഷം കഠിനതടവാണു ലഭിച്ചത്. മറ്റു രണ്ടു അങ്കിൾമാരായ കെ.ജെ.ഹർഷലും കെ.ജെ.ലൂയിസും കൊൽക്കത്ത, ബെല്ലാരി ജയിലുകളിൽ അടയ്ക്കപ്പെട്ടു.
ഹോളിവുഡിൽ സിനിമ പഠിക്കാൻ 1957ൽ അമേരിക്കയിലെത്തിയ തോമസിനു പ്രവേശനം ലഭിച്ചതു യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ അപ്ലൈഡ് ആർട്സ് വകുപ്പിലാണ്. തിരക്കഥാ പഠനത്തിനായിരുന്നു മുൻതൂക്കം. അവിടെ പഠിച്ച ചലച്ചിത്ര നിർമാണ കൗശലങ്ങൾ ആ കഥ പറച്ചിലിനു കരുത്തായി.
കൊച്ചി ടു ഹോളിവുഡ്
സിനിമ പഠിക്കാനാണ് തോമസ് ഹോളിവുഡിലെത്തിയത്. 1953ൽ അദ്ദേഹം നായകനായ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിരുന്നു. ടി.എൻ.ഗോപിനാഥൻ നായരുടെ ‘ചൂണ്ടക്കാരൻ’ എന്ന കഥയാണു ‘തിരമാല’ എന്ന പേരിൽ തോമസ് അറയ്ക്കൽ എന്ന വിമൽകുമാർ സിനിമയാക്കിയത്. സത്യനായിരുന്നു തോമസിന്റെ വില്ലൻ. പിന്നീടു മലയാള സിനിമയുടെ സൗഭാഗ്യമായ രണ്ടു പേർ കൂടി തിരമാലയുടെ ഭാഗമായിരുന്നു. രാമു കാര്യാട്ടും എം.എസ്.ബാബുരാജും. സഹസംവിധായകന്റെയും സഹസംഗീതസംവിധായകന്റെയും റോളുകളിൽ വിമൽകുമാറിനെ സഹായിക്കാൻ എത്തിയതാണിവർ.
പാട്ടുകളിലൂടെ ഹിറ്റായ തിരമാല കണ്ടപ്പോൾ ക്വിറ്റ് ഇന്ത്യ സമരനേതാവും സ്വാതന്ത്ര്യത്തിനു ശേഷം മുനിസിപ്പൽ ചെയർമാനുമായ കെ.ജെ.ബർലിക്ക് അതിൽ മകൻ തോമസിന്റെ അഭിനയം അത്രയ്ക്കു പിടിച്ചില്ല. അടുത്ത സിനിമയിലേക്കുള്ള ക്ഷണം അപ്പോൾ തന്നെ ലഭിച്ചെങ്കിലും സിനിമ ശാസ്ത്രീയമായി പഠിച്ചിട്ടു മതി അഭിനയമെന്ന് അദ്ദേഹം മകനെ ഉപദേശിച്ചു. (സിനിമ പഠിക്കാൻ ഹോളിവുഡിലെത്തിയ മകൻ തിരിച്ചു വരാതായപ്പോൾ ഏറെ വിഷമിച്ചതും അദ്ദേഹം തന്നെ).
15 വർഷം തോമസ് ബർലി ഹോളിവുഡിൽ കാണിച്ച മാജിക് നാട്ടിൽ അധികം പേർക്ക് ഇപ്പോഴും അറിയില്ല. പഠിച്ചതു തിരക്കഥാ രചനയും സംവിധാനവുമാണെങ്കിലും തോമസിന്റെ മെക്സിക്കൻ ‘ലുക്ക്’ അദ്ദേഹത്തിനു കൗബോയ് വേഷങ്ങൾ സമ്മാനിച്ചു. അങ്ങനെയാണ് ഇതിഹാസ താരം മർലൻ ബ്രാൻഡോയുമായി തോമസ് അടുക്കുന്നത്. ബ്രാൻഡോയുടെ പാർട്ടികളിലെ സ്ഥിരം ക്ഷണിതാവായിരുന്നു തോമസ്.
കിഴവനും കടലും ഷൂട്ട് കഴിഞ്ഞതോടെ വാർണർ ബ്രദേഴ്സിനു തോമസ് ബർലിയെ വിശ്വാസമായിരുന്നു. കൊച്ചിൻ സബോട്ടാഷിന്റെ തിരക്കഥ ഒരുക്കാനും അവർ പറഞ്ഞു. അതിന്റെ ജോലികൾ മുന്നേറുന്നതിനിടയിലാണു നാട്ടിൽ നിന്നുള്ള വിളി മുറുകിയത്. കുടുംബ ബിസിനസായ സമുദ്രോൽപന്ന കയറ്റുമതി ഏറ്റെടുക്കാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി 15 വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയ തോമസ് ഹോളിവുഡിൽ പഠിച്ച സിനിമാ നിർമാണ കൗശലങ്ങൾ പരീക്ഷിക്കാൻ രണ്ടു സിനിമകൾ സംവിധാനം ചെയ്തു. കെ.പി.ഉമ്മറും ഷീലയും അഭിനയിച്ച ഇതു മനുഷ്യനോ (1973), പ്രേംനസീറും സീമയും അഭിനയിച്ച വെള്ളരിക്കാപ്പട്ടണം (1985). അമേരിക്കയിലെ 15 വർഷത്തെ ജീവിതത്തിലൂടെ ഉണ്ടാക്കിയ സൗഹൃദബന്ധങ്ങൾ കയറ്റുമതി ബിസിനസിൽ വലിയ മുതൽക്കൂട്ടായി. ആ രംഗത്തുണ്ടായ വളർച്ച പിന്നീടു സിനിമയെക്കുറിച്ച് ആലോചിക്കാൻ പോലുമുള്ള സാവകാശം അദ്ദേഹത്തിനു നൽകിയില്ല.
മരണത്തിനു കൃത്യം രണ്ടുമാസം മുൻപാണ് അദ്ദേഹം മലയാള മനോരമയോടു സംസാരിച്ചത്. ഹോർത്തൂസ് സാഹിത്യോത്സവത്തിന്റെ അക്ഷരപ്രയാണത്തിനു ഫോർട്ടുകൊച്ചിയിലെ ഹോർത്തൂസ്പടിയിൽ (ഓടത്തപ്പടി) ഒരുക്കിയ സ്വീകരണ യോഗത്തിലേക്കു ക്ഷണിച്ചപ്പോഴായിരുന്നു അത്. കിരൺ രവീന്ദ്രൻ എഴുതിയ ‘ഹോളിവുഡ് എന്ന മരീചിക’ എന്ന പുസ്തകത്തിനു ശേഷം സ്വാതന്ത്ര്യസമരം, മലയാള സിനിമ, ഹോളിവുഡ് ജീവിതം, കയറ്റുമതി വ്യവസായം എല്ലാം ഉൾപ്പെടുത്തി ഇതുവരെ പറയാത്ത ഒട്ടേറെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വലിയൊരു പുസ്തകത്തെ കുറിച്ചുള്ള ആലോചന അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ക്രിസ്മസ് വരെ കുറച്ചു തിരക്കുണ്ടെന്നും ഇപ്പോൾ പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ അതു കഴിഞ്ഞു പറയാമെന്നും അദ്ദേഹം ഉറപ്പു നൽകിയതാണ്.
മെക്സിക്കൻ കൗബോയ് വേഷത്തിൽ ഒരു ചിത്രത്തിനു പോസ് ചെയ്യാമെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. ഒന്നുമുണ്ടായില്ല, ഒരുപാടു കഥകൾ പറയാതെ ബാക്കിവച്ചാണു ഡിസംബർ 16ന് അദ്ദേഹം മടങ്ങിയത്.
Source link