ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കിൽ ഉള്ളതുംകൂടി നഷ്ടമാകും

ബാങ്കിൽ അക്കൗണ്ടില്ലാത്ത മലയാളികൾ ഇല്ലെന്നുതന്നെ പറയാം. ഒരുപക്ഷേ, രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ബാങ്ക് അക്കൗണ്ടുളളവർ കാണില്ല. അക്കൗണ്ടുള്ളവരുടെ കൈയിൽ അല്പം പണമെത്തിയാൽ അതുമായി നേരെ എത്തുക ബാങ്കുകളിലായിരിക്കും. പണം വീട്ടിൽ സൂക്ഷിക്കുക സുരക്ഷിതമല്ലാത്തതിനാലും അക്കൗണ്ടിലുള്ള പണം കൈകാര്യം ചെയ്യാൻ എളുപ്പമായതിനാലുമാണ് ഭൂരിഭാഗം പേരും പണം ബാങ്കിൽ നിക്ഷേപിക്കുന്നത്. ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വ്യാപകമായതോടെ കൂലിപ്പണിക്കുപോകുന്നവർ പോലും അന്നന്ന് പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ട്. പക്ഷേ, പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലുള്ളത് പോവും. മാത്രമല്ല പിഴ അടച്ച് മുടിയേണ്ടിയും വരും. എല്ലാ ബാങ്കുകൾക്കും ബാധകമായ ചില നിയമങ്ങളാണ് മുഖ്യമായും എല്ലാവരും അറിയേണ്ടത്. അത്തരത്തിലുള്ള ചില നിയമങ്ങൾ പരിചയപ്പെടാം.

എത്ര നിക്ഷേപിക്കാം?

സേവിംഗ്സ് അക്കൗണ്ടായിരിക്കും ഒട്ടുമിക്കവർക്കും ഉള്ളത്. ഇതിൽ നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടെന്ന് ആദ്യമേ മനസിലാക്കണം. സേവിംഗ്സ് അക്കൗണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തിക വർഷത്തിൽ പത്തുലക്ഷം രൂപവരെ വരുമാന ഉറവിടം കാണിക്കാതെ നിക്ഷേപിക്കാനാവും. അതേസമയം, കറന്റ് അക്കൗണ്ടിന്റെ പരിധി 50 ലക്ഷമാണ്. ഈ പരിധി കവിയുന്ന തുക നിങ്ങൾ നിക്ഷേപിക്കുകയും അതിന്റെ ഉറവിടം സൂചിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ 60 ശതമാനം വരെ ആദായ നികുതി അടയ്‌ക്കേണ്ടി വരും.കൂടുതൽ പണം അക്കൗണ്ടുകളിൽ നിക്ഷേപിച്ചാൽ വിവരം ബാങ്കുകൾ ഉടൻ ആദായനികുതി വകുപ്പിനെ അറിയിക്കും. ആദായനികുതി നിയമം അനുസരിച്ച് ഉറവിടം വ്യക്തമാക്കിയില്ലെങ്കിൽ അറുപതുശതമാനംവരെ നികുതിയായി നൽകേണ്ടിവരും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് നൽകുന്ന വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ നിങ്ങൾക്കെതിരെ അന്വേഷണവും ഉണ്ടായേക്കാം. വ്യക്തമായ സോഴ്സ് കാണിക്കാമെങ്കിൽ ഒരാൾക്ക് എത്രരൂപ വേണമെങ്കിലും അക്കൗണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപം തുടങ്ങുന്നതിനുമുമ്പ് കെ വൈ സി ഉൾപ്പെടെ ചില രേഖകൾ ബാങ്ക് അധികൃതർ ആവശ്യപ്പെടും. അവ നൽകേണ്ടിവരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

പാൻകാർഡ് ഇല്ലെങ്കിൽ വേഗം എടുത്താേളൂ

50,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുകയാണെങ്കിൽ പാൻകാർഡ് നിർബന്ധമാണ്. ഇത് ഇല്ലെങ്കിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. നിക്ഷേപത്തിന് മാത്രമല്ല മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ തവണ വ്യവസ്ഥയിൽ എടുക്കുന്നതിയും ഭവന, വാഹന വായ്പ പോലുളളവ എടുക്കുന്നതിനും പാൻകാർഡ് നിർബന്ധമാണ്.

ഇൻഷുറൻസ്

വീട്ടിൽ പണം ഇരുന്നാൽ അത് സുരക്ഷിതമല്ല. മാത്രമല്ല ചെലവാക്കുന്നതും കൂടും. ഇതുപേടിച്ചാണ് കൂടുതൽപ്പേരും പണം ബാങ്കിൽ നിക്ഷേപിക്കുന്നത്. എന്നാൽ നിക്ഷേപിക്കുന്ന പണം മുഴുവൻ ബാങ്കിൽ സുരക്ഷിതമാണെന്നുകരുതിയെങ്കിൽ തെറ്റി. നിക്ഷേപത്തിൽ പരമാവധി അഞ്ചുലക്ഷം രൂപയ്ക്ക് മാത്രമാണ് ഡെപ്പോസിറ്റ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി ഇൻഷ്വറൻസ് കോർപ്പറേഷൻ സുരക്ഷ ഉറപ്പാക്കുന്നത്. അതായത് ഏതെങ്കിലും രീതിയിൽ നിങ്ങൾ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് പൊട്ടിയാൽ ഉറപ്പായും ലഭിക്കുന്ന തുക അഞ്ചുലക്ഷമായിരിക്കും എന്ന് ഓർമ്മിക്കുക. സാധാരണ ഗതിയിൽ ഇന്ത്യയിലെ ബാങ്കുകൾക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത് അപൂർവത്തിൽ അപൂർവമാണ്.

കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിക്കൽ തുടങ്ങിയ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് തടയിടാനാണ് സാമ്പത്തിക ഇടപാടുകൾക്ക് ബാങ്കുകൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നത്. ആധാർ, ബാങ്ക് അക്കൗണ്ട്, പാൻകാർഡ് തുടങ്ങിയവ ലിങ്കുചെയ്തിരിക്കുന്നതിനാൽ നമ്മുടെ അക്കൗണ്ടിലെ എല്ലാ വിശദാംശങ്ങളും ഒറ്റക്ലിക്കിൽ അധികൃതർക്ക് ലഭ്യമാകും. അതുകൊണ്ടുതന്നെ നടപടിയും വേഗത്തിലയിരിക്കും എന്നത് മറക്കാതിരിക്കുക.


Source link
Exit mobile version