കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബാങ്കായി കേരളബാങ്കിനെ അംഗീകരിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിന്റെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങൾ വാണിജ്യ പൊതുമേഖലാ ബാങ്കുകളിലും ചിലത് നവസ്വകാര്യ ബാങ്കുകളിലുമാണ്. മുഖ്യധാരാബാങ്കുകൾ നിക്ഷേപങ്ങൾ സംസ്ഥാനത്ത് വായ്പയായി നൽകുന്നില്ല. കേരളബാങ്ക് നിക്ഷേപം സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പൂർണമായി പ്രയോജനപ്പെടുത്താം. സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹ്യപുരോഗതിക്കും സഹായകരമാകുന്നതിനാൽ സർക്കാരും പൊതുമേഖലാസ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകൾ കേരളബാങ്ക് വഴിയാക്കണം. കേരളബാങ്കിലെ കാലാവധി കഴിഞ്ഞ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, കേന്ദ്ര പ്രഖ്യാപനവേളയിൽ ഡി.എ അനുവദിക്കുക, ജീവനക്കാരുടെ പെൻഷൻ ഫണ്ട് മാനേജ്‌മെന്റും വിതവരണവും കേരളബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഹകരണ സെമിനാർ ബെഫി അഖിലേന്ത്യാ സഹകരണ ഉപസമിതി കൺവീനർ രജീബ് ചതോപാദ്ധ്യായ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അദ്ധ്യക്ഷനായി. കെ.എസ്.ശ്യാംകുമാർ, സി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.ബി.ഇ.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.പി.ഷാ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ആർ.സുമഹർഷൻ നന്ദിയും പറഞ്ഞു.
വനിതാസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. കെ.വി.പ്രഭാവതി അദ്ധ്യക്ഷയായി. രജിതമോൾ, എൻ.സിന്ധുജ എന്നിവർ പ്രസംഗിച്ചു. സി.എ.റംല സ്വാഗതം പറഞ്ഞു. കലാസായാഹ്നം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. തുടർന്ന് ഗായകൻ അലോഷിയുടെ ഗാനസന്ധ്യ അരങ്ങേറി. സമ്മേളനം ഇന്ന് സമാപിക്കും.
Source link