KERALAM

500 രൂപയെടുക്കാൻ എടിഎമ്മിൽ ചെന്ന വിദ്യാർത്ഥി ഞെട്ടി, അക്കൗണ്ടിൽ 87കോടി; അഞ്ച് മണിക്കൂറിന് ശേഷം വീണ്ടും ട്വിസ്റ്റ്

പാറ്റ്ന: എടിഎമ്മിൽ ചെന്ന് പണം എടുത്ത ശേഷം അക്കൗണ്ടിലെ ബാലൻസ് കണ്ട് ഞെട്ടി ഒൻപതാം ക്ലാസുകാരൻ. ബീഹാറിലെ മുസാഫർപൂരിലാണ് സംഭവം. ചന്ദൻ പാട്ടിലെ സെയ്ഫ് അലി എന്ന വിദ്യാർത്ഥിയാണ് തന്റെ ബാങ്ക് ബാലൻസ് കണ്ട് അമ്പരന്നത്.

അഞ്ഞൂറ് രൂപയെടുക്കാനാണ് വിദ്യാർത്ഥി സമീപത്തെ എടിഎമ്മിൽ കയറിയത്. ബാലൻസ് എത്രയാണെന്ന് പരിശോധിച്ചപ്പോൾ 87.65 കോടി രൂപയാണ് കണ്ടത്. ഇതുകണ്ടതും സെയ്ഫ് ആദ്യം ഞെട്ടി. തന്റെ നോട്ടത്തിൽ തെറ്റുപറ്റിയതാകാമെന്ന് കരുതി, വീണ്ടും ബാലൻസ് പരിശോധിച്ചപ്പോൾ അതേ തുക തന്നെ ഉണ്ടായിരുന്നു. ഉടൻ തന്നെ വീട്ടിൽപ്പോയ സെയ്ഫ് വിവരം അമ്മയെ അറിയിച്ചു.


കുട്ടിയുടെ അമ്മ ഇക്കാര്യം സമീപത്തുള്ള ഒരാളോട് പറഞ്ഞു. തുടർന്ന് അയാൾ ബാങ്ക് സ്‌റ്റേറ്റ്‌മെന്റെടുക്കാനായി കസ്റ്റമർ സർവീസ് പോയിന്റിൽ പോയി. പരിശോധിച്ചപ്പോൾ ഇപ്പോൾ അക്കൗണ്ടിൽ 532 രൂപ മാത്രമേയുള്ളൂവെന്ന് കണ്ടു. തുടർന്ന് വിദ്യാർത്ഥിയും കുടുംബവും ബാങ്കിൽ പോയി.

അക്കൗണ്ടിൽ നിന്ന് ഭീമമായ തുക അപ്രത്യക്ഷമായെന്നും ഇപ്പോൾ 532 രൂപ മാത്രേമയുള്ളൂവെന്നും അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചു. അഞ്ച് മണിക്കൂറോളം വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ കോടികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവിച്ചത് സാങ്കേതിക പിഴവാണോ അതോ സൈബർ ക്രൈം എന്തെങ്കിലുമാണോയെന്നും വ്യക്തമല്ല. എന്നിരുന്നാലും സംഭവത്തിൽ നോർത്ത് ബീഹാർ ഗ്രാമീണ ബാങ്ക് അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button