എംടിയുടെ ആരോഗ്യനിലയിൽ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്‌ടർമാർ
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എംടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. പത്തേമുക്കാലോടെ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മൂന്ന് കാര്യങ്ങളാണ് ബുള്ളറ്റിനിൽ പ്രധാനമായും പറയുന്നത്. എംടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു, ഇന്നലത്തെ അപേക്ഷിച്ച് ആരോഗ്യനില കൂടുതൽ വഷളായിട്ടില്ല, നിലവിൽ ചികിത്സയോട് നേരിയതോതിലെങ്കിലും അനുകൂലമായി പ്രതികരിക്കുന്നു എന്നീ കാര്യങ്ങളാണ് ഡോക്‌ടർമാർ അറിയിക്കുന്നത്. വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷത്തിൽ ഐസിയുവിൽ തുടരുകയാണ് അദ്ദേഹം.
കഴിഞ്ഞ 15നാണ് ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യനില കൂടുതൽ വഷളാവുകയും ഹൃദയസ്തംഭനമുണ്ടാവുകയും ചെയ്തു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് സർക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവൻ രക്ഷിക്കാൻ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്. എംടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു.
Source link