കോട്ടയം: കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ചെറിയനാടാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. നേരത്തെ മെമുവിന്റെ സർവീസ് ആറുമാസത്തേയ്ക്ക് നീട്ടിയപ്പോൾ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
പാലരുവി എക്‌സ്‌പ്രസ്, വേണാട് എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് പരിഗണിച്ചാണ് മെമുവിന്റെ കാലാവധി നീട്ടിയത്. ചെറിയനാടിനുള്ള ക്രിസ്‌മസ് – ന്യൂ ഇയർ സമ്മാനമാണ് പുതിയ സ്റ്റോപ്പ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ചെറിയനാട്ടിൽ മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയിൽവേ ബോർഡ് ചെയർമാൻ, ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ,കേന്ദ്ര റെയിൽവേ മന്ത്രി എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എം പി നിവേദനം നൽകിയിരുന്നു. അതേസമയം, കൊല്ലം- എറണാകുളം മെമുവിന് കൂടുതൽ കോച്ചുകൾ വേണമെന്ന ആവശ്യം ഉയർന്നെങ്കിലും അക്കാര്യത്തിൽ തീരുമാനമായില്ല.
ഡിസംബർ 23 തിങ്കളാഴ്‌ച മുതൽ 06169/70 കൊല്ലം – എറണാകുളം മെമു സ്‌പെഷ്യൽ ചെറിയനാട് സ്‌റ്റോപ്പ് പ്രവർത്തിച്ചുതുടങ്ങുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. മാവേലിക്കര മണ്ഡലത്തിൽ മെമുവിന് സ്റ്റോപ്പ് ഇല്ലാതിരുന്നത് ചെറിയനാട് സ്റ്റേഷന് മാത്രമായിരുന്നു. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലാണ് ചെറിയനാട് സ്റ്റേഷൻ.
ചെറിയനാടിന് പുറമെ ചിങ്ങവനം, കാഞ്ഞിരമറ്റം സ്റ്റേഷനുകളിൽ കൂടി മെമുവിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം വരെയുള്ള തിരക്ക് കണക്കിലെടുത്താണ് മെമു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
Source link