തിരുവനന്തപുരം: മലപ്പുറം അരീക്കോട്ട് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ ഹവിൽദാർ സി.വിനീതിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ വ്യക്തി കേന്ദ്രീകൃതമായ പീഡനങ്ങളോ, മേലുദ്യോഗസ്ഥരുടെ മന:പൂർവ്വമായ പകതീർക്കലുകളോ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പൊലീസ് അസോസിയേഷൻ പ്രമേയം.
മുഴുവൻ ആരോപണങ്ങളും അന്വേഷിച്ച് വസ്തുത കണ്ടെത്തണം. സേനയ്ക്ക് ആവശ്യമായതിലേറെ പരിശീലനവും തുടർ പരിശീലനങ്ങളും ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കണം.തൊഴിൽ മേഖലയിലെ സമ്മർദ്ദത്തിന് അടിമപ്പെട്ട് പൊലീസുദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് അപകടകമായ അരക്ഷിത ബോധം സേനയിൽ പടരുന്നതിന് ഇടയാക്കും. പരിശീലനം നേടിയ കമാൻഡോയുടെ ആത്മഹത്യ ലളിതമായി നോക്കിക്കാണുന്നത് ആത്മഹത്യാപരമാണ്. ചില മേലുദ്യോഗസ്ഥർ മനുഷ്യത്വ രഹിതമായ മനോവിശേഷതകൾക്ക് അനുസരിച്ചുള്ള ക്രൂരമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിക്കുന്നു. എൻ.എസ്.ജി കമാൻഡോകൾക്ക് പോലും പ്രായത്തിന് അനുസരിച്ച് കായിക ക്ഷമതാ മാനദണ്ഡത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പക്ഷേ അത് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലില്ല. കമാൻഡോ പരിശീലനം ക്രൂരവും ഹീനവും മേലുദ്യോഗസ്ഥന്റെ മാനസിക നിലയ്ക്ക് അനുസരിച്ച് വ്യക്തി കേന്ദ്രീകൃത പീഡനങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. ഇത് സേനയ്ക്ക് ഭൂഷണമല്ല.
സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ഇന്ത്യാ റിസർവ് ബറ്റാലിയൻ എന്നിവിടങ്ങളിൽ സംഘടനാ പ്രവർത്തനം അനുവദിക്കണം. ഒരു പൊലീസുദ്യോഗസ്ഥൻ പോലും തൊഴിലിടത്തെ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യയിലേക്ക് നയിക്കപ്പെടരുത്. ഇച്ഛാശക്തിയോടുള്ള നടപടികളുണ്ടാവണം. തൊഴിലിടത്തെ അരക്ഷിത ബോധം ഇല്ലാതാക്കണം- പ്രമേയത്തിൽ പറയുന്നു.
Source link