‘മാർക്കോ’യിലെ ‘മാരക’ വില്ലൻ; അരങ്ങേറ്റം ഗംഭീരമാക്കി ഷമ്മി തിലകന്റെ മകൻ അഭിമന്യു | Abhimanyu Shammy Thilakan Marco
‘മാർക്കോ’യിലെ ‘മാരക’ വില്ലൻ; അരങ്ങേറ്റം ഗംഭീരമാക്കി ഷമ്മി തിലകന്റെ മകൻ അഭിമന്യു
മനോരമ ലേഖകൻ
Published: December 21 , 2024 12:09 PM IST
1 minute Read
അഭിമന്യു തിലകൻ
താരപുത്രൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിലേക്ക് ഒരാൾകൂടിയെത്തുന്നു. നടൻ നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ്. തിലകനാണ് പുതിയ എൻട്രി. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് താരം. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്.
തന്റെ ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ട് ആ കഥാപാത്രത്തെ അഭിമന്യു ഗംഭീരമാക്കി. ശബ്ദത്തിന്റെ കാര്യത്തിലും അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്.
‘‘മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണ്. റസൽ ടോണി ഐസക് എന്ന അക്രമാസക്തവും ക്രൂരവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, എന്നാൽ നിങ്ങൾ എന്നോടും എന്റെ പ്രകടനത്തോടും കാണിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും മറുപടികളില്ല. എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഇതൊരു തുടക്കം മാത്രമാണ്, ഞാൻ ഏറ്റെടുക്കുന്ന ഓരോ റോളിലും എന്റെ ഏറ്റവും മികച്ചത് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ആദ്യ ചിത്രമായതിനാൽ, ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് എനിക്കറിയാം, അടുത്ത തവണ ഇതിലും മികച്ച രീതിയിൽ തിരിച്ചെത്തുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
മാർക്കോ, തിയറ്ററുകളിൽ എത്തുമ്പോൾ വ്യക്തിപരമായി ഇതെനിക്കൊരു സ്പെഷൽ മൊമന്റ് ആണ്. എന്റെ അചഞ്ചലമായ ശക്തിയുടെ നെടുംതൂണായിരിക്കുന്ന എന്റെ കുടുംബത്തിനും എന്റെ മുത്തച്ഛനും പിതാവിനും എന്നും പിന്തുണച്ച അത്ഭുതകരമായ പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ ഇൻഡസ്ട്രിയിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പിൽ നിങ്ങളുടെ അനുഗ്രഹം വിനീതമായി തേടുന്നു. തുറന്ന ഹൃദയത്തോടെ എന്റെ പ്രകടനം കാണാനും മുൻഗാമികൾ സൃഷ്ടിച്ച അവിശ്വസനീയമായ പാരമ്പര്യവുമായി എന്നെ താരതമ്യം ചെയ്യരുതെന്നും വിനീതമായി നിങ്ങൾ പ്രേക്ഷകരോട് അഭ്യർഥിക്കുന്നു. ഒരു നവാഗതൻ എന്ന നിലയിൽ, എനിക്ക് അപൂർണതകളുണ്ടാകാം, പക്ഷേ നിങ്ങളെല്ലാവരും അഭിമാനും കൊള്ളുംവിധം അക്ഷീണം പ്രവർത്തിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.
എന്നെ വിശ്വസിച്ച് ഇത്തരമൊരു മഹത്തായ പദ്ധതിയുടെ ഭാഗമാകാൻ ഈ അവസരം തന്നതിന് ഉണ്ണി മുകുന്ദനും ഷെരീഫ് മുഹമ്മദിനും ഹനീഫ് അദേനിക്കും മാർക്കോ ടീമിനും നന്ദി പറയുന്നു. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും സ്നേഹത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.’’–അഭിമന്യു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
English Summary:
Unni Mukundan’s ‘Marco’ Welcomes Abhimanyu S. Thilakan: A Star Kid’s Grand Entry into Mollywood
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-common-malayalammovienews 6v7svgu3do71c5k4iblrnfavmd mo-entertainment-movie-shammi-thilakan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link