പൊലീസുകാരൻ വിനീതിന്റെ ആത്മഹത്യ; കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് പൊലീസ്

മലപ്പുറം: വയനാട് സ്വദേശിയും എസ് ഒ ജി കമാൻഡോയുമായ വിനീതിന്റെ (36) ആത്മഹത്യയിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. വയനാട് കോട്ടത്തറയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
മേലധികാരികളിൽ നിന്ന് വിനീത് മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന് കുടുംബം അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഡിസംബർ ഒൻപത് മുതൽ പതിമൂന്നുവരെയുള്ള ദിവസങ്ങളിൽ വിനീത് വീട്ടിലുണ്ടായിരുന്നു. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു.
ജീവനൊടുക്കുന്നതിന് മുമ്പ് വിനീത് ബന്ധുവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയിൽ വിനീത് പരാജയപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് ആത്മഹത്യാക്കുറിപ്പിലും വാട്‌സാപ്പ്പ്പ് സന്ദേശത്തിലും പറയുന്നത്. കൂടെ ജോലി ചെയ്യുന്നവർ ചതിച്ചതായും കുറിപ്പിലുണ്ട്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണ് പൊലീസുകാരൻ സന്ദേശത്തിൽ ആരോപിക്കുന്നത്.
അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിനീതിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് വിനീതിന്റെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വിനീതിന്റെ സഹപ്രവർത്തകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അവരും അജിത്തിനെതിരെ മൊഴി നൽകിയിരുന്നു. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീതെന്നും സഹപ്രവർത്തകർ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ കൊടുംപീഡനം കാരണമാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് ടി സിദ്ദിഖ് എം എൽ എ ആരോപിച്ചിരുന്നു.
Source link