നിക്ഷേപത്തുക തിരികെ നൽകിയില്ല; കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌തു. കട്ടപ്പന മുളങ്ങാശേരിയിൽ സാബുവാണ് (56) റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയത്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു.
ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു സംഭവം. സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിലെ ഗോവണിക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. 25 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നേരത്തേ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാൽ തവണകളായി മാസംതോറും നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയിൽ പണം നൽകുന്നുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
സാബുവിന്റെ ഭാര്യ ചികിത്സയുടെ ഭാഗമായി തൊടുപുഴ ആശുപത്രിയിലാണ്. ചികിത്സയ്‌ക്ക് പണമില്ലാത്തിനാലാണ് സാബു ഇന്നലെയും ബാങ്കിലെത്തിത്. തുടർന്ന് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. ബാങ്കിൽ നിന്ന് പണം ലഭിക്കാത്തത് തന്നെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സാബു ആത്മഹത്യ ചെയ‌്തതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Source link