കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ യൂട്യൂബ് ചാനൽ എം എസ് സൊല്യൂഷൻസിന്റെ സി ഇ ഒ എം ഷുഹെെബ് അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. എം എസ് സൊല്യൂഷന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് പറഞ്ഞ അദ്ധ്യാപകനെ ഷുഹെെബ് ഫോണിൽ വിളിച്ച് അസഭ്യം പറയുന്നതിന്റെയും ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ പുറത്തുവന്നു.
വീട്ടിൽ വരുമെന്നും വന്നശേഷം പണിതരുമെന്നും ഷുഹെെബ് പറയുന്നതാണ് ഓഡിയോയിൽ ഉള്ളത്. സംഭവത്തിൽ അദ്ധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മുൻപാണ് ഈ ഭീഷണിയെന്നാണ് വിവരം. എം എസ് സൊല്യൂഷന്റെ ചോദ്യങ്ങൾ മാത്രം പഠിച്ചിട്ട് വരരുതെന്നും പുസ്തകം നന്നായി പഠിച്ച് വേണം പരീക്ഷയെഴുതാനെന്നുമാണ് അദ്ധ്യാപകൻ വിദ്യാർത്ഥിയോട് പറഞ്ഞത്. ഇതാണ് ഷുഹെെബിനെ പ്രകോപിപ്പിച്ചത്. ഈ പരാതിയും അന്വേഷണസംഘം പരിശോധിക്കും.
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണവിധേയരായ ഷുഹൈബിന്റെ മൊഴിയെടുക്കൽ വൈകുന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ് പി കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ, താമരശ്ശേരി ഡി.ഇ.ഒ എൻ.മൊയീനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൾ ഖാദർ, ചോദ്യപ്പേപ്പർ ചോർന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിലെെ അദ്ധ്യാപകർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
എം.എസ്. സൊല്യുഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അശ്ലീല പരാമർശങ്ങളെക്കുറിച്ച് ലഭിച്ച പരാതിയിൽ റൂറൽ സെെബർ സെൽ മെയിൽ മുഖേന മെറ്റയോട് വിവരം തേടി. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ നീക്കം ചെയ്തതിനെത്തുടർന്ന് വീഡിയോ കണ്ടന്റിന്റെ ഉള്ളടക്കത്തക്കുറിച്ചറിയാനാണ് മെയിൽ മുഖേനേ മെറ്റയെ സമീപിച്ചത്. സൊല്യുഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അശ്ലീല പരാമർശങ്ങളെക്കുറിച്ച് എ.ഐ.വെെ.എഫ് നൽകിയ പരാതി കൊടുവള്ളി പൊലീസ് എസ്.എച്ച്. ഒ കെ.പി അഭിലാഷ് കഴിഞ്ഞ ദിവസമാണ് സെെബർ സെല്ലിന് കെെമാറിയത്.
Source link