KERALAM

‘ജയതിലകിനെയും ഗോപാലകൃഷ്ണനെയും സസ്‌പെൻഡ് ചെയ്യണം’; ചീഫ് സെക്രട്ടറിക്ക് അടക്കം വക്കീൽ നോട്ടീസ് അയച്ച് എൻ  പ്രശാന്ത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണൻ എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്. കൂടുതൽ തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും ഇവർ പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

ജയതിലക് ഉൾപ്പെടെയുള്ളവർ സർക്കാർ രേഖകളിൽ തുടർച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടിയില്ലാത്ത പക്ഷം നിയമപോരാട്ടമാണ് പ്രശാന്ത് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

അഭിഭാഷകനായ രാഘുൽ സുധീഷ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രേഖകൾ ചമയ്ക്കൽ, വ്യാജരേഖ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് നോട്ടീസിൽ ചുമത്തിയിരിക്കുന്നത്. ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകൾ കാണാതായതും ഹാജർ ക്രമക്കേടുകളും ആരോപിച്ച് എ ജയതിലക് തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പ്രശാന്തിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ആരോപണം. രണ്ടു കത്തുകൾ അടിസ്ഥാനമാക്കിയാണ് ജയതിലക് റിപ്പോർട്ട് തയാറാക്കിയത്. ഈ കത്തുകൾ കെട്ടിച്ചമച്ചാണ് സർക്കാരിന്റെ ഇ ഓഫീസ് സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുള്ളതെന്നുമാണ് പ്രശാന്ത് ആരോപിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടൽ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഡയറക്ടർ ജനറൽ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പൊലീസ് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നൽകിയതിന് ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.


Source link

Related Articles

Back to top button