‘ഇനി മാലിന്യം തള്ളിയാൽ കേരളത്തിൽ തിരിച്ച് കൊണ്ടിടും’; തിരുനെൽവേലിയിൽ പരിശോധന നടത്തി കേരളസംഘം | മനോരമ ഓൺലൈൻ ന്യൂസ്- Kerala News | Latest News | Medical Waste
‘ഇനി മാലിന്യം തള്ളിയാൽ കേരളത്തിൽ തിരിച്ച് കൊണ്ടിടും’; തിരുനെൽവേലിയിൽ പരിശോധന നടത്തി കേരളസംഘം
മനോരമ ലേഖകൻ
Published: December 20 , 2024 04:38 PM IST
1 minute Read
തിരുനെൽവേലിയിൽ കേരളത്തിൽ നിന്ന് തള്ളിയ മാലിന്യം ; ചിത്രം: മനോരമ
ചെന്നൈ ∙ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സ്ഥലങ്ങളിൽ പരിശോധന നടത്തി കേരളത്തിൽനിന്നുള്ള സംഘം. എട്ടു പേരടങ്ങിയ സംഘം മാലിന്യത്തിനൊപ്പമുള്ള മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുനെൽവേലി കലക്ടറെയും കേരള സംഘം കാണും.
തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ നീക്കണമെന്നു കേരളത്തോട് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. മാലിന്യം തള്ളിയതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇതു പലതവണയായി തുടരുകയാണെന്നുമാണ് ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖല ബെഞ്ച് കുറ്റപ്പെടുത്തിയത്. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണമെന്നും തിരുവനന്തപുരം ആർസിസിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും നടപടിയെടുക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് പിന്നാലെ ആശുപത്രി മാലിന്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മായാണ്ടി, മനോഹരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലക്ഷങ്ങള്‍ കമ്മിഷന്‍ വാങ്ങി കേരളത്തില്‍നിന്ന് മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ തള്ളിയതാണെന്നാണ് പൊലീസ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സുത്തമല്ലി പൊലീസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുനെല്‍വേലിയിലെ നടുക്കല്ലൂര്‍, കൊടകനല്ലൂര്‍, പലാവൂര്‍ ഭാഗങ്ങളിലാണ് ട്രക്കുകളില്‍ എത്തിച്ച മാലിന്യം തള്ളിയത്. മാലിന്യം തളളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. അണ്ണാഡിഎംകെയും ബിജെപിയും ഡിഎംകെ സര്‍ക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍നിന്നു മാലിന്യം തള്ളുന്നവര്‍ക്കു ഡിഎംകെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ സെല്ലില്‍ പരാതി ലഭിച്ചിട്ടും അവഗണിച്ചു. മാലിന്യം തള്ളുന്നതു തുടര്‍ന്നാല്‍ ലോറിയില്‍ കയറ്റി മാലിന്യങ്ങള്‍ തിരികെ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നാണ് അണ്ണാമലൈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
English Summary:
Kerala Medical Waste Crisis: NGT Orders Immediate Removal from Tirunelveli. Group from Kerala Inspects Spot
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5amana31ise6t3fh592dl61rdn mo-news-common-bio-medical-waste mo-news-national-states-tamilnadu mo-news-common-keralanews
Source link