ജീവിതത്തിലെയും സിനിമയിലെയും തിരിച്ചടികളിൽ പതറിയില്ല: മഞ്ജു വാരിയർക്ക് ‘30 വയസ്സ്’


മഞ്ജു എന്ന വാക്കിന് സ്‌നോ, പ്ലസന്റ്, ബ്യൂട്ടിഫുള്‍, എ ലവ്‌ലി പേഴ്‌സന്‍ വിത്ത് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ എന്നൊക്കെയാണ് നിഘണ്ടു പറയുന്ന അര്‍ത്ഥം. ആ പദം കണ്ടുപിടിച്ചതു പോലും മഞ്ജുവാര്യരെ കണ്ടാണോയെന്ന് സംശയം തോന്നും, അവരുടെ മാനറിസങ്ങള്‍ കാണുമ്പോള്‍. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആ പുഞ്ചിരി മലയാളി കൂടെക്കൂട്ടിയിട്ട് മൂന്ന് ദശകങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇടയ്ക്ക് മൗനത്തിന്റെ വാത്മീകത്തിലേക്ക് ഉള്‍വലിഞ്ഞത് പതിനാല് വര്‍ഷങ്ങള്‍. വീണ്ടും 2014–ല്‍ അഭിനയമേഖലയിലേക്ക് പുന:പ്രവേശം. ആ രണ്ടാം വരവ് സംഭവിച്ചിട്ട് ഇപ്പോള്‍ കൃത്യം പത്ത് വര്‍ഷം. ആദ്യ വരവിലും രണ്ടാം വരവിലും പ്രേക്ഷകര്‍ ആരവത്തോടെ അതിലേറെ നിറഞ്ഞ മനസോടെ സ്വീകരിച്ച ഈ അഭിനേത്രി ഒരു കാലത്തും നിരാകരിക്കപ്പെട്ടില്ല എന്നതും ചരിത്രം. തീര്‍ത്തും മോശമായ ചില സിനിമകള്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ അതിലും മഞ്ജു വാര്യര്‍ നന്നായിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞത്. സ്‌നേഹവാത്സല്യങ്ങളോടെയല്ലാതെ സമാനതകളില്ലാത്ത കരുതലോടെയല്ലാതെ മഞ്ജുവിനെക്കുറിച്ച് കാണികള്‍ സംസാരിക്കുന്നത് കേട്ടിട്ടില്ല. കരിയറിലോ ജീവിതത്തിലോ മറിച്ച് ഒരവസരം അവര്‍ സൃഷ്ടിച്ചിട്ടില്ല എന്നതാണ് സത്യം.

ആഘോഷമയമായ രണ്ടാം വരവ്

2014 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു ? എന്ന സിനിമയിലുടെ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജുവിനോട് അന്നും ഇന്നും ആരും ചോദിച്ചില്ല. ഹൗ ഓള്‍ഡ് ആര്‍ യു? എന്ന്. ഇന്ന് 45–ാം വയസിലും കാലത്തെയും പ്രായത്തെയും പിന്നോട്ട് നടത്തുന്ന ആ മാജിക്ക് മഞ്ജുവിന് സ്വന്തം. ഇന്നും കോളജ് വിദ്യാര്‍ത്ഥിയുടെ കഥാപാത്രത്തിന് ഇണങ്ങുന്ന ശരീരഭാഷയും ശാരീരിക പ്രകൃതവും സൂക്ഷിക്കുന്ന മഞ്ജുവിന്റെ പുഞ്ചിരി നിത്യഹരിതമാണ്. വ്യക്തിജീവിതം നല്‍കിയ ഒരുപാട് തിരിച്ചടികളാല്‍ സ്ഫുടം ചെയ്ത് എടുത്തതാണ് ആ പുഞ്ചിരി. അവിചാരിതമായ ദാമ്പത്യ തകര്‍ച്ച, മകള്‍ സ്വീകരിച്ച വിചിത്രമായ നിലപാട്, എന്നും കൈത്താങ്ങായിരുന്ന അച്ഛന്റെ മരണം, അമ്മയുടെ രോഗാവസ്ഥ. ഇത്രയൊക്കെ നേരിടാന്‍ തക്ക മനക്കരുത്തുളള ഒരാളാണോ മഞ്ജു വാര്യര്‍ എന്ന ചോദ്യത്തിന് സമീപകാലത്ത് സംവിധായകന്‍ കമല്‍ നല്‍കിയ മറുപടി രസകരമായിരുന്നു.

‘പലരും കരുതുന്നത് മഞ്ജു ഒരു അയണ്‍ ലേഡി ആണെന്നാണ്. എന്നാല്‍ ഞാനറിയുന്ന മഞ്ജു ഒരു പാവമാണ്. വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിടാന്‍ കരുത്തില്ലാത്ത പെട്ടെന്ന് വേദനിക്കുന്ന മനസുളള ഒരു മഞ്ജു’. അതിന്റെ നിജസ്ഥിതി എന്തായാലും വേദനകളെ പുഞ്ചിരിയുടെ കവചം കൊണ്ട് മറയ്ക്കാന്‍ മഞ്ജുവിനുളള കഴിവ് പ്രസിദ്ധമാണ്. ഒരു വശത്ത് വിപരീതാനുഭവങ്ങള്‍ വരിഞ്ഞുമുറുക്കുമ്പോള്‍ മറുവശത്ത് ഒരു കാലവും ദേശവും ഒന്നടങ്കം ഈ അഭിനേത്രിയെ നോക്കി കയ്യടിക്കുകയാണ്. ചിലപ്പോഴെങ്കിലും കൈകൂപ്പുകയും…! എങ്ങനെയാണ് ഒരാള്‍ക്ക് ഏത് സന്ദര്‍ഭത്തിലും ഇത്ര മനോഹരമായി പാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനും കഴിയുന്നത് ? അവിടെയാണ് ദൈവത്തിന്റെ കരസ്പര്‍ശമുളള ഒരു ജന്മത്തിന്റെ സവിശേഷതകള്‍ നാം അനുഭവിച്ചറിയുന്നത്. മോഹന്‍ലാലിനെ പോലെ, ഉര്‍വശിയെ പോലെ, യേശുദാസിനെ പോലെ…അങ്ങനെ അപൂര്‍വ വരലബ്ധിക്ക് ഉടമകളായ  ചിലരുടെ ജനുസിലാണ് മഞ്ജു വാര്യരുടെയും സ്ഥാനം. എന്തായിരിക്കാം ഈ നടിയെ മലയാളി ഇത്രമേല്‍ ഇഷ്ടപ്പെടാന്‍ കാരണം? ഇഷ്ടപ്പെടാതിരിക്കാനുളള ഒരു ഘടകങ്ങളും ഒപ്പമില്ല എന്നതാവാം മഞ്ജുവിന്റെ ഈ സാര്‍വത്രിക സ്വീകാര്യതയ്ക്ക് കാരണം? മഞ്ജു മലയാളിക്ക് ആരാണ് എന്നതിന് രണ്ട് ചെറിയ ഉദാഹരണങ്ങള്‍ നിരത്താം.

രാജുവും ബൈജുവും അറിഞ്ഞ മഞ്ജു, നവ്യയും…
ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം ഏതാനും ഹിറ്റ് സിനിമകള്‍ കൂടി കഴിഞ്ഞ് മഞ്ജു മലയാളത്തില്‍ കത്തി നില്‍ക്കുന്ന സമയം. നായകനടന്‍മാര്‍ക്ക് മാത്രം ലഭിക്കുന്ന വലിയ പ്രതിഫലം നല്‍കി മഞ്ജുവിന്റെ ഡേറ്റ് സ്വന്തമാക്കാന്‍ നിര്‍മ്മാതാക്കള്‍ മത്സരിക്കുന്ന കാലം. നടന്‍ മണിയന്‍പിളള രാജു നിര്‍മ്മിക്കുന്ന പാവാട എന്ന സിനിമയില്‍ ഒരു അതിഥിവേഷത്തിലേക്ക് മഞ്ജുവിനെ ആലോചിച്ചു. പക്ഷെ അവര്‍ സമ്മതിക്കുമോയെന്ന് ആര്‍ക്കും ഉറപ്പില്ല. നായികാ പദവിയില്‍ തിരിച്ചെത്തിയ ഒരാള്‍ വീണ്ടും കാമിയോ റോളുകളിലേക്ക് പോകുക എന്നതൊക്കെ റിസ്‌കാണ്. രാജു ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. മഞ്ജു ഒരു എതിര്‍പ്പും കൂടാതെ സമ്മതിച്ചു എന്ന് മാത്രമല്ല കൃത്യസമയത്ത് വന്ന് അഭിനയിച്ച് മടങ്ങി. പ്രതിഫലം പോലും വാങ്ങിയില്ലെന്നും കേള്‍ക്കുന്നു. 

നടന്‍ ബൈജുവിന് മഞ്ജുവുമായി മുന്‍പരിചയമൊന്നുമില്ല. കരിങ്കുന്നം സിക്‌സസ് എന്ന പടത്തിന്റെ സെറ്റില്‍ വച്ചാണ് അവര്‍ തമ്മില്‍ ആദ്യമായി കാണുന്നത്. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അങ്ങേയറ്റത്തെ എളിമയോടെയാണ് മഞ്ചു ബൈജുവിനോട് പെരുമാറിയത്. എന്നാല്‍ ബൈജുവിന് അതത്ര വിശ്വസനീയമായി തോന്നിയില്ല. വിനയകുനിയന്‍മാരുടെ കൂത്തരങ്ങാണ് സിനിമ. പുറമെ കാണുന്ന അതിഭവ്യത ഒരു കവചം മാത്രമായിരിക്കും. കാര്യത്തോട് അടുക്കുമ്പോള്‍ പലരുടെയും തനിനിറം വെളിപ്പെടുകയും ചെയ്യും. മഞ്ജു ആ ഗണത്തിലാണോയെന്ന് പരീക്ഷിച്ചറിയണമെന്ന് തന്നെ ബൈജു തീരുമാനിച്ചു. സിനിമയുടെ ഷൂട്ട് തീരുവോളം മഞ്ജുവിന്റെ ഓരോ നീക്കങ്ങളും നിലപാടുകളും അദ്ദേഹം സസസൂക്ഷ്മം നിരീക്ഷിച്ചു. ഒടുവില്‍ വിസ്മയത്തോടെ അദ്ദേഹം ആ സത്യം തിരിച്ചറിഞ്ഞു. വളരെ ജനുവിനായ ഒരു വ്യക്തിയാണ് മഞ്ജു. അവരുടെ എളിമയും സ്‌നേഹവും കരുതലും മറ്റും ഉളളില്‍ നിന്ന് വരുന്നതാണ്. 
മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചുവരുന്നതിന് തൊട്ടുമുന്‍പുളള സമയം. പൊതുവേദികളിലോ ആഘോഷപരിപാടികളിലോ അവര്‍ പങ്കെടുക്കാറില്ല. വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളെ അടക്കം അഭിമുഖീകരിക്കാന്‍ മടിച്ചിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഉറ്റസുഹൃത്തായ നടി നവ്യാ നായര്‍ നവ്യരസങ്ങള്‍ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലേക്ക് തിരുവനന്തപുരത്തേക്ക് ക്ഷണിക്കുന്നത്. സ്‌നേഹപൂര്‍വം ഒഴിഞ്ഞുമാറുമെന്നാണ് നവ്യ അടക്കം കരുതിയത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നവ്യയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനായി അവര്‍ വന്നു. ചടങ്ങില്‍ ആദ്യന്തം സന്തോഷത്തോടെ പങ്കെടുത്ത് മടങ്ങി.

കഴിവും ഭാഗ്യവും സമന്വയിച്ച നടി
സിനിമയില്‍ ഒരാള്‍ എത്ര പ്രതിഭാശാലിയെങ്കിലും അവരുടെ വിജയം ഭാഗ്യവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു എന്ന ഒരു പരമ്പരാഗത വിശ്വാസമുണ്ട്. കഴിവുളള പലര്‍ക്കും അവര്‍ അര്‍ഹിക്കുന്ന തലത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പരിമിത വിഭവന്മാര്‍ വാണിജ്യമൂല്യമുളള താരങ്ങളാകുകയും സമുന്നത പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തതിനും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.  മഞ്ജുവിനെ സംബന്ധിച്ച് കഴിവും ഭാഗ്യവും തുല്യമായ അളവിലും അനുപാതത്തിലും അനുഗ്രഹിച്ച നടിയാണ്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് സാക്ഷ്യം എന്ന ചിത്രത്തിലാണെങ്കിലും ആദ്യം നായികയായത് സല്ലാപത്തിലാണ്. സമാനതകളില്ലാത്ത വിജയയാത്ര അവിടെ നിന്ന് ആരംഭിക്കുന്നു. പിന്നീട് മഞ്ജു അഭിനയിച്ച ഒട്ടുമുക്കാല്‍ സിനിമകളും ഏതെങ്കിലും തരത്തില്‍ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഈ പുഴയും കടന്ന്, ആറാം തമ്പുരാന്‍ എന്നിങ്ങനെ വമ്പന്‍ ഹിറ്റുകള്‍. 

രണ്ടാം വരവില്‍ ആദ്യമായി മുഖം കാണിച്ച പരസ്യചിത്രം ഏറെ ജനപ്രിയമായി. ആദ്യചിത്രം ഹൗ ഓള്‍ഡ് ആര്‍ യു കലാപരമായും സാമ്പത്തികമായും വന്‍വിജയം നേടി. തൊട്ടതെല്ലാം പൊന്ന് എന്ന് മഞ്ജുവിനെക്കുറിച്ച് പലരും രഹസ്യമായി പരസ്യമായും പറയുന്നത് കേട്ടിട്ടുണ്ട്. 
മഞ്ജു എന്ന തമിഴത്തി
സമീപകാലത്ത് തമിഴ് സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ മഞ്ജു പാതി കളിയായും പാതി കാര്യമായും പറഞ്ഞു. ‘സത്യം പറഞ്ഞാല്‍ ഞാനൊരു തമിഴത്തിയാണ്. തമിഴ് സംസാരിക്കാന്‍ മാത്രമല്ല. വായിക്കാനും എഴുതാനും കഴിയും’ അവതാരക പകച്ചിരുന്നപ്പോള്‍ അവര്‍ അതിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. കുടുംബത്തിന്റെ വേരുകള്‍ തൃശൂര്‍ ജില്ലയിലെ പുളള് എന്ന ഗ്രാമത്തിലാണെങ്കിലും തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലാണ് മഞ്ജുവിന്റെ ജനനം. അച്ഛന്‍ മാധവ വാര്യര്‍ ശക്തി ഫൈനാന്‍സിന്റെ നാഗര്‍കോവില്‍ റീജിയണല്‍ ആഫീസില്‍ അക്കൗണ്ടന്റായിരുന്നതു കൊണ്ട് കുടുംബം താത്കാലികമായി അവിടേക്ക് പറിച്ചു നടുകയായിരുന്നു. 

നാഗര്‍കോവിലിലെ സി.എസ്.ഐ സ്‌കൂളില്‍ നിന്നാണ് മഞ്ചു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിതാവിന് പ്രമോഷനൊപ്പം ട്രാന്‍സ്ഫര്‍ കൂടി ലഭിച്ചതോടെ കുടുംബം കേരളത്തില്‍ മടങ്ങിയെത്തി കണ്ണുരില്‍ താമസമാക്കി. കണ്ണുര്‍ ചിന്മയ വിദ്യാലയത്തിലും ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു തുടര്‍ന്നുളള പഠനം. ഈ കാലയളവില്‍ അവര്‍ സംസ്ഥാന സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുത്ത് രണ്ട് തവണ കലാതിലകപ്പട്ടം നേടി. 

തുടക്കം സീരിയലിലൂടെ
ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത മോഹാരവം എന്ന ടിവി സീരിയലിലാണ് മഞ്ജു ആദ്യമായി മുഖം കാണിച്ചതെന്ന് അറിയുന്നു. 1995–ല്‍ കേവലം 17 -ാം വയസില്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലുടെ സിനിമയിലെത്തി. തൊട്ടടുത്ത വര്‍ഷം സല്ലാപത്തില്‍ നായികയുമായി. മൂന്നു വര്‍ഷത്തിനുളളില്‍ 20 ചിത്രങ്ങളില്‍ അഭിനയിച്ച മഞ്ജു വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായി നിറഞ്ഞാടി. ഭാവാഭിനയത്തിന്റെ കരുത്തും സൗന്ദര്യവും ഒരേ സമയം അവര്‍ പ്രേക്ഷകനെ അനുഭവിപ്പിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന പടത്തിലെ പ്രകടനം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. കന്മദം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കളിവീട്, സമ്മര്‍ ഇന്‍ ബേത്‌ലഹേം, പത്രം, ദില്ലിവാല രാജകുമാരന്‍, കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, തൂവല്‍ക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ദയ…വിവിധ ജനുസിലുളള സിനിമകളില്‍ അതിന്റെ പ്രകൃതത്തിന് ഇണങ്ങുന്ന വേറിട്ട കഥാപാത്ര വ്യാഖ്യാനം വഴി മഞ്ജു കാണികളെയും നിരൂപകരെയും അത്ഭുതപ്പെടുത്തി.  മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് 4 തവണ തുടര്‍ച്ചയായി നേടി. 

ചുണ്ടിനും കപ്പിനുമിടയ്ക്ക് നഷ്ടമായ ദേശീയ പുരസ്‌കാര നിര്‍ണ്ണയത്തിനായി ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ വിധി നിര്‍ണ്ണയ സമിതിക്ക് വേണ്ടി വന്നു. അന്ന് മഞ്ജുവിന് പകരം മികച്ച നടിയായത് സാക്ഷാല്‍ ശബാന ആസ്മി. മഞ്ജുവിനുളള അംഗീകാരം പ്രത്യേക പരാമര്‍ശത്തില്‍ ഒതുങ്ങി. 20 -ാം വയസിനുളളിലാണ് ഇതെല്ലാം സംഭവിച്ചതെന്നതും അതിശയം. ആരെയും പ്രകീര്‍ത്തിക്കാന്‍ മടിക്കുന്ന അഭിനയ സാമ്രാട്ട് തിലകന്‍ തന്നെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവെന്ന് പലകുറി തുറന്ന് പറഞ്ഞു. കണ്ണെഴുതി പൊട്ടും തൊട്ടില്‍ അവര്‍ അഭിനയിക്കുന്നത് കാണാനായി മാത്രം തനിക്ക് സീനില്ലാത്ത ദിവസങ്ങളില്‍ പോലും സെറ്റില്‍ എത്തുമായിരുന്നെന്നും തിലകന്‍ പറഞ്ഞു.
എപ്പോള്‍ എന്താണ് മഞ്ജുവിന്റെ മുഖത്ത് വരുന്നതെന്ന് പ്രവചിക്കാനാവില്ലെന്നാണ് തിലകന്റെ ഭാഷ്യം. 1999-ല്‍ വിവാഹത്തെ തുടര്‍ന്ന് അഭിനയജീവിതത്തിന് താത്കാലിക വിരാമമിട്ട മഞ്ജു പിന്നീട് ലൈംലൈറ്റിലേക്ക് വരുന്നത് 2012-ലാണ്. ഗുരുവായുര്‍ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ കുച്ചിപ്പുഡി നൃത്തം അവതരിപ്പിച്ചുകൊണ്ട്. അടുത്ത വര്‍ഷം അവര്‍ അമിതാഭ് ബച്ചനൊപ്പം ഒരു ജൂവല്ലറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചു. 

2014 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന പടത്തിലൂടെ അതിശക്തമായ തിരിച്ചു വരവ് നടത്തുമ്പോള്‍ കലയ്ക്ക് പ്രായമില്ല എന്ന ഇരട്ട സന്ദേശമാണ് ആ സിനിമയും മഞ്ജുവും പൊതുസമൂഹത്തിന് നല്‍കിയത്. പ്രായം എന്നും മഞ്ജുവാര്യര്‍ക്ക് മുന്നില്‍ ശിരസ് നമിച്ചിട്ടേയുളളു. 46 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമാണെന്ന് തോന്നിപ്പിക്കും വിധം ഓരോ വര്‍ഷവും അവര്‍ കൂടുതല്‍ കൂടുതല്‍ യുവത്വത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 
രണ്ടാം വരവിലും വിജയഗാഥകള്‍
രണ്ടാം വരവിലും പരസ്പരം സാധര്‍മ്മ്യങ്ങളില്ലാത്ത വിധം വേറിട്ട സിനിമകളും കഥാപാത്രങ്ങളും ചെയ്യാനായി. അവയില്‍ സിംഹഭാഗവും ബോക്സോഫീസില്‍ വന്‍വിജയം നേടി. പ്രതിഭയും ഭാഗ്യവും സമന്വയിച്ച നടി  എന്ന് അവര്‍ വിശേഷിപ്പിക്കപ്പെട്ടു. മടങ്ങി വരവില്‍ മോഹന്‍ലാലിനൊപ്പം ചെയ്ത എന്നും എപ്പോഴും, ഒടിയന്‍, ലൂസിഫര്‍ എന്നീ സിനിമകളെല്ലാം വിജയകഥ ആവര്‍ത്തിച്ചു. ഉദാഹരണം സുജാത നായകന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ ഒരു സിനിമ തനിച്ച് വിജയത്തിലെത്തിക്കാന്‍ കഴിയുന്ന നടി എന്ന വിശേഷണത്തിന് കാരണമായി. കമലാ സുരയ്യയുടെ ജീവിതകഥ പറഞ്ഞ ആമി വിപണനവിജയം കൈവരിച്ചില്ലെങ്കിലും മഞ്ജുവിന്റെ കരിയറിലെ ആദ്യത്തെ ബയോപികായിരുന്നു. അതിലുപരി മാധവിക്കുട്ടി എന്ന എഴുത്തുകാരിയായി അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെ ചെയ്തു. 

ബിജു മേനോനൊപ്പം അഭിനയിച്ച ലളിതം സുന്ദരം തീയറ്ററില്‍ വിജയമായി എന്നതിനൊപ്പം മഞ്ജുവിന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭം എന്ന നിലയിലും പ്രകീര്‍ത്തിക്കപ്പെട്ടു. സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. പ്രീസ്റ്റ് എന്ന ചിത്രത്തില്‍ ഇതാദ്യമായി മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനും മഞ്ജുവിന് അവസരം ലഭിച്ചു. പ്രതി പൂവന്‍കോഴിയായിരുന്നു മറ്റൊരു ചിത്രം. സ്ത്രീത്വത്തിന്റെ കരുത്ത് അനുഭവിപ്പിക്കുന്ന അതിലെ സെയില്‍സ്‌ഗേള്‍ കഥാപാത്രവും മഞ്ചുവിന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം ഫലപ്രദമായ ഒന്നാണെന്ന് വിലയിരുത്തപ്പെട്ടു. തമിഴില്‍ അജിത്ത്, രജനീകാന്ത്, ധനുഷ് എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ച മഞ്ജുവിന് തെന്നിന്ത്യ എമ്പാടും ആരാധകരുണ്ടായി. നിരവധി വ്യവസായ സംരംഭങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു ഒട്ടനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു.
കൊവിഡ്, പ്രളയം അടക്കമുളള അവിചാരിത ദുരന്തങ്ങള്‍ കേരളത്തെ കീഴടക്കിയ സന്ദര്‍ഭങ്ങളില്‍ അവര്‍ തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെ സാന്ത്വനപ്രവര്‍ത്തനങ്ങളുമായി മുന്‍നിരയില്‍ തന്നെയുണ്ടായി.
കേരളീയ സ്ത്രീത്വത്തിന്റെ മഹാമാതൃക
നടി, നര്‍ത്തകി എന്നതിലുപരി വ്യക്തി എന്ന നിലയിലും സര്‍വോപരി സ്ത്രീ എന്നത് കണക്കിലെടുക്കുമ്പോഴും മഞ്ജു വാര്യരുടെ ജീവിതത്തെ ഒരു മാതൃകയായി തന്നെ പൊതുസമൂഹം നോക്കി കാണുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന വിപരീതാനുഭവങ്ങളുടെ പാരമ്യതയില്‍ നിന്നും അവര്‍ ഹൃദ്യമായ ഒരു ചിരിയോടെ പുഷ്പം പോലെ നീന്തിക്കയറുന്ന കാഴ്ച നാം കണ്ടു. പ്രാതികൂല്യങ്ങളില്‍ തളര്‍ന്നു പോകാതെ കൂടുതല്‍ വീറോടെ ജീവിതത്തോട് പൊരുതാനുറച്ച മഞ്ജു ഇന്ന്  മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകാര്യതയ്ക്ക് ഉടമയായി. മലയാളത്തില്‍ മറ്റാര്‍ക്കും സ്വപ്നം കാണാനാവാത്ത പ്രതിഫലം വാങ്ങുന്ന അവര്‍ അഭിനയമികവിലും  തലപ്പൊക്കമുളള കലാകാരിയായി വിലയിരുത്തപ്പെടുന്നു. 

മഞ്ജു വാര്യർ∙ ചിത്രം: manju.warrier/ Instagram

വ്യക്തിജീവിതത്തിലെ പെരുമാറ്റ മര്യാദകളില്‍ പുലര്‍ത്തുന്ന മാന്യതയാര്‍ന്ന സമീപനമാണ് മഞ്ജു വാര്യരുടെ മറ്റൊരു മുഖമുദ്ര. തനിക്ക് എത്ര അനഭിമതരായ വ്യക്തികളെക്കുറിച്ച് പോലും വളരെ സംസ്‌കാര സമ്പന്നമായി പ്രതികരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എത്ര പ്രകോപനപരമായ സന്ദര്‍ഭങ്ങളില്‍ പോലും ‌വൈകാരികമായ സംയമനവും സന്തുലിതാവസ്ഥയും പുലര്‍ത്താന്‍ കഴിയുന്നു. മലയാളി സ്ത്രീകള്‍ക്കിടയിലെ റോള്‍മോഡല്‍ എന്ന തലത്തില്‍ വലിയ ഒരു ജനവിഭാഗം മഞ്ജു വാര്യരെ നോക്കി കാണുന്നു. സ്ത്രീയുടെ അതിജീവനത്തിന്റെയുംഉള്‍ക്കരുത്തിന്റെയും ഉദാത്ത മാതൃകയായി അവര്‍ മഞ്ജുവിനെ എടുത്തു കാണിക്കുന്നു.
1996 ല്‍ തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തില്‍ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ച മഞ്ജുവിന് (ഈ പുഴയും കടന്ന്) പിന്നീട് നാളിതുവരെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചില്ല എന്നത് ഒരു വൈരുദ്ധ്യമായി തോന്നാമെങ്കിലും പുരസ്‌കാരങ്ങള്‍ക്കപ്പുറം വളര്‍ന്ന ഒരു പ്രതിഭ എന്ന നിലയില്‍ അതൊന്നും അവരുടെ നടനവൈശിഷ്ട്യത്തെ ബാധിക്കില്ല എന്നതാണ് വാസ്തവം. മഞ്ജു വാര്യര്‍ കേരളത്തെ സംബന്ധിച്ച് ഒരു പ്രതീകമാണ്. അതുതന്നെയാണ് അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം.

സ്നേഹ സംഗീതം: ഗായിക കെ.എസ്. ചിത്രയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ചു മലയാള മനോരമ കൊച്ചിയിൽ ഒരുക്കിയ ‘ചിത്രപൂർണിമ’ സംഗീതസന്ധ്യയിൽ ആശംസ നേരാൻ വേദിയിലെത്തിയ നടി മഞ്ജുവാര്യർക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ചിത്ര. മഞ്ജുവിനായി താൻ പാടിയ സല്ലാപം എന്ന ചിത്രത്തിലെ ഗാനത്തിന്റെ ഹമ്മിങ്‌ ആലപിച്ചു ചിത്ര മഞ്ജുവിനെ സ്വീകരിച്ചപ്പോൾ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ചിത്രയുടെ ഗാനം ആലപിച്ചാണ് മഞ്ജു ആദരമർപ്പിച്ചത്. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

മഞ്ജുവിന് ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചാര്‍ത്തി കൊടുത്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ പോലും ഏറെ പഴികേട്ടിട്ടുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യവും പരിശോധിക്കപ്പെടേണ്ടതാണ്. നയന്‍താര അടക്കമുളളവര്‍ ഈ വിശേഷണത്തിന് അര്‍ഹയായത് സിനിമയിലെ താരമൂല്യത്തിന്റെ കണക്കില്‍ മാത്രമാണ്. മഞ്ജുവിന്റെ സ്ഥിതി വിഭിന്നമാണ്. പ്രതീക്ഷാനിര്‍ഭരമായ കുടുംബജീവിതത്തില്‍ നിന്നും സാഹചര്യവശാല്‍ വെറും കയ്യോടെ ഇറങ്ങി വന്ന് തെന്നിന്ത്യയുടെ മൂഴുവന്‍ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ അവര്‍ സ്ത്രീസമൂഹത്തിനാകെ വലിയ പ്രചോദനമാണ്. 
നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പ്രമുഖരെ മുന്നിലിരുത്തി തുറന്നടിക്കാന്‍ ആര്‍ജ്ജവം കാണിച്ച അതേ മഞ്ജു തന്നെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങള്‍ ചികഞ്ഞ മാധ്യമങ്ങള്‍ക്ക് നല്‍കിയ‌ ഉത്തരത്തില്‍ പോലും അവരുടെ ശ്രേഷ്ഠ വ്യക്തിത്വമുണ്ട്.  ”പറയാനും കേള്‍ക്കാനുമൊക്കെ വേദനിക്കുന്ന ഉത്തരമാണെങ്കില്‍ അത്  പറയാതിരിക്കുന്നത് തന്നെയാ നല്ലത്. അങ്ങനെയിരുന്നോട്ടെ. അത് തികച്ചും വ്യക്തിപരവും ഞാന്‍ ഏറ്റവും ബഹുമാനിക്കുന്നതുമാണ് ആ സ്വകാര്യതാന്നുളളത്. രണ്ടു പേരുടെയും. എന്റെ മാത്രമല്ല അദ്ദേഹത്തിന്റെയും..അതുകൊണ്ട് അതിനെ മാനിച്ചുകൊണ്ട് ഞാന്‍ ഉത്തരം പറയുന്നില്ല’

ഈ വിഷയത്തില്‍ ഇത്രമേല്‍ മാന്യമായി ഒരു സ്ത്രീക്ക് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും. അതേസമയം പ്രതികരിക്കേണ്ടിടത്ത് അതിന്റെ മൂര്‍ച്ച ഒട്ടും കുറയാതെ സംസാരിക്കാനുളള  ആര്‍ജ്ജവവും അവര്‍ക്കുണ്ട്. സ്ത്രീ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചു കിട്ടണമെന്ന് പൊതുവേദിയില്‍ പരസ്യമായി പറഞ്ഞ മഞ്ജു സിനിമയില്‍ മാത്രമല്ല, സമഭാവനയിലും മാനവികതയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരുടെയും സൂപ്പര്‍താരമാണ്.


Source link
Exit mobile version