KERALAM

നാടകത്തെ ഉള്ളു നിറഞ്ഞ് സ്നേഹിച്ച അഭിനയ പ്രതിഭ

രാധാകൃഷ്ണൻ മാന്നനൂർ | Friday 20 December, 2024 | 4:38 AM

നടി മീന ഗണേഷിന്റെ മൃതദേഹം ഷൊർണൂർ ചുഡുവാലത്തൂരിലെ വസതിയായ മനോജ് വിഹാറിൽ പൊതുദർശനത്തിന് വെച്ചപ്പോൾ.

ഷൊർണൂർ: നാടകത്തെ ഉള്ളുനിറഞ്ഞ് സ്നേഹിച്ച തികഞ്ഞ അഭിനേത്രിയായിരുന്നു ഇന്നലെ വിടപറഞ്ഞ സിനിമ, സീരിയൽതാരം മീന ഗണേഷ്. പതിറ്റാണ്ടുകാലം മലയാള നാടകവേദിയിൽ ഉജ്ജ്വലമാർന്ന അഭിനയം കാഴ്ചവച്ചു. തന്റെ പല കഥാപാത്രങ്ങൾക്കും ഭാഷാപരമായ സവിശേഷത പകർന്നു നൽകി. ഏറനാടൻ, വള്ളുവനാടൻ കോഴിക്കോടൻ മുസ്ലിം കുംഭാര ഭാഷയടക്കം പ്രാദേശിക ഭാഷ വകഭേദങ്ങളെ നാടകത്തിലും, സിനിമയിലും പറഞ്ഞ് ഫലിപ്പിക്കുന്നതിൽ വിജയിച്ചു.

നാടകരംഗം തേച്ചുമിനുക്കിയ അഭിനയ പ്രതിഭയായിരുന്നു. ഭർത്താവ് എ.എൻ.ഗണേഷിന്റെ എണ്ണമറ്റ നാടകങ്ങൾക്ക് പുറമെ കെ.ടി.മുഹമ്മദ്, ഇബ്രാഹിം വേങ്ങര തുടങ്ങിയ പ്രമുഖ നാടകകൃത്തുക്കൾ നൽകിയ മികച്ച കഥാപാത്രങ്ങൾക്കും അരങ്ങിൽ ജീവനേകി. ബാലൻ കെ.നായർ, തിലകൻ, ഫിലോമിന തുടങ്ങിയ പ്രമുഖർക്കൊപ്പം നാടകരംഗത്ത് പ്രവർത്തിച്ചു. സിനിമയിലേക്ക് എത്തിയത് 1976 കാലത്താണ്.


നാടകവും, സിനിമയും ഒരുപോലെ തുടർന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീശ മാധവൻ, നന്ദനം തുടങ്ങിയ സിനിമകളിലെ അമ്മ കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടി. കലാഭവൻ മണിയുടെ സിനിമകളിൽ സ്ഥിരം അമ്മവേഷം ചെയ്തതോടെ പ്രേക്ഷകർക്കിടയിൽ ‘മണിയുടെ അമ്മ’ എന്ന വിശേഷണവും വന്നുചേർന്നു.

നാടകത്തെ സ്‌നേഹിച്ച, നാട്യങ്ങളില്ലാത്ത, നാട്ടുമ്പുറത്തുകാരിയായ നടി എന്ന പ്രശസ്തി സ്വന്തമാക്കിയാണ് മീന ഗണേഷ് ജീവിതത്തിന്റെ അരങ്ങൊഴിയുന്നത്.


Source link

Related Articles

Back to top button