KERALAM

ചോദ്യപേപ്പർ ചോർച്ച; അന്വേഷണം എയ്ഡഡ്  സ്കൂൾ  അദ്ധ്യാപകരിലേക്കും

തിരുവനന്തപുരം: എസ്.എസ്.​എൽ.സി,​ പ്ലസ് വൺ ക്രിസ്മസ് പരീക്ഷകളുടെ ചില വിഷയങ്ങളിലെ ചോദ്യപേപ്പർ ചോ‌ർന്ന സംഭവത്തിൽ അന്വേഷണം അദ്ധ്യാപകരിലേക്കും വ്യാപിപ്പിച്ച് ക്രെെംബ്രാഞ്ച്. എം എസ് സൊല്യൂഷനുമായി സഹകരിച്ച് പ്രവർത്തിച്ച എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ വിശദാംശങ്ങൾ ശേഖരിച്ചു.

എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനലിൽ ക്ലാസുകൾ തയ്യാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപകരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എം എസ് സൊല്യൂഷനെതിരെ മുൻപ് പരാതി നൽകിയ സ്കൂൾ അധികൃതരുടെയും മൊഴി അന്വേഷണ സംഘമെടുത്തു. എം എസ് സൊല്യൂഷ്യനെ കുറിച്ചുള്ള പരാതി മാത്രമാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുക.

ക്രിസ്‌മസ് പരീക്ഷയിൽ എസ്‌എസ്‌എൽ‌സിയുടെ ഇംഗ്ലീഷ്, പ്ലസ് വണ്ണിന്റെ മാത്തമാറ്റിക്സ് ചോദ്യങ്ങളാണ് യൂട്യൂബിലെത്തിയത്. പരീക്ഷയുടെ തലേന്ന് ചോദ്യം ലീക്കായെന്നും ഉറപ്പായും വരുമെന്നും പറഞ്ഞാണ് അദ്ധ്യാപകൻ ലൈവായി ഈ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത്. ചോദ്യപേപ്പർ ചാനലിൽ കാട്ടിയില്ലെങ്കിലും ചോദ്യങ്ങളുടെ ക്രമംപോലും തെറ്റാതെയായിരുന്നു ലൈവ്. വിദ്യാർത്ഥികൾ അദ്ധ്യാപകരോട് ഇതിൽ പലചോദ്യങ്ങളുടെയും ഉത്തരങ്ങൾ ചോദിച്ചിരുന്നു.

പിറ്റേന്ന് ചോദ്യപേപ്പർ കണ്ടപ്പോൾ സംശയംതോന്നിയ അദ്ധ്യാപകരാണ് ചോർച്ച പുറത്തുവിട്ടത്. പിന്നാലെ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ പൊലീസിൽ പരാതിനൽകി. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിക്കും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു. ഈ പരാതി ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.


Source link

Related Articles

Back to top button