KERALAM

ക്ഷേത്ര ശ്രീകോവിൽ, പതിനെട്ടാം പടിയടക്കം ഓട്ടോയിൽ; രൂപമാറ്റം വരുത്തിയതിന് വമ്പൻ പിഴ നൽകി എംവിഡി

പത്തനംതിട്ട: രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ക്ഷേത്ര ശ്രീകോവിലിന്റെ മാതൃക ഓട്ടോയിൽ കെട്ടിവച്ചിരുന്നു. ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിയടക്കമുള്ളവയുടെ മാതൃകയും കാണാം. ക്ഷേത്ര ശ്രീകോവിലിന്റെ രൂപം ഓട്ടോയ്ക്ക് പുറത്ത് തളളിനിൽക്കുന്നനിലയിലായിരുന്നു.

കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടകരമായ രീതിയിൽ ഓട്ടോയിൽ രൂപ മാറ്റം വരുത്തിയതിന് എംവിഡി 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം, റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണന്ന് എം വി ഡി അറിയിച്ചു.

‘ശബരിമല തീർത്ഥാടനത്തിന്റെ ഈ കാലഘട്ടത്തിൽ പൂക്കൾ, മഞ്ഞൾ, ചന്ദനം മറ്റ് അലങ്കാരങ്ങൾ എന്നിവകൊണ്ട് രജിസ്‌ട്രേഷൻ നമ്പർ മായ്ക്കുന്ന തരത്തിലാണ് ഭൂരിഭാഗം അയ്യപ്പഭക്തരും തീർത്ഥാടനത്തിനായി ഉപയോഗിച്ചുകാണുന്നത്. കൂടാതെ വാഹനങ്ങളുടെ മുന്നിലും പിന്നിലുമുള്ള സുരക്ഷാ ഗ്ലാസുകളിൽ പലതരം സ്റ്റിക്കറുകളും മറ്റും പതിപ്പിച്ചാണ് തീർത്ഥ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ഇത് ഡ്രൈവറുടെ പുറമെയുള്ള കാഴ്ചയെ പരിമിതപ്പെടുത്തുകയും റോഡ് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇത്തരം നിയമനടപടികളിൽ കർശന നടപടികൾ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതി നിർദേശം നൽകിയതിന്റെ കൂടി അടിസ്ഥാനത്തിൽ അപകട സാദ്ധ്യതയുള്ളതും സുരക്ഷയെ ബാധിക്കുന്നതുമായ ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കണം.’- എംവിഡി വ്യക്തമാക്കി.


Source link

Related Articles

Back to top button