‘ഞങ്ങൾ പച്ചക്കറി തരുന്നു, ഇവിടെ കുപ്പത്തൊഴുത്ത് ആക്കുകയാണോ കേരളം?’: ഗതികെട്ട് തിരുനെൽവേലി

‘ഞങ്ങൾ പച്ചക്കറി തരുന്നു, ഇവിടെ കുപ്പത്തൊഴുത്ത് ആക്കുകയാണോ കേരളം?’: ഗതികെട്ട് തിരുനെൽവേലി | മനോരമ ഓൺലൈൻ ന്യൂസ്- chennai india news malayalam | Kerala Hospital Waste Crisis ​| Green Tribunal Slams Kerala over Illegal Waste Dumping in Tirunelveli | Malayala Manorama Online News

‘ഞങ്ങൾ പച്ചക്കറി തരുന്നു, ഇവിടെ കുപ്പത്തൊഴുത്ത് ആക്കുകയാണോ കേരളം?’: ഗതികെട്ട് തിരുനെൽവേലി

ഓൺലൈൻ ഡെസ്ക്

Published: December 19 , 2024 11:54 AM IST

Updated: December 19, 2024 12:09 PM IST

1 minute Read

തിരുനെൽവേലിയിൽ തള്ളിയ മാലിന്യം. ചിത്രം: മനോരമ

ചെന്നൈ ∙ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിലെ നടുക്കല്ലൂർ, കൊടഗനല്ലൂർ ഗ്രാമങ്ങളെ മാലിന്യക്കൂമ്പാരമാക്കി. വ്യക്തിവിവരങ്ങൾ അടങ്ങിയ ആർസിസിയിലെ ചികിത്സാരേഖകളും മാലിന്യത്തിലുണ്ട്. ആടുകളെ മേയ്ക്കുന്ന ജോലി ചെയ്താണ്  ഗ്രാമീണർ ജീവിക്കുന്നത്. ഗ്രാമത്തിലെ ജലാശയങ്ങൾ മലിനമായതിനാൽ ആടുവളർത്തലും ബുദ്ധിമുട്ടിലാണ്. പൊലീസിൽ പരാതി കൊടുത്തതായി നാട്ടുകാർ പറഞ്ഞു.

‘‘ഗ്രാമീണർ ആശങ്കയിലാണ്. തൊട്ടടുത്തു പച്ചക്കറികൃഷി ചെയ്യുന്ന സ്ഥലവുമുണ്ട്. ഞങ്ങൾ കേരളത്തിനു പച്ചക്കറി തരുമ്പോൾ ഇവിടം കുപ്പത്തൊഴുത്താക്കാനാണോ കേരളത്തിന്റെ നീക്കം?’’– പഞ്ചായത്ത് പ്രസിഡന്റ് മഹാരാജ് ചോദിച്ചു. പത്തിലധികം സ്ഥലങ്ങളിൽ മാലിന്യം തള്ളിയിട്ടുണ്ട്. ഒരു മാസമായി മാലിന്യം തള്ളുകയാണെന്ന് നാട്ടുകാർ പറയുന്നു. പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂടുതലും. ആശുപത്രി മാലിന്യവും കൂട്ടത്തിലുണ്ട്.

കേരളത്തിൽനിന്ന് തിരുനെൽവേലിയിൽ തള്ളിയ മാലിന്യം. ചിത്രം: മനോരമ

മാലിന്യം തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുമെന്നു വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രൈബ്യൂണൽ, മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണു പ്രവർത്തനാനുമതി നൽകുന്നതെന്നും കേരളത്തോട് ചോദിച്ചു. ഉപയോഗിച്ച സിറിഞ്ചുകൾ, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെ ഉപേക്ഷിച്ച മാലിന്യങ്ങൾ നീക്കാൻ ആവശ്യമായ മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ഈടാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.

തിരുനെൽവേലിയിൽ തള്ളിയ മാലിന്യം. ചിത്രം: മനോരമ

സമാന സംഭവങ്ങളിൽ ഹരിത ട്രൈബ്യൂണൽ കേരളത്തിനെതിരെ മുൻപും കേസെടുത്തിരുന്നു. കേരളം മാലിന്യം തള്ളിയ സംഭവം വിവാദമായതിനു പിന്നാലെ തമിഴ്നാട് അതിർത്തിയിലെ ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

English Summary:
Kerala Hospital Waste Crisis: Kerala hospital waste is illegally dumped in Tirunelveli, Tamil Nadu, causing severe environmental pollution and impacting local livelihoods.

5us8tqa2nb7vtrak5adp6dt14p-list mo-environment-pollution mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bio-medical-waste mo-news-common-chennainews n0hh7j6g3ehss9ocuej3at40t


Source link
Exit mobile version