ആദ്യ രക്ഷകരായി 3 സിഐഎസ്എഫ് ജവാൻമാർ; കുതിച്ചെത്തി 11 റെസ്ക്യൂ കപ്പലും 4 ഹെലികോപ്റ്ററും

ആദ്യ രക്ഷകരായി 3 സിഐഎസ്എഫ് ജവാൻമാർ; കുതിച്ചെത്തി 11 റെസ്ക്യൂ കപ്പലും 4 ഹെലികോപ്റ്ററും മനോരമ ഓൺലൈൻ ന്യൂസ്-mumbai india news malayalam | Mumbai boat accident | Three CISF jawans were the first responders, saving 35 people | Malayala Manorama Online News
ആദ്യ രക്ഷകരായി 3 സിഐഎസ്എഫ് ജവാൻമാർ; കുതിച്ചെത്തി 11 റെസ്ക്യൂ കപ്പലും 4 ഹെലികോപ്റ്ററും
ഓൺലൈൻ ഡെസ്ക്
Published: December 19 , 2024 10:29 AM IST
1 minute Read
അപകടത്തിൽ നിന്ന് രക്ഷപെട്ടവർ. ചിത്രം: മനോരമ
മുംബൈ ∙ നഗരത്തെ നടുക്കിയ ബോട്ടപകടത്തിൽ ആദ്യഘട്ടത്തിൽ രക്ഷകരായത് 3 സിഐഎസ്എഫ് ജവാൻമാർ. സിഐഎസ്എഫ് പട്രോളിങ് ബോട്ടായ ഷെറ-1 ൽ കുതിച്ചെത്തിയ ജവാൻമാർ കടലിൽ വീണ 35 പേരെയാണു രക്ഷിച്ചത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് എലിഫന്റാ ദ്വീപിലേക്കു നൂറിലധികം യാത്രക്കാരുമായി പോവുകയായിരുന്ന നീൽകമൽ യാത്രാബോട്ട് ഇന്ത്യൻ നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചതിനെ തുടർന്നാണ് ബുച്ചർ ദ്വീപിന് സമീപം മറിഞ്ഞത്. നാവികസേനാ ബോട്ട് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അപകടത്തിൽപ്പെട്ട യാത്രാബോട്ടിലുണ്ടായിരുന്ന യാത്രക്കാരന്റെ പരാതിയിലാണ് കേസ്.
‘‘ഭാഗ്യവശാൽ, ഞങ്ങളുടെ പട്രോളിങ് ബോട്ട് ആ പ്രദേശത്തുണ്ടായിരുന്നു. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനായി മേഖലയിലേക്കു കുതിച്ചു. തുടക്കത്തിൽ 35 പേരെയാണു ഷെറ –1ലുള്ള 3 ക്രൂ അംഗങ്ങൾ ചേർന്നു രക്ഷിച്ചത്. മറ്റു രക്ഷാപ്രവർത്തകർ കൂടി എത്തിയതോടെ 72 പേരെയെങ്കിലും രക്ഷിക്കാനായി. രക്ഷാപ്രവർത്തനത്തിന് എത്താൻ ആവശ്യപ്പെട്ട് മറ്റു സുരക്ഷാ ഏജൻസികൾക്ക് എസ്ഒഎസ് സന്ദേശം അയച്ചു. യാത്രക്കാരിൽ ചിലർക്കെല്ലാം അടിയന്തരമായി സിപിആർ നൽകി.’’ – രക്ഷാപ്രവർത്തനം നടത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് അപകടമുണ്ടായെന്നാണു നാവികസേനയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. ട്രയൽ റൺ നടത്തുകയായിരുന്ന നേവി ബോട്ടിന്റെ ഓപ്പറേറ്റർക്കു നിയന്ത്രണം നഷ്ടപ്പെടുകയും യാത്രാബോട്ടിൽ ഇടിക്കുകയുമായിരുന്നു. അപകടം നടന്ന ഉടനെ നാവികസേനയുടെ 4 ഹെലികോപ്റ്ററുകളും, 11 റെസ്ക്യൂ കപ്പലുകളും സംഭവസ്ഥലത്തേക്കു കുതിച്ചെത്തി.
‘‘മൂന്നരയോടെയാണു ബോട്ടിൽ കയറിയത്. ഏകദേശം 10 കിലോമീറ്റർ കടലിൽ പിന്നിട്ടിരിക്കെ, വേഗത്തിൽ വന്ന ബോട്ട് ഞങ്ങളുടെ ബോട്ടിലേക്ക് ഇടിച്ചു കയറി. പിന്നാലെ ബോട്ടിലേക്കു വെള്ളം കയറാൻ തുടങ്ങി. ഉടനെ ലൈഫ് ജാക്കറ്റ് ധരിക്കാൻ ബോട്ട് ഡ്രൈവർ എല്ലാവരോടും നിർദേശിച്ചു. ഞാൻ ലൈഫ് ജാക്കറ്റ് ധരിച്ചപ്പോഴേക്കും ബോട്ട് മുങ്ങി. കുറെ ദൂരം നീന്തിയ ശേഷമാണ് രക്ഷാബോട്ടുകളെത്തിയത്.’’ – രക്ഷപ്പെട്ട യാത്രക്കാരൻ പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണു യാത്രാബോട്ട് കടൽയാത്ര നടത്തിയിരുന്നതെന്നാണു റിപ്പോർട്ട്. ആവശ്യത്തിന് ലൈഫ് ജാക്കറ്റില്ലാതെയായിരുന്നു യാത്ര. ഉള്ള ലൈഫ് ജാക്കറ്റുകൾ പോലും യാത്രക്കാർക്ക് ധരിക്കാൻ നൽകിയില്ല. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് എലിഫന്റാ ദ്വീപ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് കടലിലൂടെ ഒരു മണിക്കൂറിലേറെ നീളുന്ന ബോട്ടുയാത്രയാണ് ഏക ആശ്രയം. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടേക്ക് എത്തുന്നത്.
English Summary:
Mumbai boat accident: Three CISF jawans were the first responders, saving 35 people from a capsized ferry near Elephanta Island following a collision with an Indian Navy speedboat.
mo-defense-indiannavy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-boataccident mo-news-common-mumbainews 49nmv6s5dha9a4jbutcnsfcv37
Source link