KERALAM

തീർത്ഥാടന അസ്തിത്വം സത്യത്തിന്റെ ബലിഷ്ഠത: സ്വാമി ശുഭാംഗാനന്ദ

സ്വാമി ശുഭാംഗാനന്ദ

(ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ജനറൽ സെക്രട്ടറി)​

ശിവഗിരി: തീർത്ഥാടനങ്ങളുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും സമൃദ്ധിയും ചരിത്രവും കൊണ്ട് പുകൾപെറ്റ ഭൂമിയാണ് ഭാരതം. ആർഷസംസ്കൃതിയിൽ തന്നെ തീർത്ഥാടനങ്ങളുടെ പൈതൃകവും സമ്പന്നതയും നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. മിക്ക തീർത്ഥാടനങ്ങളുടെയും ഘടനയും ഉള്ളടക്കവും നിലനില്പും വിശ്വാസവും ആരാധനയും കെട്ടുപിണഞ്ഞു കിടക്കുന്നതുമാണ്. വിശ്വാസത്തിലധിഷ്ഠിതമായ ആരാധനയും, ആരാധനയിലധിഷ്ഠിതമായ വിശ്വാസവും ഇതു രണ്ടും കൊണ്ടല്ലാതെ ഒരു തീർത്ഥാടനത്തിനും കാലത്തെ അതിജീവിക്കാനാവില്ല. വിശ്വാസവും ആരാധനയും തമ്മിൽ പിരിക്കാനാവാത്തവിധം ഒന്നുചേർന്നു കിടക്കുന്നു. തീർത്ഥാടനങ്ങളുടെ ഈ പരമ്പരാഗത മാർഗ്ഗത്തിൽ നിന്നും ഘടനയിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു അസ്തിത്വത്തിൽ നിന്നാണ് ശിവഗിരി തീർത്ഥാടനം ഉദയം കൊണ്ടിട്ടുള്ളത്. ശിവഗിരി തീർത്ഥാടനത്തിന്റെ അസ്തിത്വമെന്നത് ആത്മീയതയും ലൗകികതയും രണ്ടല്ലാതൊന്നായി ചേർന്നുനിൽക്കുന്ന സത്യത്തിന്റെ ബലിഷ്ഠതയാണ്. മറ്റെല്ലാം ദുർബലവും ദുർലഭമാകുമ്പോഴും സത്യത്തിന്റെ നിത്യതയിലും നിതാന്തതയിലുമാണ് ഈ സമസ്ത പ്രപഞ്ചവും അതിലുള്ളതൊക്കെയും നിലനിൽക്കുന്നത്. ഈ ഋഷിദർശനത്തിൽ നിന്നും ഉദയസൂര്യനെപ്പോലെ ഉയർന്നുവന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ഘടനയും ഉള്ളടക്കവും. അതിന്റെ ബിംബം ശ്രീനാരായണ ബിംബവും, ലക്ഷ്യം വിശ്വമാനവികതയിൽ അധിഷ്ഠിതമായ ഉത്കർഷവും, സ്വഭാവം സർവ വിഭാഗീയതകൾക്കും അതീതമായ ഒരുമയുമാണ്. ആന്തരികമായ പരിവർത്തനത്തിന്റെ പ്രകാശപരതയിൽ നിന്നുവേണം ഏതൊരു ഭൗതികമാറ്റവും മുന്നേറ്റവും ഉണ്ടാകേണ്ടത്. അതില്ലാതെ സംഭവിക്കുന്ന യാതൊരു ഭൗതിക ചലനത്തിനും വ്യക്തിയെയോ സമൂഹത്തെയോ ദീർഘകാലം നേർദിശയിലേക്ക് നയിക്കാനാവുകയില്ല. മനുഷ്യനെ ലോകത്തിന്റെ ബാഹ്യാഭ്യന്തരശുദ്ധിക്കും അഭ്യുന്നതിക്കും ആധാരമായി നിലകൊള്ളുന്ന അടിസ്ഥാന വിഷയങ്ങളിൽ പ്രബുദ്ധനും സ്വതന്ത്രനുമാക്കി അവനെ ഒരു വിശ്വമാനവനാക്കി തീർക്കുക എന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യകല്പനയായി ഗുരുദേവൻ ലോകത്തിന് നൽകിയത്.

ലോകമാകെയും മനുഷ്യരാകെയും ശാസ്ത്രമാകെയും ആത്മീയ ലൗകികഭേദം കൂടാതെ ശരീരവും പ്രാണനുമെന്നപോലെ ഒന്നായി നിലകൊള്ളുന്നതാണ്. ഇങ്ങനെ പരംപൊരുളിന്റെ നിത്യവർത്തമാനത്തിൽ നട്ടുവളർത്തപ്പെട്ടതാണ് ശിവഗിരി തീർത്ഥാടനം.

മനുഷ്യന്റെ ചിന്തയും നോട്ടവും വാക്കും അറിവും പ്രവൃത്തിയും എവിടെവരെ ചെന്നെത്തുമോ അതിനും അപ്പുറത്തേക്കാണ് ശിവഗിരി തീർത്ഥാടനം പ്രകാശം ചൊരിയുന്നത്. സർവസമന്വയത്തിന്റെയും സമഭാവനയുടെയും നവോത്ഥാനത്തിന്റെയും അഭൗമമായ ‘സ്രോതസ്സാണ്’ ശിവഗിരി തീർത്ഥാടനം. ഭക്തിയും ശുദ്ധിയും അറിവും ശ്രദ്ധയും വേറല്ലാത്തവിധം സമന്വയിക്കുന്ന ശിവഗിരി തീർത്ഥാടനം പുനരവലോകനത്തിന്റെയും പുനരാവിഷ്കരണത്തിന്റെയും വലിയ സാദ്ധ്യതകളാണ് സമ്മാനിക്കുന്നത്.

(തയ്യാറാക്കിയത് : സജി നായർ )


Source link

Related Articles

Back to top button