‘കാമദേവൻ നക്ഷത്രം കണ്ടു’; ഒരു ഇരുപത്തിരണ്ടുകാരിയുടെ രാജ്യാന്തര ചലച്ചിത്രമേള
‘കാമദേവൻ നക്ഷത്രം കണ്ടു’; ഒരു ഇരുപത്തിരണ്ടുകാരിയുടെ രാജ്യാന്തര ചലച്ചിത്രമേള | IFFK Movie
‘കാമദേവൻ നക്ഷത്രം കണ്ടു’; ഒരു ഇരുപത്തിരണ്ടുകാരിയുടെ രാജ്യാന്തര ചലച്ചിത്രമേള
സ്വാതി ലക്ഷ്മി വിക്രം
Published: December 18 , 2024 03:05 PM IST
1 minute Read
കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു ചെറുപ്പക്കാരുടെ ചിത്രങ്ങൾ. പാലക്കാട് നിന്ന് ‘നീലമുടിയുമായി’ എത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ വാർത്തകളിലും ഇടം നേടി. ഇത്തവണയും അവരെ കാണാതെ പോവാൻ കാണികൾക്ക് കഴിയില്ല. പക്ഷേ ഇത്തവണ ഒരു പുതുമ കൂടിയുണ്ട്. കൂട്ടത്തിലെ 22 വയസ്സുള്ള പെൺകുട്ടിയായ ആദിത്യ ബേബിയുടെ സംവിധാനത്തിൽ ആണ് ‘കാമദേവൻ നക്ഷത്രം കണ്ടു പിറന്നത്’.
സ്കൂൾ ഓഫ് ഡ്രാമമയിൽ നിന്നും പഠിച്ചിറങ്ങിയ ഇവർക്ക് സിനിമയും നാടകവും ജീവിതത്തിന്റെ ഭാഗമാണ്. ഒട്ടേറെ പരിമിതികൾ മറികടന്ന് രാജ്യാന്തര മേളയിൽ എത്തി നിൽക്കുമ്പോൾ അടുത്ത സിനിമ മാത്രമാണ് അവരുടെ ലക്ഷ്യം. ഇതിനിടെ പാലക്കാട് ജില്ലാ കലോത്സത്തിൽ ഇവരുടെ മേൽനോട്ടത്തിൽ വട്ടനാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നാടകം സംസ്ഥാന തലത്തിലേക്ക് എത്താൻ തയാറെടുക്കുന്നു.
ഹൈപ്പർ സെക്ഷ്വലായ രണ്ട് യുവാക്കളുടെയും അവരുടെ ഇടയിലേക്ക് വന്നു കയറുന്ന ഒരു പെൺകുട്ടിയുടെയും കഥയാണ് സിനിമ. ‘നീലമുടി’ക്ക് മുൻപ് തന്നെ നിരവധി ഷോർട്ട് ഫിലിമുകളും ഈ കൂട്ടായ്മയിൽ നിന്നും ഉണ്ടായിട്ടുണ്ട്. 2 ലക്ഷം രൂപ ബജറ്റിൽ ഐഫോൺ 14 പ്രോയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായിക ആദിത്യ ബേബിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിക പ്രഭ ബാബുവും പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിനികളാണ്. 28 ദിവസങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിൽ ആയിട്ടാണ് സിനിമ പൂർത്തീകരിച്ചത് എന്ന് ആദിത്യ ബേബി പറയുന്നു. ‘‘കൃത്യമായ പ്ലാനിങ് ആണ് സിനിമ സുഗമമായി ചിത്രീകരിക്കാൻ സഹായിച്ചത്. അണിയറ പ്രവർത്തകരെല്ലാം തന്നെ സുഹൃത്തുക്കൾ ആയത് അതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്’’.
ഒരു പത്ര കട്ടിങ്ങിൽ നിന്നാണ് സിനിമയ്ക്ക് അടിസ്ഥാനമായ കഥ രൂപപ്പെട്ടതെന്ന് തിരക്കഥാകൃത്ത് ശരത്ത് പറയുന്നു. “നീല മുടിയുടെ ചിത്രീകരണത്തിന് ഇടയിലും ആദിത്യയുടെ സംവിധാനത്തോടുള്ള ഇഷ്ടം പ്രകടനമായിരുന്നു. നാടക പശ്ചാത്തലവും അഭിനയ പാഠവും അതിനെ സഹായിച്ചിട്ടുണ്ട്. ഐഫോൺ ആയതിനാൽ ലൈറ്റിംഗ് പ്രശ്നങ്ങൾ മൂലം രാത്രി സമയത്തെ ഷൂട്ടിംഗ് കുറച്ച് കൊണ്ട് പകൽസമയം കൂടുതലായി കേന്ദ്രീകരിച്ചു കൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്.”
സിനിമാറ്റിക് ആയ മേക്കിങ് കൊണ്ട് വരാൻ പരാമാവധി ശ്രമിച്ചിട്ടുണ്ട് എന്നും ശരത്ത് കൂട്ടി ചേർത്തു. നാടക പശ്ചാത്തലം ക്യാമറക്ക് മുന്നിലും സഹായകമായി എന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിക പറഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പിന്നീട് പഠിച്ചിറങ്ങിയ പല വിദ്യാർത്ഥികളും ഇന്ന് ഇവർക്കൊപ്പമുണ്ട്. ഇതിനോടകം തന്നെ ചലച്ചിത്രമേളയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ ചിത്രത്തിന് കഴിഞ്ഞു.
English Summary:
22-Year-Old’s Debut Film Steals the Show at International Film Festival
7rmhshc601rd4u1rlqhkve1umi-list mo-movie-iffk-2024 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list 3sqoq6d4bvfe2modaild27110f
Source link