ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് ചൈന
ബെയ്ജിങ്: ഉഭയകക്ഷി ബന്ധം എത്രയും വേഗം സാധാരണനിലയിലാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈന. ഇരുരാജ്യങ്ങളുടേയും പ്രധാന താല്‍പര്യങ്ങളേയും ആശങ്കകളെയും പരസ്പരം ബഹുമാനിക്കുക, ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ ആത്മാര്‍ഥതയോടെയും വിശ്വാസത്തോടെയും കൃത്യമായവിധത്തില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു.അഞ്ചുവര്‍ഷത്തിനുശേഷം നടക്കുന്ന ഇന്ത്യ-ചൈന പ്രത്യേകപ്രതിനിധികളുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിന്‍ ജീയാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൊവ്വാഴ്ച ബെയ്ജിങ്ങിലെത്തി. ചൈനയുടെ പ്രതിനിധിയായ വിദേശകാര്യമന്ത്രി വാങ് യിയായിരിക്കും ബുധനാഴ്ച നടക്കുന്ന ചര്‍ച്ച നയിക്കുക. കിഴക്കന്‍ ലഡാക്കിലെ സൈനികപിന്‍മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഡിസംബറിലാണ് അവസാനമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല പ്രതിനിധി ചര്‍ച്ച നടന്നത്. അതിര്‍ത്തി പ്രശ്‌നങ്ങളായിരുന്നു ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.
Source link