INDIA

മൂന്നര വർഷങ്ങൾക്കു ശേഷം ഉത്തരകൊറിയയിൽ എംബസി പുനരാരംഭിക്കാൻ ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥർ പ്യോങ്‌യാങിൽ

മൂന്നര ‘വർഷങ്ങൾക്കു ശേഷം’, ഉത്തരകൊറിയയിൽ എംബസി പുനരാരംഭിക്കാൻ ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥർ പ്യോങ്‌യാങിൽ – After three and a half years, India is reopening its embassy in North Korea; diplomatic officers in Pyongyang | North Korea | India | Latest News | Manorama Online News

മൂന്നര വർഷങ്ങൾക്കു ശേഷം ഉത്തരകൊറിയയിൽ എംബസി പുനരാരംഭിക്കാൻ ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥർ പ്യോങ്‌യാങിൽ

ഓൺലൈൻ ഡെസ്ക്

Published: December 18 , 2024 11:41 AM IST

1 minute Read

പ്യോങ്‌യാങ്ങിലെ ഇന്ത്യൻ എംബസി. ചിത്രം:X

ന്യൂഡൽഹി∙ ഉത്തരകൊറിയയിൽ ഇന്ത്യൻ എംബസി പ്രവർത്തനം പുനരാരംഭിക്കുന്നു. പ്യോങ്‌യാങിലുള്ള എംബസിയാണ് മൂന്നര വർഷത്തിനുശേഷം ഇന്ത്യ പുനരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസമാദ്യം ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരും സാങ്കേതിക വിഭാഗം ജീവനക്കാരും പ്യോങ്‌യാങ്ങിലെത്തി എംബസി പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി രാജ്യാന്തര മാധ്യമമായ ‘ട്രിബ്യൂൺ ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ഏറെക്കാലമായി അടച്ചിട്ടിരുന്ന എംബസിയുടെ അറ്റകുറ്റപ്പണികളും വിവരച്ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. ചാരപ്രവർത്തനത്തിനും വിവരം ചോർത്തലിനും കുപ്രസിദ്ധമായ രാജ്യമാണ് ഉത്തരകൊറിയ. എംബസി പൂർണമായി പ്രവർത്തനസജ്ജമായാലേ സ്ഥാനപതി ഉൾപ്പെടെയുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ പ്യോങ്‌യാങിൽ എത്തുകയുള്ളൂ. 

2021 ജൂലൈ 2നാണ് അന്ന് അംബാസഡറായിരുന്നു അതുൽ മൽഹാരി ഗോട്‌സർവെയും മുഴുവൻ ഇന്ത്യൻ ജീവനക്കാരും എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയത്. റഷ്യ വഴിയാണ് അന്ന് നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം തിരികെ ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി ഇതുവരെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഒരൊറ്റ ഇന്ത്യൻ ജീവനക്കാരൻ പോലും കഴിഞ്ഞ മൂന്നര വർഷമായി ഉത്തരകൊറിയയിൽ ഇല്ലെന്ന് ‘ ട്രിബ്യൂൺ ഇന്ത്യ’ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്യോങ്‌യാങിലെ ഇന്ത്യൻ അംബാസിഡറായിരുന്ന അതുൽ മൽഹാരി ഗോട്‌സർവെയെ കഴിഞ്ഞവർഷം മംഗോളിയയിലെ ഇന്ത്യൻ അംബാസിഡറായി നിയമിച്ചിരുന്നു.
കൊറിയൻ ഉപദ്വീപിലെ സംഭവവികാസങ്ങളും രാഷ്ട്രീയ നീക്കങ്ങളും ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായ പ്രാധാന്യം ഉള്ളതാണ്. കഴിഞ്ഞ നാലു വർഷം കൊണ്ട് കൊറിയൻ ഉപദ്വീപിൽ സംഭവിച്ച മാറ്റങ്ങൾ മനസിലാക്കിയാണ് പ്യോങ്‌യാങ് എംബസിയുടെ പ്രവർത്തനം ഇന്ത്യ ദ്രുതഗതിയിൽ പുനരാരംഭിക്കുന്നതെന്നാണ് സൂചന. ഹൈപ്പർ സോണിക് മിസൈലുകളും ആണവായുധങ്ങളുമടക്കം സൈനികശക്തി നിരന്തരം പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉത്തരകൊറിയയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് അത്യാവശ്യമാണ്. പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യവുമാണ് ഉത്തരകൊറിയ. 

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ‍‍‍ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതും ദക്ഷിണ കൊറിയയിലെ പട്ടാള നിയമവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പ്യോങ്‌യാങിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കത്തിന് പിന്നിലുണ്ടെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

English Summary:
India – North Korea Relation ; India reopens its embassy in Pyongyang, North Korea, after a three-and-a-half-year closure. The reopening signals renewed diplomatic engagement with the strategically important nation.

29dsmdif6gvs30mkm5dkevv71m mo-nri-embassyofindia 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-worldnews


Source link

Related Articles

Back to top button