വാൽപ്പാറയിൽ കാട്ടാന ആക്രമണം: ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു

മലക്കപ്പാറ: വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ തൊഴിലാളി ചന്ദ്രനാണ് (62) കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഗജമുടി എസ്റ്റേറ്റിൽ കഴിഞ്ഞ ഡിസംബർ പത്തിനായിരുന്നു സംഭവം.
ചന്ദ്രൻ താമസിക്കുന്ന ക്വാർട്ടേഴ്‌സിന് സമീപത്തെ തേയിലത്തോട്ടത്തിലായിരുന്നു ആദ്യം മൂന്നാനകളെത്തിയത്. രാത്രിയിലെത്തിയ ആനകൾ കെട്ടിടം ആക്രമിച്ചു. ചന്ദ്രനെ കൂടാതെ ഉദയകുമാർ, കാർത്തികേശ്വരി, സരോജയ എന്നിവരും ക്വാർട്ടേഴ്‌സിലുണ്ടായിരുന്നു.
ആനകളുടെ ആക്രമണത്തിൽ ഭയന്നുവിറച്ച നാലുപേരും പുറത്തേക്കിറങ്ങി ഓടി. ഇതിനിടെ ചന്ദ്രനെ ആന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് അടിയേറ്റ ഇയാൾ തെറിച്ചു വീണു. മറ്റു മൂന്ന് പേരെയും ആനകൾ ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികളാണ് ബഹളമുണ്ടാക്കി ആനകളെ തുരത്തിയത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടനെ എസ്റ്റേറ്റ് ജീവനക്കാർ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ മരിച്ച ചന്ദ്രന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുണ്ട്. നിസാര പരിക്കേറ്റ മറ്റ് മൂന്നു പേരും വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നര മാസമായി വാൽപ്പാറ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.
Source link