താലിബാനെ ഭീകരസംഘടനകളുടെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാം; നിയമം പാസാക്കി റഷ്യ
മോസ്‌കോ: ഭീകര സംഘടനകളായി പ്രഖ്യാപിച്ച ഗ്രൂപ്പുകളുടെ നിരോധനം താല്‍ക്കാലികമായി തടയാന്‍ കോടതികളെ അനുവദിക്കുന്ന നിയമം റഷ്യന്‍ പാര്‍ലമെന്റ് പാസാക്കി. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായും സിറിയില്‍ അധികാരത്തിലെത്തിയ പുതിയനേതൃത്വവുമായുമുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് വഴിയൊരുക്കുന്നതാണ് പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ദുമ പാസാക്കിയ പുതിയ നിയമം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന സംഘടനകളെ കോടതിയുടെ ഉത്തരവോടെ നിരോധിത പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിയമം അനുവദിക്കുന്നു. 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങിയതിനേത്തുടര്‍ന്ന് 2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ നിലവില്‍ ഒരു രാജ്യവും അംഗീകരിക്കുന്നില്ല. എന്നാല്‍ റഷ്യ പടിപടിയായി താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തി വരികയാണ്. ഭീകരതയ്ക്കെതിരായ പോരാടുന്നതില്‍ താലിബാന്‍ സഖ്യകക്ഷിയാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ പറയുകയും ചെയ്തിരുന്നു.
Source link