KERALAM

‘കാൽനട യാത്രക്കാർക്ക് പോലും രക്ഷയില്ല, റോഡിൽ എങ്ങനെ സ്റ്റേജ് നിർമിച്ചു’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. കേരളത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കൽ വർദ്ധിച്ചുവരികയാണെന്നും ഇത് ഉത്‌കണ്‌ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ നടപ്പാത തടഞ്ഞ് സമരം ചെയ്‌തതിലും വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി രാഷ്‌ട്രീയ പാർട്ടി സമ്മേളനം നടത്തിയതിലും കോടതിയലക്ഷ്യ കേസ് എടുക്കുന്നത് പരിഗണിക്കുകയാണെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി ബുധനാഴ്‌ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

സിപിഎമ്മിന്റെ പാളയം ഏരിയ സമ്മേളനം വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി നടത്തിയതിലുള്ള രൂക്ഷ വിമർശനം കോടതി ഇന്നും തുടർന്നു. റോഡിൽ എങ്ങനെയാണ് സ്റ്റേജ് നിർമിച്ചതെന്ന് കോടതി ചോദിച്ചു. ഇതിന് വേണ്ടി റോഡ് കുത്തിപ്പൊളിച്ചെങ്കിൽ കേസ് ഇനിയും ഗുരുതരമാകും. റോഡ് അടച്ചുകെട്ടുന്നതും നടപ്പാത തടസപ്പെടുത്തുന്നതുമൊക്കെ സംബന്ധിച്ച് 2021ലെ ഉത്തരവുണ്ട്. ഇത് ലംഘിച്ചിരിക്കുകയാണ്. ഇതിന് പരിപാടിയിൽ പങ്കെടുത്തവരും അതിന്റെ സംഘാടകരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

സിപിഐയുടെ ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടപ്പാത കെട്ടിയടച്ച് സമരം നടത്തിയതും കോടതി പരിഗണിച്ചു. സംസ്ഥാനത്ത് ഫുട്‌പാത്തിലൂടെ നടക്കുന്നവർക്ക് പോലും രക്ഷയില്ലെന്നും ഇത് നിയമലംഘനമാണെന്നും കോടതി പറഞ്ഞു. പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാർത്ഥിനികൾ ലോറി മറിഞ്ഞ് മരിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ബസ് കാത്തും മറ്റും ആളുകൾ റോഡരികിൽ നിൽക്കാറുണ്ട്. ആളുകൾക്ക് നടക്കാനുള്ള നടപ്പാതകൾ അടച്ചുകെട്ടുന്നത് ഒട്ടേറെ നിയമങ്ങൾ ലംഘിക്കലാണെന്നും കോടതി പറഞ്ഞു.


Source link

Related Articles

Back to top button