റോഡിലെ പൊതുയോഗം: വേദിയിൽ ഉണ്ടായിരുന്നവരും പ്രത്യാഘാതം അനുഭവിക്കണം, നിലപാട് കടുപ്പിച്ച് ഹൈക്കോടതി
#സി.പി.എം നേതാക്കളെ
പ്രതിചേർക്കാതെ പൊലീസ്
#കോൺഗ്രസ്, ജോയിന്റ് കൗൺസിൽ
നേതാക്കളെ പ്രതിയാക്കി
കൊച്ചി: ഗതാഗതം തടസപ്പെടുത്തിയുള്ള സമ്മേളനങ്ങളുടെ സംഘാടകരും വേദിയിലിരുന്നവരും ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി.
വഞ്ചിയൂർ സി.പി.എം ഏരിയ സമ്മേളനത്തിൽ വേദിയിലുണ്ടായിരുന്നവരെ പ്രതിയാക്കാതെ അവരുടെ പേരുവിവരം അടങ്ങിയ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. മറ്റു സംഭവങ്ങളിൽ കോൺഗ്രസിന്റെയും ജോയിന്റ് കൗൺസിലിന്റെയും നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്.
വഞ്ചിയൂർ കേസിൽ കണ്ടാലറിയാലുന്ന 150 പേർക്കെതിരെയാണ് എഫ്.ഐ.ആർ.
എസ്.എച്ച്.ഒ ഷാനിഫ് കോടതിക്ക് നൽകിയ റിപ്പോർട്ടിൽ, വേദിയിൽ ഉണ്ടായിരുന്നവരുടെ പട്ടിക നൽകിയിട്ടുണ്ട്.അതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിവർ ഉൾപ്പെടുന്നു. ഡെക്കറേഷൻ തൊഴിലാളികളെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്.
കൊച്ചിയിൽ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ധർണയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ അടക്കം 20 നേതാക്കളെ സെൻട്രൽ പൊലീസ് മുഖ്യപ്രതികളാക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നിലെ ജോയിന്റ് കൗൺസിൽ നടത്തിയ രാപ്പകൽ ധർണയിൽ സംഘടനാ നേതാക്കളായ കെ.പി. ഗോപകുമാർ, ജയചന്ദ്രൻ കല്ലിങ്കൽ എന്നിവരടക്കം 10 ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കന്റോൺമെന്റ് പൊലീസിന്റെ എഫ്.ഐ.ആർ.
ഈ മൂന്നു യോഗങ്ങൾക്കുമെതിരെയുള്ള
കോടതിഅലക്ഷ്യ ഹർജികളാണ് കോടതി പരിഗണിച്ചത്.
സ്റ്റേജ് കെട്ടാൻ റോഡ് കുഴിച്ചിട്ടുണ്ടെങ്കിൽ വിഷയം കൂടുതൽ ഗൗരവമാകുമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അനുമതി നൽകിയിരുന്നില്ലെന്നും അറിഞ്ഞയുടൻ കേസെടുത്തെന്നുമാണ് ഡി.ജി.പിയുടെ വിശദീകരണം.
കോടതിഅലക്ഷ്യ നടപടിയാവശ്യപ്പെട്ട് മരട് സ്വദേശി എൻ. പ്രകാശാണ് ഹർജി നൽകിയത്. നാളെ വീണ്ടും പരിഗണിക്കും.
Source link