കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതകളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സൂചന.
കഴിഞ്ഞ ദിവസമാണ് അരീക്കോട്ടെ സ്‌പെഷ്യൽ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ നിറയൊഴിച്ച് ജീവനൊടുക്കിയത്. പിന്നാലെയാണ് പൊലീസിൽ വീണ്ടും ആത്മഹത്യ. കടുത്ത മാനസിക സമ്മർദ്ദം കാരണം പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുകയാണ്. ഗർഭിണിയായ ഭാര്യയെ പരിചരിക്കാനും മരണക്കിടക്കയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനും വിവാഹ വാർഷികത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടാനുമൊന്നും കഴിയാത്ത സ്ഥിതിയാണ്. കുട്ടികളുടെ പിറന്നാളിനും മറ്റത്യാവശ്യങ്ങളിലുമെല്ലാം പൊലീസുകാർക്ക് അവധി നൽകണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. ഇത് പാലിക്കാറില്ലെന്നു മാത്രം.
2016മേയ് മുതൽ 2024 ജൂൺ വരെ സംസ്ഥാനത്ത് 130 പൊലീസുദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. മുന്നൂറോളം ആത്മഹത്യാശ്രമങ്ങളുണ്ടായി. 900ലേറെ പൊലീസുകാർ സ്വയംവിരമിക്കാൻ അപേക്ഷിച്ചു.. ഇരുനൂറോളം പേർ സ്വയം വിരമിച്ചു.ജോലിഭാരവും മാനസികസമ്മർദ്ദവും താങ്ങാനാവാതെയാണ് ആത്മഹത്യകളിലേറെയും. പക്ഷേ സർക്കാർ പറയുന്നത് കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് മുഖ്യകാരണമെന്നാണ്. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും 12-18 മണിക്കൂർ ജോലിയുള്ള സ്റ്റേഷനുകളുണ്ട്. ഇതിനൊപ്പം മേലുദ്യോഗസ്ഥരുടെ വേട്ടയാടലും അധിക്ഷേപവും നിസാര കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയും.
പൊലീസുകാരെ മാനസികമായി ശക്തരാക്കാൻ കൗൺസിലിംഗും യോഗയും പരീക്ഷിച്ചു. സേനാംഗങ്ങളുടെ മാനസിക, കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകളുൾപ്പെട്ട സമിതിയുമുണ്ടാക്കി. മാനസിക സംഘർഷമുള്ളവരെ കൗൺസലിംഗിന് അയയ്ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ഉത്തരവിട്ടു. എന്നിട്ടും ദുഃഖകരമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. ജീവനൊടുക്കിയവരിൽ 2 ഡിവൈ.എസ്.പിമാരും 7സി.ഐമാരും, 19എസ്.ഐമാരുമുണ്ട്. .പൊലീസ് പരിശീലനത്തിൽ സ്‌ട്രെസ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് പാഠ്യവിഷയങ്ങളാണ്. ജോലിസമ്മർദ്ദം കുറയ്ക്കാൻ വിശ്രമവും ഡേ ഓഫും അനുവദിക്കുന്നുമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. പൊലീസിലെ ആത്മഹത്യകളെക്കുറിച്ച് ഒന്നിനു പിറകെ ഒന്നായി പഠനങ്ങളാണ്. സോഷ്യൽ പൊലീസാണ് ഗൂഗിൾഫോം സർവേയിലൂടെ പുതുതായി പഠിക്കുന്നത്
Source link