തിരുവനന്തപുരം: കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിനെതിരേ സിൻഡിക്കേറ്റ് രംഗത്ത്. സിൻഡിക്കേറ്റ് അറിയാതെ വിസി ധൂർത്ത് കാട്ടുന്നെന്നും കാവിവത്കരണം അംഗീകരിക്കില്ലെന്നും ഇടത് സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. ഗവർണറെ കൂട്ടുപിടിച്ച് വി.സി നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്നു. വി.സി നിലവാരമില്ലാത്ത രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയാണ്. സർവകലാശാലയുടെ പ്രവർത്തനങ്ങളെയാകെ താളംതെറ്റിക്കുന്നു. സർവ്വകലാശാലയുടെ ജനാധിപത്യ ഭരണനിർവ്വഹണവേദികളെ അലങ്കോലപ്പെടുത്തിയും അവഗണിച്ചും സർവ്വകലാശാലയെ തകർക്കാനാണ് ശ്രമം. സെനറ്റ്, അക്കാഡമിക്ക് കൗൺസിൽ,സിൻഡിക്കേറ്റ് എന്നിവ സമയബന്ധിതമായി കൂടുന്നതിലും, അവയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിലും ഗുരുതരവീഴ്ചയുണ്ടാകുന്നു. ഫണ്ടുകൾ സിൻഡിക്കേറ്റ് അനുമതിയില്ലാതെ വകമാറ്റിനൽകാൻ ഉത്തരവുനല്കുന്നെന്നും സിൻഡിക്കേറ്റംഗങ്ങളായ ജി. മുരളീധരൻ, ഡോ. ഷിജൂഖാൻ, ആർ. രാജേഷ് എന്നിവർ ആരോപിച്ചു.
അതേസമയം, സർവകലാശാലയിലെ അക്കാഡമിക് പരിപാടികൾ രാഷ്ട്രീയ മത്സരവേദിയാക്കുന്ന നടപടികൾക്ക് വൈസ് ചാൻസലർ തന്നെ നേതൃത്വം നൽകുന്നത് നിർഭാഗ്യകരമാണെന്ന് യു. ഡി. എഫ് സിൻഡിക്കേറ്റ് അംഗം അഹമ്മദ് ഫസിൽ പറഞ്ഞു. സംസ്കൃത പഠന വിഭാഗം എല്ലാ വർഷവും നടത്തിവരുന്ന സെമിനാറിൽ ഇത്തവണ രാഷ്ട്രീയ താത്പര്യങ്ങൾ കുത്തി നിറയ്ക്കുകയാണ്. വൈസ് ചാൻസലർ സ്വീകരിക്കുന്ന നിലപാടും ഇടപെടലും പക്ഷപാതപരവും അക്കാഡമിക് താത്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. ബി.ജെ.പി അനുകൂല അംഗങ്ങളായ പി. എസ്. ഗോപകുമാർ, ഡോ. വിനോദ് കുമാർ എന്നിവരെ മാത്രമേ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. തന്നെ ഒഴിവാക്കിയത് രാഷ്ട്രീയ വിവേചനം കൊണ്ടാണെന്നും അഹമ്മദ് ഫസിൽ പറഞ്ഞു.
വി.സിയുടെ നേതൃത്വത്തിൽ കാവിവൽക്കരണം നടത്തുന്നുവെന്ന ഇടതുസിൻഡിക്കേറ്റംഗങ്ങളുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെമിനാർ നടത്താൻ പഠനവകുപ്പുകൾക്ക് അനുമതിയുണ്ട്. സിൻഡിക്കേറ്റിന്റെ അനുമതി വേണ്ട. സംസ്കൃത സെമിനാറിൽ താത്പര്യമുണ്ടെന്ന് ഗവർണർ അറിയിച്ചതനുസരിച്ചാണ് അദ്ദേഹത്തെ ക്ഷണിച്ചത്. സെമിനാറിൽ ചർച്ച ചെയ്യുന്ന വിഷയത്തിൽ വലിയ പണ്ഡിതൻ കൂടിയാണ് ഗവർണർ. വിവിധ സർവകലാശാലകളിൽ അദ്ദേഹം ഇതേ വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. അക്കാഡമിക് വിദഗ്ദ്ധർ പങ്കെടുക്കുന്ന പരിപാടിയായതിനാലാണ് പ്രോചാൻസലറായ മന്ത്രി ഡോ. ആർ.ബിന്ദുവിനെ ക്ഷണിക്കാതിരുന്നത്. സെമിനാറുമായി ബന്ധപ്പെട്ട് വി.സി വിളിച്ച യോഗത്തിൽ മൂന്ന് സിൻഡിക്കേറ്റംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. അതിലാണ് ഗവർണറെ ക്ഷണിക്കാൻ തീരുമാനിച്ചത്.
ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനെ നിയമിക്കാനുള്ള അധികാരം വൈസ്ചാൻസലറുടെ വിവേചനാധികാരത്തിൽ പെട്ടതാണ്. നിലവിലുള്ളയാൾ പോയാൽ പകരം ആളെ നിയമിക്കണം. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹാരം കാണാനാണ് ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനെ പെട്ടെന്ന് നിയമിച്ചത്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ സമിതികൾ നിലവിലില്ലെങ്കിൽ അവയുടെ അധികാരം വി.സിയിൽ നിക്ഷിപ്തമാണെന്നും വി.സി പറഞ്ഞു.
Source link