കേരളീയകലകളെ ഹൃദയത്തോട് ചേർത്ത മാന്ത്രികൻ

പെരുവനം കുട്ടൻ മാരാർ | Tuesday 17 December, 2024 | 3:24 AM
തൃശൂർ: ചെണ്ടയോടും കേരളീയകലയോടുമുള്ള പെരുവനം ഗ്രാമത്തിന്റെ സമർപ്പണത്തെ മാനിച്ചാണ് തബലമാന്ത്രികൻ സാക്കീർ ഹുസൈൻ വീരശൃംഖല ഏറ്റുവാങ്ങാനെത്തിയത്. കേരളീയകലകളെ ഹൃദയത്തോട് ചേർത്ത അദ്ദേഹം എനിക്ക് ജേഷ്ഠസഹോദരനായിരുന്നു. മനുഷ്യനെന്ന നിലയിൽ ശ്രേഷ്ഠനായ ഒരാളെ നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകുന്നതിലേറെയാണ്. താളവിന്യാസം കൊണ്ട് തന്റെ മനസിൽ സാക്കിർ ഹുസൈൻ ഒരു ദൈവമായി എപ്പോഴും നിലകൊള്ളുന്നുണ്ട്. 2017ൽ പെരുവനം ഗ്രാമത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ, കേരളത്തിന്റെ സംസ്‌കാരത്തോടുള്ള ബഹുമാനം കൊണ്ട് അദ്ദേഹം വരാമെന്ന് സമ്മതിച്ചു.
മലയാളികളുടെ സമർപ്പണമായി അന്ന് അദ്ദേഹത്തിന് ഒരു വീരശൃംഖല നൽകിയിരുന്നു. പെരുവനം ഗ്രാമം ഒട്ടാകെ അന്ന് അദ്ദേഹം വന്നതിലൂടെ ആദരിക്കപ്പെടുകയായിരുന്നു. കേരളീയ കലകളെ എന്നും ബഹുമാനത്തോടെ കണ്ട അദ്ദേഹം, മേളം കേട്ട് എഴുന്നേറ്റ് നിന്ന് കൈയടിച്ചു. 1999ൽ മുംബയിൽ തനിക്ക് പുരസ്‌കാരം നൽകിയത് സാക്കിർ ഹുസൈനാണ്. അതേവർഷം തന്നെയാണ് ഞാൻ തൃശൂർ പൂരത്തിൽ പ്രമാണിയായതും.
ഉസ്താദ് സ്മരണയിൽ പെരുവനം ഗ്രാമം
2017ൽ മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി സംഘടനയുടെ 25-ാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് സാക്കിർ ഹുസൈൻ ചേർപ്പ് സി.എൻ.എൻ സ്‌കൂൾ വേദിയിലെത്തിയത്. മേള പ്രമാണിമാരായ പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ എന്നിവർ സാക്കിർ ഹുസൈനുമായി ചേർന്ന് നടത്തിയ ജുഗൽബന്ദി മേളകലാഗ്രാമത്തിലെ നാട്ടുകാരിൽ ഇന്നും കോരിത്തരിപ്പ് ശേഷിപ്പിക്കുന്നു. പെരുവനം ഗ്രാമചരിത്രം കലയിലൂടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം സാക്കിർ ഹുസൈൻ അന്ന് നിർവഹിച്ചു. പെരുവനം കുട്ടൻ മാരാരും മേളകലാകാരന്മാരും പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് സക്കീർ ഹുസൈനെ വരവേറ്റത്. മട്ടന്നൂരിനൊപ്പം ചെണ്ടയിലും തബലയിലും ലയവിന്യാസവും നാടിന് സമർപ്പിച്ചാണ് സാക്കിർ ചേർപ്പിൽ നിന്ന് മടങ്ങിയതെന്ന് കേളി സംഘടനാ ഡയറക്ടർ രാമചന്ദ്രൻ ഓർമ്മിക്കുന്നു.
Source link