ഹൃദയതാളം നിലച്ചു, ഉസ്‌താദ് അമർ രഹേ

സാൻഫ്രാൻസിസ്‌കോ: തബലയിൽ ഇന്ദ്രജാലം സൃഷ്ടിച്ച അസുലഭ പ്രതിഭ ഉസ്‌താദ് സാക്കിർ ഹുസൈൻ (73) ഓർമ്മയായി.
ഇന്നലെ പുലർച്ചെയോടെയാണ് മരണവിവരം അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചത്. യു.എസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ രോഗമായ ഐഡിയോപതിക് പൾമണറി ഫൈബ്രിയോസിസ് ഗുരുതരമായതിനെ തുടർന്ന് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു.
നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സാക്കിർ അന്തരിച്ചെന്ന വാർത്തകൾ ഞായറാഴ്ച രാത്രി വ്യാപകമായി പ്രചരിച്ചിരുന്നു. പ്രമുഖർ ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ, അദ്ദേഹം മരിച്ചിട്ടില്ലെന്നും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ചില ബന്ധുക്കൾ ഞായറാഴ്ച പാതിരാത്രി കഴിഞ്ഞ് അറിയിച്ചിരുന്നു.
1951 മാർച്ച് 9ന് മുംബയിൽ പ്രശസ്ത തബല വിദ്വാൻ ഉസ്താദ് അള്ളാ രഖയുടെ മൂത്തമകനായി ജനിച്ച സാക്കിർ ഏഴാം വയസിൽ തബല പഠിച്ചു തുടങ്ങി. പന്ത്രണ്ടാം വയസ് മുതൽ പരിപാടികൾ അവതരിപ്പിച്ചുതുടങ്ങി. പദ്മശ്രീ (1988), പദ്മഭൂഷൺ (2002), പദ്മവിഭൂഷൺ (2023), സംഗീത നാടക അക്കാഡമി അവാർഡ് (1990) തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
സംഗീതസംവിധായകനായും നടനായും ഗായകനായും തിളങ്ങിയ അദ്ദേഹം കേരളത്തിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായർക്കൊപ്പം അതുല്യ പ്രകടനം കാഴ്ചവച്ച് ഏവരെയും അമ്പരപ്പിച്ച സാക്കിർ ഇംഗ്ലീഷ് സംഗീതജ്ഞൻ ജോർജ് ഹാരിസൺ, സരോദ് വിദ്വാൻ വസന്ത് റായ് തുടങ്ങിയ പ്രതിഭകൾക്കൊപ്പവും പ്രവർത്തിച്ചു.
ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയ വാനപ്രസ്ഥം (1999), മിസ്റ്റർ ആൻഡ് മിസിസ് അയ്യർ (2002) തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതവുമൊരുക്കി. അമേരിക്കൻ സംഗീതജ്ഞൻ മിക്കി ഹാർട്ട്, ലാറ്റിൻ ജാസ് സംഗീതജ്ഞൻ ജിയോവനി ഹിഡാൽഗോ എന്നിവരുമായി ചേർന്നൊരുക്കിയ സാക്കിറിന്റെ ‘ഗ്ലോബൽ ഡ്രം പ്രോജക്ട്’ എന്ന ആൽബത്തിന് 2009ലെ ഗ്രാമിയിൽ മികച്ച കൺടെംപററി വേൾഡ് മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.ഇക്കൊല്ലം ആദ്യം മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ സാക്കിർ സ്വന്തമാക്കിയിരുന്നു
കഥക് നർത്തകിയും അദ്ധ്യാപികയുമായ ആന്റൊണിയ മിനകോളയാണ് ഭാര്യ. ചലച്ചിത്രകാരിയായ അനിസ ഖുറേഷി, നർത്തകി ഇസബെല്ല ഖുറേഷി എന്നിവരാണ് മക്കൾ.
Source link