#, കാർ കസ്റ്റഡിയിൽ
പ്രതികളെ തിരിച്ചറിഞ്ഞു
# ആംബുലൻസ് നിഷേധിച്ചത്
പട്ടിക വകുപ്പ്
കൽപ്പറ്റ: ആദിവാസി യുവാവിനെ കാറിൽ അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് യുവാക്കളുടെ കൊടുംക്രൂരത. പിന്നാലെ, ആദിവാസി സ്ത്രീയുടെ മൃതദേഹംകൊണ്ടുപോകാൻ സർക്കാർ വകുപ്പ് ആംബുലൻസ് നിഷേധിച്ചതും ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടിവന്നതും കേരളത്തെ വീണ്ടും നടുക്കി. രണ്ടു സംഭവവും ഉണ്ടായത് വയനാട്ടിൽ പട്ടികവർഗക്ഷേമ മന്ത്രി ഒ.ആർ.കേളുവിന്റെ സ്വന്തം മണ്ഡലത്തിൽ.
കുറുവ ദ്വീപിന് സമീപത്തെ കൂടൽക്കടവിൽ ചെമ്മാട് ഉന്നതിയിലെ മാതനാണ് (48) യുവാക്കളുടെ പരാക്രമത്തിന് ഇരയായത്.വയനാട് കണിയാമ്പറ്റ സ്വദേശി മുഹമ്മദ് അർഷിദ്, സുഹൃത്തുക്കളായ അഭിരാം,വിഷ്ണു,നവീൽ കമർ എന്നിവരാണ് പ്രതികളെന്ന് പൊലീസ്.ഇന്നലെ ഉച്ചയോടെ കെ എൽ 52 എച്ച് 8733 മാരുതി സെലേരിയോ കാർ കണിയാമ്പറ്റയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.
അർഷിദിന്റെ ബന്ധുവിന്റെതാണ് കാർ.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പുൽപ്പള്ളി റോഡിലെ കൂടൽക്കടവിനു സമീപമായിരുന്നു സംഭവം.
മാതൻ ഗുരുതരപരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജിലാണ്. ശരീരത്തിൽ മുഴുവൻ ഭാഗവും റോഡിൽ ഉരഞ്ഞതുകൊണ്ട് തൊലി പാടെ പോയി.കാലിന്റെ രണ്ട് ഉപ്പൂറ്റിയും തേഞ്ഞു മാംസം പുറത്തായി.നടുവിനും ഗുരുതരമായി പരുക്കേറ്റു.ഇടത് കൈയുടെ തളള വിരലിനും നല്ല പരിക്കുണ്ട്. കാലിന്റെ അടിഭാഗത്തെ തൊലി ചെത്തിയെടുത്തത് പോലെയാണ്. പൃഷ്ഠ ഭാഗത്തെ മാംസവും നഷ്ടമായി.
നാട്ടുകാർ പിന്നാലെ ഓടിയിട്ടും അരകിലോമീറ്ററോളം വലിച്ചിഴച്ചാണ് വിട്ടത്.
മറ്റൊരു സംഘത്തോടുള്ള
അരിശം ആദിവാസിയോട്
വിനോദസഞ്ചാരത്തിനെത്തിയ മറ്റൊരു സംഘവുമായുള്ള വാക്കുതർക്കത്തിലെ അരിശമാണ് നിരപരാധിയായ ആദിവാസിക്കുനേരെ യുവാക്കൾ കാട്ടിയതെന്ന് അറിയുന്നു.
മാതൻ സഹോദരൻ വിനുവിനോടൊപ്പം സാധനങ്ങൾ വാങ്ങാൻ കൂടൽക്കടവിലെ ബഷീറിന്റെ കടയിൽ എത്തിയതായിരുന്നു. ഒരു സംഘം യുവാക്കൾ വെയ്റ്റിംഗ് ഷെഡിന്റെ മുന്നിൽ കാർ നിറുത്തി തെറിവിളികളോടെ പരാക്രമം തുടങ്ങി. കല്ലെടുത്ത് എറിയാൻ തുടങ്ങി.
വിവരം തിരക്കാൻ കാറിന്റെ അടുത്തേക്ക് മാതൻ ചെന്നു. മാതന്റെ ഇടതുകൈ കാറിന്റെ മുന്നിലെ ഡോറിലായിരുന്നു. യുവാക്കൾ ഡോർ ശക്തിയോടെ അടച്ച് കാർ മുന്നോട്ടെടുത്തു. മാതന്റെ പെരുവിരൽ ഡോറിനുളളിലായി. കാറിലെ ഒരാൾ കൈയിൽ പിടിച്ച് ശക്തിയായി വലിച്ചിഴച്ചു.
`മരണത്തിൽ നിന്നാണ് ഞാൻ രക്ഷപ്പെട്ടത്. എന്നെ അവര് കൊന്നുകളയുമെന്ന് കരുതി.എനിക്കിത് രണ്ടാം ജന്മമാണ്.’
– മാതൻ
ശരീരഭാഗം പുറത്തേക്ക് തള്ളി
മടിയിൽ കിടത്തി അന്ത്യയാത്ര
മാനന്തവാടി: എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ നാല് സെന്റിലെ ചുണ്ടമ്മയുടെ (76) മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ടിവന്നത്.ബന്ധുക്കൾ പട്ടികവർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. ഏറെ സമയം കാത്തിട്ടും എത്തിയില്ല. തുടർന്നാണ് ഓട്ടോറിക്ഷ വിളിച്ചത്.
പിൻസീറ്റിൽ രണ്ടുപേർ ഇരുന്ന് മൃതദേഹം മടിയിൽ കിടത്തി. ഓട്ടോറിക്ഷയുടെ പുറത്തേക്ക് ശരീരഭാഗങ്ങൾ തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു അന്ത്യയാത്ര.
സംസ്‌കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പട്ടികവർഗ വകുപ്പ് സൗജന്യമായി ആംബുലൻസ് ഒരുക്കി നൽകേണ്ടതാണ്.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മാനന്തവാടി ട്രൈബൽ ഡവലപ്പ് മെന്റ് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി.
Source link