ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത് “പാലസ്തീൻ” എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാഗുമായി. ഇസ്രയേൽ ആക്രമണത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ഇത്.
ഐക്യദാർഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തനും ബാഗിൽ ആലേഖനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചത്. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിലെ പാലസ്തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസറുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. കറുപ്പും വെളുപ്പുമുള്ള പാലസ്തീൻ ശിരോവസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്.
അതേസമയം, പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തുവന്നു. വാർത്തയിൽ ഇടംപിടിക്കാൻ വേണ്ടിയുള്ള ഗിമ്മിക്കാണെന്ന് ബി.ജെ.പി എം.പി ഗുലാം അലി ഖതാന മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐക്യദാർഢ്യം ശരിയായ ചിന്താഗതിയുള്ള ഓരോ വ്യക്തിയുടെയും ധാർമ്മിക ഉത്തരവാദിത്വമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
Source link