വനനിയമ ഭേദഗതി ബിൽ കരട് വിജ്ഞാപനമായി

തിരുവനന്തപുരം: വനസംരക്ഷണത്തിനും മലിനീകരണം തടയാനും ലക്ഷ്യമിട്ടുള്ള കേരള വനഭേദഗതി ബില്ലിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. അതേസമയം, അറസ്റ്രിനും വാറണ്ട് ഇല്ലാതെ പരിശോധനയ്ക്കും ഫോറസ്റ്റ് ഓഫീസർമാർക്ക് അധികാരം നൽകുന്ന ബില്ലിലെ സെക്ഷൻ 63, 52 വ്യവസ്ഥയെ ചൊല്ലി വിവാദമുയർന്നു. ബില്ലിനെതിരെ വിവിധ സംഘടനകൾ വിമർശനവുമായി രംഗത്തെത്തി.

ബില്ലിലെ പുതിയ വ്യവസ്ഥകൾ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെയും മലയോര കർഷകരെയും ദോഷകരമായി ബാധിക്കുമെന്നാണ് വിമർശനം. ബിൽ കർഷക -ആദിവാസി ദ്രോഹമാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.

വനം നിയമഭേദഗതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിരോധനം, വനാതിർത്തികളിൽ അനധികൃത മാറ്റം, മത്സ്യബന്ധനവും തോക്കുമായി പ്രവേശനവും കുറ്റകരമാക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പിഴത്തുക അഞ്ചിരട്ടിയായി ഉയർത്തിയിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്നു. സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ചില ഇളവുകളും വരുത്തിയിട്ടുണ്ട്.


Source link
Exit mobile version