മലയാളികളുടെ കാലങ്ങളായുള്ള ശീലം മാറി, കേരളത്തിൽ ഇവരെ ഇനി കാണാൻ കിട്ടാതാകും

കോഴിക്കോട്: ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും ദിനംപ്രതി വിലകൂടുമ്പോൾ ഉപഭോക്താക്കൾ മാത്രമല്ല, ചെറുകിട ഇടത്തര കച്ചവടക്കാരും പ്രതിസന്ധിയിലാണ്. വൻകിട വ്യാപാരികളിൽ നിന്നും കടമായും മറ്റും വാങ്ങിക്കുന്ന സാധനങ്ങൾ മാർക്കറ്റിൽ എത്തിച്ചാലും അത് കെട്ടിക്കിടക്കുന്ന സാഹചര്യമാണെന്നും വിലക്കയറ്റം രൂക്ഷമായതോടെ അവശ്യസാധനങ്ങൾ വാങ്ങിക്കുന്നത് പോലും ആളുകൾ വെട്ടിക്കുറച്ചെന്നുമാണ് വ്യാപാരികൾ പറയുന്നത്.

 തലവേദനയാകുന്നത് ജി.എസ്.ടി

വലിയ തലവേദന ജി.എസ്.ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ടതാണെന്നാണ് വ്യാപാരികൾ പറയുന്നത്. 40 ലക്ഷത്തിൽ കൂടുതൽ വാർഷിക വ്യാപാരമുള്ള കടകൾ ജി.എസ്.ടി അടയ്ക്കണമെന്നാണ് നിലവിലെ നിയമം. സാധാരണക്കാരായ ഇടത്തരം കച്ചവടക്കാരിൽ പലർക്കും ജി.എസ്.ടിയിലെ നിയമങ്ങളെക്കുറിച്ച് വലിയ ധാരണയില്ല. ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാവിധ അറിയിപ്പുകളും ഓൺലെെനായാണ് അറിയിക്കുന്നത്. അതിനാൽ ചെറിയ പ്രശ്നങ്ങൾക്ക് പോലും വലിയ തുക കൊടുത്ത് അക്കൗണ്ടൻറുമാരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചെറിയ പിഴവിന് വരെ ഭീമമായ പിഴ ഈടാക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

സീസണുകളിലേക്ക് ചുരുങ്ങിപ്പോയ കച്ചവടം

ഉത്സവ സീസണുകളിൽ മാത്രമാണ് വിപണി കുറച്ചെങ്കിലും മെച്ചപ്പെടുന്നത്. കൊവിഡിന് ശേഷം ഓൺലൈൻ വ്യാപാര രംഗത്തുണ്ടായ കുതിപ്പും ചെറുകിട കച്ചവടക്കാരെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കടം വാങ്ങിച്ചും മറ്റും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നവർക്ക് അവ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ദിനംപ്രതി കൂടിവരുന്ന കെട്ടിട വാടക കാരണം കച്ചവടം നിർത്തേണ്ട സ്ഥിതിയാണെന്നും വ്യാപാരികൾ പറയുന്നു.

മിഠായിതെരുവിലെ പല കടകളിലും ദിവസവാടക രീതിയാണ്. ദിവസവാടക 3000 രൂപ വാങ്ങിക്കുന്ന കടകൾ വരെയുണ്ട്. ഇത് കൂടാതെയാണ് വെെദ്യുതി ചാർജിലും വെള്ളക്കരത്തിലും വന്ന വർദ്ധനവ്. ഇത് കാരണം പല കച്ചവടക്കാർക്കും തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണവും വെട്ടിക്കുറക്കേണ്ടി വന്നിട്ടുണ്ട്.

” കൊവിഡിന് ശേഷം നഗരത്തിൽ മാത്രം ആയിരത്തോളം കടകൾ പൂട്ടിപ്പോയിട്ടുണ്ട്. പുതുതായി കച്ചവട രംഗത്തേക്ക് കടന്നുവരുന്നവരും സാമ്പത്തിക ബാധ്യത കാരണം ഇടക്ക് വെച്ച് നിർത്തുന്ന സ്ഥിതിയാണ്. ജി.എസ്.ടി പരിധി ഒരു കോടിയാക്കണമെന്ന് പലതവണ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ചെറുകിട വ്യാപാരമേഖല സംരക്ഷിക്കാൻ സർക്കാർ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. ”

– വി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി


Source link
Exit mobile version