തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ,റോഡ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ,പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രികാലങ്ങളിൽ ഇന്ന് മുതൽ ആരംഭിക്കും. അപകട സ്‌പോട്ടുകളിൽ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. പല സ്ഥലത്തും റോഡുകൾക്ക് വീതി കുറവുണ്ട്. റോഡുകളിലെ നിരീക്ഷണ ക്യാമറകൾ പൂർണമായും പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തിൽ ശരിയാക്കാൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.
അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നൽകും. ബോധവൽക്കരണ പരിപാടിയും നടത്തും.
അതേസമയം, എഐ ക്യാമകൾ സ്ഥാപിക്കാത്ത റോഡുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നത്.
വാഹനാപകടങ്ങൾ എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന ട്രാഫിക്ക്, പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അതിവേഗത്തിൽ പഠിച്ച് നടപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ബ്ളാക്ക് സ്‌പോട്ടുകളിൽ പൊലീസ് സഹായത്തോടെ പരിശോധന നടത്തും.
Source link