ലോകമെമ്പാടും ആത്മീയതയ്ക്ക് പ്രാധാന്യമേറിയ വർഷം എന്ന് 2024നെ വിശേഷിപ്പിക്കാം. ആഗോളതലത്തിൽ നിരവധി ക്ഷേത്രങ്ങളാണ് പുതിയതായി പണികഴിപ്പിച്ച് ഈ വർഷം ഭക്തർക്കായി തുറന്നുകൊടുത്തത്. പാരമ്പര്യവും സംസ്കാരവും വിശ്വാസങ്ങളും കൈവിടാതെ തന്നെ ആധുനികതയെ ഇന്ത്യൻ സമൂഹം ചേർത്തുനിർത്തുന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഇവ. ഇതിനുപുറമെ സങ്കീർണവും മനോഹരവുമായ ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയുടെ പ്രതിഫലനമാകാനും ഈ ക്ഷേത്രങ്ങൾക്ക് സാധിച്ചു. പ്രാർഥിക്കാനുള്ള ഇടങ്ങൾ എന്നതിനപ്പുറം തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണികൾ കൂടിയാണ് ഈ ക്ഷേത്രങ്ങൾ.
ഈശ്വര ഭക്തിയുടെയും ഐക്യത്തിന്റെയും അടയാളങ്ങളായി കൂടി ഈ ക്ഷേത്രങ്ങളെ കാണാവുന്നതാണ്. വിദേശ ഇന്ത്യക്കാരുടെ കാര്യമെടുത്താൽ ഒരേ മനസ്സോടെ ഒത്തുചേർന്ന് പ്രാർഥിക്കാനും സദ്പ്രവർത്തനങ്ങൾ കാഴ്ചവെക്കാനുമുള്ള വേദി കൂടി ഇത്തരം ആരാധനാലയങ്ങൾ ഒരുക്കുന്നുണ്ട്. 2024ന് തിരശ്ശീല വീഴുമ്പോൾ ഇന്ത്യൻ സംസ്കാരത്തിന്റെയും ആത്മീയതയുടെയും സമ്പന്നതയ്ക്ക് മുതൽക്കൂട്ടായി ഈ വർഷം ലോകത്തിന്റെറെ വിവിധ ഭാഗങ്ങളിൽ തുറക്കപ്പെട്ട ചില ക്ഷേത്രങ്ങൾ കൂടി പരിചയപ്പെടാം.
അയോധ്യ രാമക്ഷേത്രം2024 ൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചടങ്ങായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. ഇന്ത്യ ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത രീതിയിൽ അത്യാഡംബര പൂർണമായണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന കർമം നടന്നത്. 2024 ജനുവരി 22 നായിരുന്നു രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ. ആധ്യാത്മിക നേതാക്കളും ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ള പ്രമുഖരുമടക്കം 7000 വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങ്.
70 ഏക്കർ വിസ്തൃതമായ പ്രദേശത്ത് 2.7 ഏക്കർ വ്യാപിച്ചു കിടക്കുന്ന തരത്തിലാണ് പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണം. പരമ്പരാഗത നാഗര ശൈലിയിൽ നിർമിച്ചിരിക്കുന്ന ക്ഷേത്രം ഇതിനോടകം തന്നെ ലോകപ്രശസ്തമായി കഴിഞ്ഞു. 392 തൂണുകളും 44 വാതിലുകളും ഉൾപ്പെടുന്ന ക്ഷേത്രം മൂന്നുനിലകളിലായാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. വാസ്തുശാസ്ത്രത്തിനും ശില്പശാസ്ത്രത്തിനുമെല്ലാം അങ്ങേയറ്റം പ്രാധാന്യം നൽകിക്കൊണ്ടാണ് നിർമാണം. ബാലഭാവത്തിലുള്ള രാമനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാവർഷവും രാമനവമി ദിവസത്തിൽ പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യരശ്മികൾ പതിക്കുന്ന രീതിയിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
സോമനാഥ ക്ഷേത്രം ഉൾപ്പെടെ ലോകമെമ്പാടുമുള്ള നൂറിലധികം ക്ഷേത്രങ്ങൾ രൂപകല്പന ചെയ്ത വാസ്തുശില്പി കുടുംബമായ സോംപുരയാണ് ക്ഷേത്രത്തിന്റെ രൂപകൽപന തയ്യാറാക്കിയത് . ഇരുമ്പോ ഉരുക്കോ ഉപയോഗിക്കാതെ പൂർണമായും കല്ലുകളിൽ നിർമിച്ച ക്ഷേത്രത്തിലെ ഓരോ കല്ലിലും ശ്രീറാം എന്നെഴുതിയിട്ടുണ്ട്. ഉദ്ഘാടനം നടന്ന് 10 മാസങ്ങൾ പിന്നിടുമ്പോൾ പ്രതിദിനം ശരാശരി ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിൽ ആളുകളാണ് ക്ഷേത്രം സന്ദർശിക്കുന്നത്. ഉത്സവ ദിവസങ്ങളിലും ചൊവ്വാഴ്ചകളിലുമാണ് ഏറ്റവും അധികം ഭക്തജന തിരക്ക് അനുഭവപ്പെടുന്നത്.
Image Credit: ANUP PUJARI SALASAR/x
ഓം ശിവ മന്ദിർ, രാജസ്ഥാൻലോകത്തിലെ ഏറ്റവും ആദ്യത്തെ ഓം ആകൃതിയിലുള്ള ശിവക്ഷേത്രം തുറക്കപ്പെട്ടതും 2024ലാണ്. രാജസ്ഥാനിലെ പാലി ജില്ലയിലാണ് അതിവിശിഷ്ടമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഫെബ്രുവരി 10നായിരുന്നു ഉദ്ഘാടനം നടന്നത്. ഹൈന്ദവ വിശ്വാസങ്ങളിൽ ഓം എന്ന മഹാമന്ത്രത്തിനുള്ള പ്രാധാന്യം പരിഗണിച്ചാണ് അതേ ആകൃതിയിൽ ക്ഷേത്രം നിർമിക്കപ്പെട്ടത്. 12 ജ്യോതിർലിംഗങ്ങൾ അടക്കം ശിവന്റെ 1008 വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. നാഗര ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 1995ൽ നടന്നെങ്കിലും 29 വർഷങ്ങൾക്കിപ്പുറമാണ് നിർമാണം പൂർത്തിയായത്. 135 അടി നീളമുള്ള 1200 തൂണുകളാൽ താങ്ങിനിർത്തിയിരിക്കുന്ന ഈ ക്ഷേത്രത്തിൽ 108 മുറികളുമുണ്ട്. പരമശിവനോടുള്ള ഭക്തിയുടെയും സമർപണത്തിന്റെയും പ്രതീകമായാണ് ക്ഷേത്രം ഒരുങ്ങിയിരിക്കുന്നത്. സംസ്കാരവും വാസ്തുവിദ്യാ പാരമ്പര്യവും ഇവിടെ ഓരോ കോണിലും പ്രതിഫലിക്കുന്നു.
ബിഎപിഎസ് ഹിന്ദു മന്ദിർ, അബുദാബിമിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഫെബ്രുവരി 14നാണ്. ഹൈന്ദവ സാംസ്കാരിക കൂട്ടായ്മയായ ബിഎപിഎസ് സ്വാമി നാരായൺ സൻസ്തയാണ് ക്ഷേത്രം നിർമിച്ചത്. ആധ്യാത്മിക പ്രാധാന്യത്തിനുപരി ഇന്ത്യയുടെ തനത് പൈതൃകത്തിന്റെയും ഇന്ത്യയും യുഎഇ യും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും പ്രതീകമായി കൂടി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. 27 ഏക്കർ വിസ്തൃതമായ സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. 700 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. ശ്രീരാമൻ, പരമശിവൻ, ജഗന്നാഥ സ്വാമി, ശ്രീകൃഷ്ണൻ, തിരുപ്പതി ബാലാജി, സ്വാമിനാരായണൻ, അയ്യപ്പൻ, അക്ഷർ പുരുഷോത്തം, ലക്ഷ്മണൻ, ഗണപതി തുടങ്ങിയ നിരവധി പ്രതിഷ്ഠകൾ ക്ഷേത്രത്തിലുണ്ട്.
ബിഎപിഎസ് ഹിന്ദു മന്ദിർ. Image Credit: Facebook/ AbuDhabiMandir
ഇന്ത്യയിലെ പരമ്പരാഗത നിർമാണ ശൈലി പൂർണമായി പിന്തുടർന്നു കൊണ്ടാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ശില്പശാസ്ത്രവും സ്ഥപത്യ ശാസ്ത്രവും കൃത്യമായി നിർമാണത്തിൽ പിന്തുടർന്നിട്ടുണ്ട്. ക്ഷേത്ര സമുച്ചയത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ഗംഗ, യമുന എന്നീ നദികളുടെ പ്രതീകമായി രണ്ട് നീരൊഴുക്കുകൾ കാണാനാകും. ജ്ഞാന ദേവതയുടെ പ്രതീകമായ സരസ്വതി നദി ക്ഷേത്രത്തിനു താഴെ ഒരു പ്രകാശ കിരണമായും കാണപ്പെടുന്നുണ്ട്. വെളുത്ത മാർബിളിൽ കൊത്തിയെടുത്ത 402 തൂണുകളാണ് ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത.2019ലാണ് ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. യുഎഇയിൽ മറ്റു മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ കൂടിയുണ്ടെങ്കിലും ഇവയിൽ ഏറ്റവും വലുത് എന്ന സ്ഥാനം ഇനി അബുദാബിയിലെ ക്ഷേത്രത്തിനായിരിക്കും.
എസ്റ്റോണിയ ശിവക്ഷേത്രംയൂറോപ്പിലെ ഏറ്റവും വലിയ ശിവക്ഷേത്രം എസ്റ്റോണിയിലെ ലില്ലിയോരുവിൽ ജൂൺ 10ന് ഭക്തർക്കായ തുറന്നു കൊടുത്തു. ജൂൺ നാലിന് ആരംഭിച്ച് 13ന് അവസാനിക്കുന്ന തരത്തിൽ വിപുലമായ ചടങ്ങുകളോടെയായിരുന്നു പ്രതിഷ്ഠ. 5500 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് ഏറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്. യൂറോപ്പിന്റെ ആധ്യാത്മിക മേഖലയിൽ ഒരു നാഴികക്കല്ലായാണ് ഈ ക്ഷേത്രം വിലയിരുത്തപ്പെടുന്നത്.
Image Credit: Shiva Temple Estonia/ Facebook
പരമ്പരാഗത ആചാരങ്ങളും പൂജാവിധികളും സാംസ്കാരിക ആഘോഷങ്ങളും സമന്വയിപ്പിച്ചു കൊണ്ടായിരുന്നു ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമം നടന്നത്. ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമായി നൂറു കണക്കിന് അതിഥികളും ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് പൂജാരിമാരെത്തിയാണ് മഹാ കുംഭാഭിഷേകം അഥവാ പ്രതിഷ്ഠാ ചടങ്ങ് നടത്തിയത്. ആചാര്യ ഈശ്വരാനന്തയാണ് ക്ഷേത്രത്തിന്റെ സ്ഥാപകൻ. മഹാ ഋഷികളുടെയും സിദ്ധന്മാരുടെയും പാതകൾ പിന്തുടർന്ന് സനാതന ധർമത്തോടുള്ള സമർപ്പണത്തിന്റെ പ്രതീകമായിയാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പുരാതന ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയായ ആഗമ ശില്പ ശാസ്ത്രത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിന്റെ നിർമാണം. കർപ്പഗ നാഥർ, ബ്രഹന്ദ് നായഗി, ഗണപതി, ബാലമുരുകൻ, സപ്തർഷികൾ, നവനാഥന്മാർ, 18 സിദ്ധന്മാർ, നവഗ്രഹങ്ങൾ തുടങ്ങിയ ദേവതകളെ പ്രതിനിധീകരിക്കുന്ന നിരവധി വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ട്.
Source link