പത്തനംതിട്ട : മല്ലശേരി പൂത്തേതുണ്ടിൽ വീട്ടിലെ ഷോകേസിൽ നിഖിൽ ഈപ്പൻ മത്തായിക്ക് ലഭിച്ച പുരസ്കാരം. കാനഡയിൽ നിന്ന് ക്വാളിറ്റി എൻജിനീയറിംഗ് മാനേജ്മെന്റിൽ ഡിപ്ളോമ നേടിയതിന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നിന്ന് സമ്മാനിച്ചതാണ്. ഇടവകയിൽ യുവജന സംഘടനാ പ്രവർത്തകനായിരുന്നു നിഖിൽ. മല്ലശേരി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ പ്ളസ് ടു പഠനത്തിനു ശേഷം മുസലിയാർ എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പാസായി. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തശേഷം മൂന്നുവർഷം മുൻപാണ് കാനഡയിലെ കമ്പനിയിൽ ചേർന്നത്.
പൂങ്കാവിൽ പള്ളിയുമായി ബന്ധപ്പെട്ട എല്ലാ സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്ന നിഖിലിന്റെയും പിതാവ് ഈപ്പൻ മത്തായിയുടെയും വേർപാട് ഇടവകാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാവുന്നില്ല. ജീവകാരുണ്യപ്രവൃത്തികൾക്ക് എല്ലാ സഹായവും ചെയ്തിരുന്നവരാണ് പൂത്തേതുണ്ടിൽ കുടുംബമെന്ന് ഇടവക മുൻ വികാരി ഫാ.ആന്റണി കല്ലിൽ പറഞ്ഞു. ഈപ്പൻ മത്തായി ഗൾഫിലെ ജോലിക്കുശേഷം എട്ടുവർഷമായി നാട്ടിലുണ്ടായിരുന്നു. നിഖലിന്റെ സഹോദരി നിത കുടുംബസമേതം ഖത്തറിലാണ്. ഭർത്താവിനെയും മകനെയും നഷ്ടമായതിന്റെ നടുക്കത്തിൽ തളർന്നുകിടപ്പാണ് സാലി മത്തായി.
Source link