കൊല്ലം: വർഷം 3,000-4,000 അപകടങ്ങൾ
കൊല്ലം: ജില്ലയിൽ ഓരോ വർഷവും മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് വാഹനാപകട നിരക്ക്. കഴിഞ്ഞ വർഷമുണ്ടായ 3436 അപകടങ്ങളിൽ സിറ്റി പരിധിയിൽ 211 പേർക്കും റൂറൽ പരിധിയിൽ 192 പേർക്കും ജീവൻ നഷ്ടമായി. കഴിഞ്ഞ മാസം മുപ്പതിലേറെ അപകടങ്ങളാണുണ്ടായത്. എട്ടുപേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണ്.
ജില്ലയിൽ അതീവ അപകട സാദ്ധ്യതയുള്ള ആറെണ്ണം ഉൾപ്പടെ ഇരുപതിലധികം ബ്ലാക്ക് സ്പോട്ടുകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കര എം.സി റോഡ്, ചടയമംഗലം ശ്രീരംഗം വളവ്, ബൈപ്പാസിലെ കടവൂർ-മങ്ങാട് പാലം, ഉമയനല്ലൂർ, ചാത്തന്നൂർ തിരുമുക്ക്, അയത്തിൽ എന്നിവിടങ്ങളാണ് ഹൈറിസ്ക് പട്ടികയിലുള്ളത്.
വൈകിട്ട് മൂന്നിനും പുലർച്ചെ അഞ്ചിനും ഇടയിലാണ് കൂടുതൽ അപകടങ്ങളും. വെളിച്ചത്തിന്റെ അഭാവം, തകർന്ന റോഡ്, അശാസ്ത്രീയ നിർമ്മാണം, എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളിലെ അമിത വെളിച്ചം എന്നിവയാണ് പ്രധാനമായും അപകടങ്ങൾക്ക് ഇടയാക്കുന്നത്.
റൂറൽ മേഖലയിലാണ് അപകടങ്ങൾ കൂടുതലും. ബൈപ്പാസാണ് തൊട്ടുപിന്നിൽ. ബൈപ്പാസിൽ 50ലധികം പേരുടെ ജീവനാണ് ഇതിനകം നഷ്ടമായത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ബ്ലാക്ക് സ്പോട്ടുകൾ അപകടരഹിതമാക്കാൻ സുരക്ഷാ ഓഡിറ്റ് നടത്താൻ ഒരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.
Source link