തൃശൂരിൽ 13 സ്ഥിരം അപകട സ്പോട്ടുകൾ

തൃശൂർ: ജില്ലയിൽ കൊടുങ്ങല്ലൂർ- കോഴിക്കോട് ദേശീയ പാതയിൽ കയ്പമംഗലം, പാലപ്പെട്ടി വളവ്, നാട്ടിക, തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ പാറേമ്പാടം, ചൂണ്ടൽപ്പാടം, കാണിപ്പയ്യൂർ, ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിൽ പെരുമ്പി, കൊരട്ടി, കൊടകര, പട്ടിക്കാട്,
കൊടുങ്ങല്ലൂർ- ഷൊർണൂർ സംസ്ഥാന പാതയിൽ കണിമംഗലം, വാഴക്കോട്, അകമല എന്നിവയാണ് പ്രധാന അപകട സ്പോട്ടുകൾ.
നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അഞ്ചുപേർ മരിക്കാനിടയായ സംഭവം നടന്ന് മൂന്നാഴ്ചയാകുമ്പോഴും, പുലർച്ചെ ഭാരം കയറ്റിയുള്ള ലോറികളുടെ അമിതവേഗത്തിന് തടയിടാനായിട്ടില്ല. നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ ബാരിക്കേഡും മുന്നറിയിപ്പ് ബോർഡുമെല്ലാം താത്കാലികമായി സ്ഥാപിക്കുന്നുണ്ടെങ്കിലും വാഹനപരിശോധന പേരിന് മാത്രം.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ബ്രത്ത് അനലൈസറും ആൽകോ സ്‌കാൻ വാനുമെല്ലാം ഉണ്ടെങ്കിലും ഡ്രൈവർമാരുടെ പരിശോധന വഴിപാടാണ്. എല്ലാ സ്റ്റേഷനിലും ബ്രത്ത് അനലൈസർ രണ്ടെണ്ണമെങ്കിലും ഉണ്ടെങ്കിലും വേണ്ടത്ര പൊലീസുകാർ ഇല്ലാത്തതിനാൽ ദിവസവും പരിശോധന നടക്കാറില്ല. രാത്രിയിലും പുലർച്ചെയുമാണ് മദ്യപിച്ചുള്ള അപകടങ്ങളേറെ. രാത്രികാല പട്രോളിംഗും കുറഞ്ഞു.
ഒരുക്കണം സുരക്ഷ
റോഡുകളിൽ കൂടുതൽ ദിശാബോർഡ് സ്ഥാപിക്കണം
രാത്രികാലങ്ങളിൽ വെളിച്ചവും സിഗ്‌നലും ഉറപ്പാക്കണം
അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിംഗും തടയണം
Source link