KERALAM

പ്രൊബേഷണറി ഡ്രൈവിംഗ് ലൈസൻസിന് കേന്ദ്രം കനിയണം, കേരളത്തിന് സ്വയം നടപ്പാക്കാനാവില്ല

കോവളം സതീഷ്‌കുമാർ | Monday 16 December, 2024 | 12:03 AM

തിരുവനന്തപുരം: ലേണഴ്സ് എഴുത്തു പരീക്ഷയും ഡ്രൈവിംഗ് റോഡ് ടെസ്റ്റും പാസായാലും ഉടൻ തന്നെ ലൈസൻസ് നൽകാതെ പ്രൊബേഷണറി ലൈസൻസ് നൽകുന്ന സംവിധാനം ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പിന് കേന്ദ്ര സർക്കാരിന്റെ അനുവാദം വേണ്ടി വരും. കേന്ദ്ര മോട്ടോർ വാഹാന നിയമത്തിൽ ഇത്തരമൊരു സംവിധാനത്തെ കുറിച്ച് പറയുന്നില്ല. പ്രൊബേഷണറി ലൈസൻസ് നൽകണമെന്ന ആവശ്യം മറ്റൊരു സംസ്ഥാനവും ഉന്നയിച്ചിട്ടില്ല. കേരളത്തിന്റെ മാത്രം ആവശ്യം പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണ്. മാറ്റം വരുത്തുകയാണെങ്കിൽ സോഫ്ട്‌വെയറിൽ ഉൾപ്പെടെ മാറ്റം വരുത്തേണ്ടിവരും.

അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിംഗ് സംസ്‌കാരം രൂപപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ചില വിദേശരാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള പ്രൊബേഷണറി ലൈസൻസ് സംവിധാനം ഇവിടേയും നടപ്പിലാക്കാൻ ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു ആലോചന തുടങ്ങിയത്. ചർച്ച പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലൈസൻസ് കിട്ടിയാലുടൻ വാഹനവുമായി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. ആലപ്പുഴയിൽ ആറു മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചത് അഞ്ചുമാസം മുൻപ് ലൈസൻസ് കിട്ടിയ വിദ്യാർത്ഥിയായിരുന്നു. അതിവേഗത്തിലായിരുന്നില്ലെങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിലൊന്നായി കണ്ടെത്തിയിരുന്നു.

പ്രൊബേഷണറി സമയത്ത്

അപകടം വരുത്തരുത്

ഡ്രൈവിംഗ് ടെസ്റ്റ് പാസായാലുടൻ നൽകുന്ന സ്ഥിരം ലൈസൻസിനു പകരം നൽകുന്ന നിരീക്ഷണാടിസ്ഥാനത്തിലുള്ള ലൈസൻസാണ് ഇത്.

ആറു മാസമോ ഒരു വർഷമോ ആകും പ്രൊബേഷണറി സമയം.

ഈ കാലയളവിൽ അപകടം വരുത്താതെ വണ്ടിഓടിച്ചാലെ സ്ഥിരം ലൈസൻസ് നൽകൂ.

അപകടമുണ്ടാക്കിയാൽ പ്രൊബേഷൻ സമയം കൂട്ടും.

ഡ്രൈവർ കൂടുതൽ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്നതാണ് ലക്ഷ്യം


Source link

Related Articles

Back to top button