കേന്ദ്ര പദ്ധതിയോട് സംസ്ഥാനം മുഖംതിരിച്ചു, പി.എം.ശ്രീയിൽ കുരുങ്ങി സമഗ്രശിക്ഷ, കേരളത്തിന് 2024-25 ൽ കിട്ടാതാവുന്നത് 513.54 കോടി

തിരുവനന്തപുരം: സംസ്ഥാനം പി.എം.ശ്രീ പദ്ധതിയിൽ ഒപ്പു വയ്ക്കാത്തതിനാൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്ന സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ)യുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. ഭിന്നശേഷി കുട്ടികളുടെ സ്റ്റൈപ്പൻഡ്, പാവപ്പെട്ട കുട്ടികളെ പാർപ്പിക്കുന്ന ഹോസ്റ്റലുകൾ എന്നിവയുടെ പ്രവർത്തനം, സൗജന്യ യൂണിഫോം, സ്കൂളുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവ അനിശ്ചിതത്വത്തിലായി.
തീരെ പാവപ്പെട്ട കുട്ടികളെ പാർപ്പിക്കുന്ന ഏഴ് ഹോസ്റ്റലുകളാണ് എസ്.എസ്.കെയുടെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഫണ്ട് ലഭിക്കാതാകുന്നതോടെ ഇവയുടെ പ്രവർത്തനം നിലയ്ക്കുമോയെന്ന ആശങ്കയുമുണ്ട്. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ് എസ്.എസ്.കെയ്ക്ക്. ധാരണാപത്രത്തിൽ കേരളം ഒപ്പിടാത്തതിനാൽ കേന്ദ്രഫണ്ട് തടഞ്ഞുവച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പുവയ്ക്കാൻ തയ്യാറായി. ഇതിനെ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ എതിർത്തതോടെ ഒപ്പുവയ്ക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
2024-25 വർഷത്തെ 855.9 കോടിയിൽ കേന്ദ്ര വിഹിതമായ 513.54 കോടിയി ൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. 2023-24 ൽ ലഭിക്കേണ്ട ആകെ ഫണ്ട് 702 കോടിയായിരുന്നു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 421 കോടിയിൽ ലഭിച്ചത് 141 കോടി മാത്രം.
പ്രശ്നത്തിനുപിന്നിൽ സർക്കാരിന്റെ ആശങ്ക
ദേശീയ വിദ്യാഭ്യാസത്തിന്റെ എല്ലാ ആശയങ്ങളും നടപ്പാക്കുന്ന മാതൃക സ്കൂളുകളായിട്ടാണ് പി.എം.ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളെ പരിഗണിക്കുന്നത്. ഇത്തരം സ്കൂളുകളുടെ പേരിനു മുന്നിലായി പി.എം.ശ്രീ എന്ന് ചേർക്കണം. ഒരു ബ്ലോക്കിൽ രണ്ടു വിദ്യാലങ്ങളാണ് ഇതിനു വേണ്ടത്. സംസ്ഥാന സിലബസോ എൻ.സി.ഇ.ആർ.ടി സിലബസോ നടപ്പാക്കാം. ഇത് കേരളത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാർദ്ദത്തെയും ദോഷമായി ബാധിക്കുമോ എന്നതാണ് സംസ്ഥാന സർക്കാരിന്റെ ആശങ്ക. പി.എം.ശ്രീയും എസ്.എസ്.കെയും വ്യത്യസ്ത കേന്ദ്ര പദ്ധതികളായതിനാൽ ഇവ തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. അതിനാൽ എസ്.എസ്.കെയുടെ ഫണ്ട് നേടിയെടുക്കുന്നതിനുള്ള നടപടികളെക്കുറിച്ചാണ് സംസ്ഥാനം ആലോചിക്കുന്നത്.
”കേന്ദ്രഫണ്ട് ലഭിക്കാത്തതുമൂലം ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും പാവപ്പെട്ട കുട്ടികൾക്കായുള്ള ഹോസ്റ്റലുകളും വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം എന്നിവയുടെ വിതരണവും പ്രതിസന്ധിയിലായിരിക്കുകയാണ്.
-ഡോ.എ.ആർ.സുപ്രിയ,
ഡയറക്ടർ,
എസ്.എസ്.കെ
Source link