ഒന്നിച്ചു തിരഞ്ഞെടുപ്പ്: അവസാനനിമിഷം കാര്യപരിപാടിയിൽ മാറ്റം; ബിൽ ഇന്ന് അവതരിപ്പിക്കില്ല | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Lok Sabha | Assembly elections | Constitution Amendment | Joint Parliamentary Committee | One Nation One Election | BJP | Congress | Arjun Ram Meghwal | K.C. Venugopal – One Nation, One Election: Bills related to simultaneous Lok Sabha and Assembly elections will not be introduced in the Lok Sabha today | India News, Malayalam News | Manorama Online | Manorama News
ഒന്നിച്ചു തിരഞ്ഞെടുപ്പ്: അവസാനനിമിഷം കാര്യപരിപാടിയിൽ മാറ്റം; ബിൽ ഇന്ന് അവതരിപ്പിക്കില്ല
മനോരമ ലേഖകൻ
Published: December 16 , 2024 03:24 AM IST
1 minute Read
പാർലമെന്റ് കെട്ടിടം (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ)
ന്യൂഡൽഹി ∙ രാജ്യത്തു നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ല. ഉപധനാഭ്യർഥന ഉൾപ്പെടെ ധനകാര്യ ബില്ലുകൾ അവതരിപ്പിച്ചു പൂർത്തിയാക്കിയ ശേഷമാകും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ സഭയിലെത്തുക. ഈയാഴ്ച അവസാനം തന്നെ ബിൽ അവതരിപ്പിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സഭയിൽ ഇന്നു പരിഗണിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച കാര്യപരിപാടിയിൽ നേരത്തേ രണ്ടു ബില്ലുകളും ഉൾപ്പെടുത്തിയിരുന്നു. ഭരണഘടനാ ഭേദഗതിയുമായി (129–ാം) ബന്ധപ്പെട്ട ബില്ലും കേന്ദ്രഭരണപ്രദേശ നിയമ ഭേദഗതി ബില്ലുമാണു സഭയിൽ അവതരിപ്പിക്കാനുള്ളത്. ഇരുബില്ലുകൾക്കും കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബില്ലുകൾ ഈ സമ്മേളനത്തിൽത്തന്നെ അവതരിപ്പിച്ചു സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിടാനാണു സാധ്യതയെന്നാണു വിവരം. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് 2034 മുതൽ പ്രാബല്യത്തിലാക്കാനാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
കാര്യപരിപാടിയിൽ നിന്ന് ഒഴിവാക്കിയെങ്കിലും സ്പീക്കറുടെ അനുമതിയോടെ പെട്ടെന്നു ചേർക്കാനും അവതരിപ്പിക്കാനുമുള്ള സാധ്യതയും നിലനിൽക്കുന്നു. ഇരു ബില്ലുകളും നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്. പുതിയ കാര്യപരിപാടി പ്രകാരം മന്ത്രി ഗോവ നിയമസഭയിലെ പട്ടിക ജാതി പ്രാതിനിധ്യം സംബന്ധിച്ച ബില്ല് ഇന്നവതരിപ്പിക്കും.
നിയമപരമായി നേരിടുമെന്ന് വേണുഗോപാൽകൊച്ചി ∙ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നയം നടപ്പാക്കാനുള്ള നീക്കത്തെ കോൺഗ്രസ് നിയമപരമായി നേരിടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ഈ നീക്കം ഇന്ത്യയിൽ പ്രായോഗിക മല്ല. ‘വൺ നേഷൻ, നോ ഇലക്‌ഷൻ’ എന്ന ലക്ഷ്യമാണു ബിജെപിക്ക്. ഭരണഘടനാ ചർച്ചയിൽ പ്രധാനമന്ത്രി ലോക്സഭയിൽ നടത്തിയതു മുൻകാല പ്രസംഗങ്ങളുടെ ആവർത്തനം മാത്രമാണെന്ന് വേണുഗോപാൽ പറഞ്ഞു.
ചർച്ചയ്ക്കു മറുപടി പറയാനുള്ള അവസരത്തെ മോദി ഉപയോഗിച്ചത് കോൺഗ്രസിനെ ആക്രമിക്കാനാണ്. ഭരണഘടനയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞില്ല. ഒന്നര വർഷത്തിലേറെയായി അശാന്തമായ മണിപ്പുരിനെ കുറിച്ചും ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ കള്ളപ്പണ ഇപാടിനെക്കുറിച്ചും മോദി മിണ്ടിയില്ല. പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയിട്ടില്ല. ഭരണപക്ഷത്തിനു സഭ നടത്താൻ ആഗ്രഹമില്ല എന്നതാണു വാസ്തവം.
കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ല. പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളിലും കൂടിയാലോചനകൾ നടക്കുന്നുണ്ട്. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനുള്ള സംവിധാനം കോൺഗ്രസിനുണ്ട് – വേണുഗോപാൽ പറഞ്ഞു.
English Summary:
One Nation, One Election: Bills related to simultaneous Lok Sabha and Assembly elections will not be introduced in the Lok Sabha today
mo-politics-leaders-kcvenugopal mo-legislature-parliament mo-news-common-malayalamnews mo-news-common-newdelhinews 7o61i0rcqdfeoip0v2d5l43t5g 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list
Source link