ദീപു. ആർ | Monday 16 December, 2024 | 12:07 AM
ആലപ്പുഴ: മിമിക്സ് ഭവൻ, പേരുപോലെ തന്നെ മിമിക്രിക്കാരും പാട്ടുകാരും നിറഞ്ഞ വീട്. മിമിക്രി കലാകാരൻമാരായ മധു പുന്നപ്രയുടെയും സഹോദരൻ മനോജ് പുന്നപ്രയുടെയും കുടുംബവീടാണ് മിമിക്രിയും മോണോ ആക്ടും നാടൻ പാട്ടും കഥാപ്രസംഗവുമൊക്കെയായി പൂരപ്പറമ്പായിരിക്കുന്നത്. സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും മിമിക്രിയിൽ മിന്നിച്ച സമ്പാദ്യത്തിലൂടെ നാലുപതിറ്റാണ്ട് മുമ്പ് പണിത വീടാണ് മിമിക്സ് ഭവൻ. അതേസമയം,സഹോദരങ്ങൾക്ക് കൂട്ടായി ഇളമുറക്കാരായ മഹാദേവനും മഹേശ്വരനും മഹിമയും മാളവികയും പരമ്പര്യം തുടർന്നതോടെ മിമിക്സ് ഭവൻ കലാകേരളത്തിന്റെ അഭിമാനമാവുകയാണ്.
മുൻവർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ എച്ച്.എസ്.എസ് വിഭാഗങ്ങളിൽ മിമിക്രിയുടെ കുത്തക കൈവിടാതെ കാത്ത അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയും മധുവിന്റെ മകനുമായ മഹേശ്വരൻ ഇത്തവണ മോണോ ആക്ടിലും, പുന്നപ്ര അറവുകാട് എച്ച്. എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയും മനോജിന്റെ മകളുമായ മാളവിക മിമിക്രിയിലും മാറ്റുരയ്ക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ ജേതാക്കളായിരുന്നു ഇരുവരും. വെടിക്കെട്ട്,ജൂനിയർ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിൽ വേഷമിട്ട മഹാദേവനാണ് മഹേശ്വരന്റെ സഹോദരൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിക്ക് എച്ച്.എസ്.എസ് വിഭാഗം ഒന്നാം സ്ഥാനക്കാരി മഹിമ മാളവികയുടെ സഹോദരിയും.
മാതാവ് ലക്ഷ്മിയെപ്പോലെ പാട്ടുകാരികളാണ് മരുമക്കളായ സുമയും മായയും. മധുവിന്റെ സ്റ്റേജ് ഇന്ത്യയിലും മനോജിന്റെ നാടൻ പാട്ട് സംഘമായ കുട്ടനാട് കണ്ണകിയിലും പരിപാടികളിൽ മക്കളും പങ്കാളികളാണ്.
അച്ഛന്റെ വഴിയിലൂടെ
കഥാപ്രസംഗ വില്ലുമേള കലാകാരനായിരുന്ന പരേതനായ പുന്നപ്ര അറവുകാട് എൻ. വെളുത്തകുഞ്ഞിന്റെയും(എൻ.വി.കെ) ലക്ഷ്മിയുടെയും മക്കളായ മധുവും(55), മനോജും(53) സ്കൂൾ പഠനകാലത്ത് അച്ഛന്റെ വഴിയിലൂടെയാണ് കലാരംഗത്തേക്ക് വന്നത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും നാടൻ കലാരൂപങ്ങളുടെ അവതരണത്തിലും പാട്ടിലും വില്ലുമേളയിലും അഗ്രഗണ്യനായിരുന്ന എൻ.വി.കെ മക്കളെയും കലാരംഗത്ത് കൈപിടിച്ചു നടത്തി.
യു.പി ക്ളാസ് മുതൽ നാട്ടിലെ മറ്റ് കുട്ടികൾക്കൊപ്പം മക്കൾക്കും നാടകത്തിലും കഥാപ്രസംഗത്തിലും മറ്റ് കലാരൂപങ്ങളിലും എൻ.വി.കെ നൽകിയ ശിക്ഷണം സ്കൂൾ കലോത്സവങ്ങളിലും കേരളോത്സവങ്ങളിലും മധുവിനെയും മനോജിനെയും താരങ്ങളാക്കി. പ്രീഡിഗ്രിയെത്തിയപ്പോഴേക്കും ഇരുവരും നാടറിയുന്ന മിമിക്രി കലാകാരൻമാരും നാടൻ പാട്ടുകാരുമായി,സ്വന്തം ട്രൂപ്പുകളും തുടങ്ങി.
Source link