വീട്ടിൽ കൂടോത്രം വച്ചിട്ടുണ്ടെന്ന് എംഎൽഎ, ഒന്നും കണ്ടില്ലെന്ന് ജ്യോതിഷി; മന്ത്രവാദിയെ എത്തിച്ച് പൂജ നടത്തി

കണ്ണൂർ: കേരളത്തിലെയും കർണ്ണാടകയിലെയും രാഷ്ട്രീയ കളരിയിൽ അധികാര കേന്ദ്രമായി തീരുന്ന നേതാവിനെ വെട്ടാനും അധികാരത്തിൽ നിന്ന് പുറത്താക്കാനും കൂടോത്രവും ആഭിചാരക്രിയകളും നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നേട്ടങ്ങളും കോട്ടങ്ങളും അറിയുന്നതിനും ശത്രുവിനെ വെട്ടാനുള്ള വഴി തേടിയും രാഷ്ട്രീയക്കാരിൽ പലരും സിദ്ധന്മാരുടെ അടുത്ത് പോകുന്നവരും സ്ഥിരമായി ‘വാരിവെക്കുന്നവരും’ ആണെന്നത് പരസ്യമായ രഹസ്യമാണ്.

കർണ്ണാടക മുൻ മുഖ്യമന്ത്രി വി.എസ് യെദിയൂരപ്പ തനിക്കെതിരെ ശത്രുക്കൾ ആഭിചാര കർമ്മം നടത്തുന്നതായി പരസ്യമായി ആരോപിച്ചിരുന്നു. എട്ട് തവണ എം.എൽ.എയും നാലുതവണ മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവും ആയിരുന്ന അദ്ദേഹം അഴിമതി ആരോപണം നേരിടുകയും പീഡന കേസുമായി ബന്ധപ്പെട്ട് കുരുക്കിലാവുകയും നിരന്തരം പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്ത വേളയിലാണ് കൂടോത്രചിന്തകൾ യെദിയൂരപ്പയെ അലട്ടിയത്.

കർണ്ണാടകയിൽ ആഭിചാര ക്രിയകളിൽ വലിയ വിശ്വാസമാണ്. വടക്കൻ കേരളത്തിൽ നിന്നും പലരും കർണ്ണാടകയിൽ പോയി പച്ചപിടിക്കുന്നത് അവരുടെ ഭയഭക്തിയെ ചൂഷണം ചെയ്താണ്. കർണ്ണാടകയിൽ ഒരു എം.എൽ.എയുടെ വീട്ടിൽ കൂടോത്രം വെച്ച സംഭവം വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. പോയി നോക്കിയപ്പോൾ യാതൊന്നും കണ്ടില്ലെന്നും ജീർണ്ണാവസ്ഥയിൽ ഉണ്ടായ സാധനങ്ങൾ മാറ്റി ശുദ്ധീകരിക്കാൻ പറയുകയായിരുന്നു എന്നുമാണ് പ്രമുഖ ജ്യോതിഷി സന്തോഷ് നായർ വ്യക്തമാക്കിയിരുന്നത്. എന്നിട്ടും വിശ്വാസമില്ലാത്ത വീട്ടുകാർ ആചാര്യന്മാരെയും മന്ത്രവാദികളെയും കൊണ്ടുവന്ന് പൂജ നടത്തിയിരുന്നു.

—–

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രിയാകുന്നത് തടയാൻ പാർട്ടിയിൽ ഉള്ളവർ തന്നെ കൂടോത്രം ചെയ്തുവെന്ന പ്രചാരണം അടുത്ത കാലത്ത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായി. അദ്ദേഹത്തെ ശാരീരികമായി തളർത്തുന്നതിന് തിരുവനന്തപുരം പേട്ടയിലെ കെ.പി.സി.സി ഓഫീസിലും കണ്ണൂരിലെ വീട്ടിലും കൂടോത്രം ചെയ്തുവെന്നായിരുന്നു പ്രചാരണം. അതിന് തെളിവായി കുറെ സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു. പാർട്ടിക്ക് അകത്തും പുറത്തും ശത്രുക്കൾ ഏറെയുള്ള കെ സുധാകരൻ അതിന് പരിഹാരമായി താന്ത്രിക പരിഹാരം നടത്തിയതും ചർച്ചയായി.

കാസർകോട് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയ കൂടോത്ര വിവാദം പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ആണ് അതിനു പിന്നിലെന്നും ഡി.സി.സി ഓഫീസിലും വീട്ടിലും തനിക്കെതിരെ കൂടോത്രം ചെയ്തുവെന്നും ബാലകൃഷ്ണൻ നാല് മാസം മുമ്പാണ് പറഞ്ഞത്. സുധാകരന് കൂടോത്രം ചെയ്തത് സി.പി.എമ്മോ ബി.ജെ.പിയോ അല്ലെന്നും അത് കോൺഗ്രസുകാർ താനെയാണെന്നും ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. എന്നാൽ കൂടോത്രം ചെയ്യുന്നതിന് മുമ്പ് കെ. സുധാകരൻ കണ്ണൂരിൽ ജയിച്ചത് ഒരു ലക്ഷത്തിന് താഴെ വോട്ടിന് ആയിരുന്നുവെന്നും കൂടോത്രം ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിൽ ആയിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അഭിപ്രായപ്പെട്ടിരുന്നു.

പേരിന്റെ സ്‌പെല്ലിംഗ് മാറ്റിയ

മുൻ മുഖ്യമന്ത്രിമാർ

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടിയും കുറഞ്ഞും പല രീതിയിലും വരും. ന്യൂമറോളജി പ്രകാരം മാതാപിതാക്കൾ ഇട്ട പേരിന്റെ സ്‌പെല്ലിംഗ് മാറ്റുന്നവരും രാഷ്ട്രീയത്തിലുണ്ട്. ജെ. ജയലളിത, ബി.എസ്. യെദിയൂരപ്പ എന്നീ നേതാക്കൾ ഇങ്ങനെ പേരിന്റെ അക്ഷരമാലാക്രമം മാറ്റിയിരുന്നു. യെദിയൂരപ്പ എന്ന പേര് യെദ്യൂരപ്പ എന്ന് ചുരുക്കി. ജയലളിത തന്റെ പേരിൽ ഒരു എ കൂടി കൂട്ടിച്ചേർത്ത് ജയലളിതാ എന്ന് മാറ്റി. പ്രത്യേകിച്ച് ഫലസിദ്ധി ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ലെങ്കിലും ഇത്തരം വിശ്വാസം ആളുകൾക്കിടയിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.


Source link
Exit mobile version